പത്തനാപുരം: പത്തനാപുരം പട്ടണത്തിൽ തെരുവുനായ്ക്കളുടെ ആക്രമണം പതിവാകുന്നു. സെൻട്രൽ ജങ്ഷനിൽ കഴിഞ്ഞദിവസം വഴിയാത്രക്കാരെ പേപ്പട്ടി കടിച്ചതാണ് ഒടുവിലത്തെ സംഭവം. കടിയേറ്റ അഞ്ചുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
കെ.എസ്.ആർ.ടി.സി.ഡിപ്പോ, തടി ഡിപ്പോ, മാർക്കറ്റ് എന്നിവിടങ്ങൾ തെരുവുനായ്ക്കളുടെ കേന്ദ്രമാണ്. അടുത്തിടെ ബസ് ഡിപ്പോയിൽ വിവിധ ദിവസങ്ങളിലായി ഒട്ടേറെ യാത്രക്കാർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു. നിർത്തിയിട്ടിരിക്കുന്ന ബസുകൾക്ക് അടിയിൽ നായ്ക്കൂട്ടങ്ങൾ പതിവുകാഴ്ചയാണ്.
നിർമാണം നടക്കുന്ന ഷോപ്പിങ് മാളിലും പരിസരത്തുമുള്ള തെരുവുനായ്ക്കൾ രാത്രിയായാൽ പ്രധാന റോഡുകളിലേക്കിറങ്ങും. ഒറ്റയ്ക്കു വരുന്നവരെ ആക്രമിക്കുകയാണ് പതിവ്. പുനലൂർ-മൂവാറ്റുപുഴ, കുന്നിക്കോട്-പത്തനാപുരം പാതകളിൽ രാത്രിയിൽ ഗതാഗതം കുറയുമ്പോൾ നടുറോഡിലാണ് ഇവ കിടക്കുന്നത്.
രാത്രിയിൽ പട്ടണത്തിൽ വന്നിറങ്ങുന്ന യാത്രക്കാരുടെ പ്രധാന ഭീഷണിയാണ് തെരുവുനായ്ക്കൾ. പുലർച്ചെ പത്രവിതരണത്തിന് ഇറങ്ങുന്നവർക്കും തെരുവുനായ്ക്കൾ ശല്യമാണ്. മാർക്കറ്റിലൂടെ പ്രധാന പാതയിൽ എത്തുന്ന വഴിയിലൂടെ രാത്രിയിൽ യാത്രചെയ്താൽ തെരുവുനായ്ക്കളുടെ കടി ഉറപ്പ്. മാലിന്യക്കൂനകളിൽ വിഹരിക്കുന്ന നായ്ക്കൾ യാത്രക്കാരെ കൂട്ടത്തോടെ ആക്രമിക്കും.
രാത്രിയിൽ തെരുവിലിറങ്ങുന്ന നായ്ക്കൂട്ടങ്ങൾ ഭയപ്പെടുത്തുന്ന കാഴ്ചയാണെന്ന് വ്യാപാരികൾ പറഞ്ഞു. കല്ലുംകടവുമുതൽ പള്ളിമുക്കുവരെയുള്ള പാതയിൽ മിക്കയിടത്തും കടിപിടികൂടുന്ന തെരുനായ്ക്കളെ കാണാം. നാട്ടുകാരല്ലാത്തവർക്ക് കടിയേറ്റാൽ അധികമാരും അറിയാറില്ല. അവരുടെ നാട്ടിലെത്തി ചികിത്സിക്കുകയാണ് പതിവ്.
മുമ്പ് പരാതി ശക്തമായപ്പോൾ ഗ്രാമപ്പഞ്ചായത്ത് മുൻകൈയെടുത്ത് തെരുവുനായ്ക്കൾക്ക് വന്ധ്യംകരണം നടപ്പാക്കിയിരുന്നു. എന്നാൽ വർഷങ്ങളായി ഗ്രാമപ്പഞ്ചായത്തിന്റെ തെരുവുനായനിർമാർജ്ജന പരിപാടി നിലച്ചമട്ടാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group