ബാലരാമപുരം : വർഷങ്ങളായി കുണ്ടുംകുഴിയുമായിക്കിടന്ന തേമ്പാമുട്ടം-റസൽപുരം റോഡിന്റെ നവീകരണം ആരംഭിച്ചു. റോഡിൽ ചല്ലി നിരത്തിയുള്ള ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
ഒരുവർഷം മുൻപാണ് റോഡ് നവീകരിക്കുന്നതിനു നിർമാണസാമഗ്രികൾ പാതയോരത്തു കൊണ്ടുവന്നിട്ടത്. നിർമാണസാമഗ്രികൾ എത്തിച്ചെങ്കിലും പണി ആരംഭിക്കാതെവന്നത് നാട്ടുകാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. കുഴികളിൽ കയറാതെ വാഹനങ്ങൾ ഒഴിച്ചുകൊണ്ടുപോകുന്നതിനു പാതയോരത്ത് നിക്ഷേപിച്ചിരുന്ന സാധനങ്ങൾ വലിയ തടസ്സമായിരുന്നു. രാത്രിയിൽ ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവായി.
ദേശീയപാത വിഭാഗത്തിനാണ് റോഡ് നവീകരണത്തിന്റെ ചുമതല. ആഴ്ചകൾക്കുമുൻപ് പാതയോരത്ത് കൊണ്ടിട്ട നിർമാണസാമഗ്രികൾ കൊണ്ടുപോകാൻ ശ്രമിച്ചത് നാട്ടുകാരും പഞ്ചായത്തംഗവും ചേർന്ന് തടഞ്ഞിരുന്നു. റോഡ് നവീകരണത്തിനായി കൊണ്ടിട്ട സാധനങ്ങൾ കൊണ്ടുപോകാനാവില്ലെന്നും അടിയന്തരമായി റോഡ് നവീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെട്ടത്. തുടർന്ന് അധികൃതരെത്തി റോഡ് നവീകരണം ആരംഭിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകുകയും സാധനങ്ങൾ കൊണ്ടുപോകുന്നതിൽനിന്ന് അധികൃതർ പിന്മാറുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞദിവസം റോഡ് നവീകരണം ആരംഭിച്ചത്. വെള്ളക്കെട്ടുള്ള പ്രദേശമായതുകാരണം റോഡിൽ ഉയരത്തിൽ ചല്ലിനിരത്തിയശേഷമേ ടാറിടൽ ഉൾപ്പെടെയുള്ള ജോലികൾ ആരംഭിക്കാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group