നേരം വെളുത്തപ്പോൾ പുത്തൂർ ക്ലീൻ !

നേരം വെളുത്തപ്പോൾ പുത്തൂർ ക്ലീൻ !
നേരം വെളുത്തപ്പോൾ പുത്തൂർ ക്ലീൻ !
Share  
2024 Oct 16, 07:03 AM


ഒതുക്കുങ്ങൽ : പുത്തൂർ-ചെനയ്ക്കൽ ബൈപ്പാസിൽ റോഡ് കൈയേറി പ്രവർത്തിച്ചിരുന്ന അനധികൃത കച്ചവടകേന്ദ്രങ്ങൾ കളക്ടറുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റി. ചൊവ്വാഴ്ച പുലർച്ചെ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് നടപടികൾ സ്വീകരിച്ചത്.


പുത്തൂർ ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന മീൻമാർക്കറ്റിൽനിന്നുള്ള മലിനജലം തൊട്ടടുത്ത കോളനിയിലേക്കുള്ള കുടിവെള്ളപദ്ധതിയുടെ കിണർ മലിനമാക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു. നിരവധിതവണ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെത്തുടർന്ന് കോളനി നിവാസികൾ പട്ടികജാതി കമ്മിഷനെ സമീപിക്കുകയായിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന മീൻമാർക്കറ്റ് പൊളിച്ചുമാറ്റി നടപടി സ്വീകരിക്കാൻ പട്ടികജാതി കമ്മിഷൻ കളക്ടർക്ക് നിർദേശം നൽകിയതോടെയാണ് നടപടി.


ഒതുക്കുങ്ങൽ പഞ്ചായത്ത് പരിധിയിൽ ബൈപ്പാസിന്റെ ഇരുവശങ്ങളിലുമായി റോഡ് കൈയേറി നിർമിച്ച കടകൾ വാഹനയാത്രക്കാർക്കും നടന്നുപോകുന്നവർക്കും അപകടഭീഷണി ഉയർത്തുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. അനധികൃത കടകൾ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നിരവധിതവണ കച്ചവടക്കാർക്ക് ഒതുക്കുങ്ങൽ പഞ്ചായത്തും റവന്യൂവകുപ്പും നോട്ടീസ് നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല. ബൈപ്പാസിന്റെ പകുതിഭാഗം കോട്ടയ്ക്കൽ നഗരസഭാ പരിധിയിലായതിനാൽ അവിടെയുള്ള കച്ചവടക്കാർക്ക് പൊളിച്ചുമാറ്റുന്നതിന് നോട്ടീസ് നൽകാൻ നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകുമെന്ന് റവന്യുവകുപ്പ്‌ അധികൃതർ പറഞ്ഞു.


അസിസ്റ്റൻറ് കളക്ടർ വി.എം. ആര്യ, തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ്‌ബാബു, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെ.ടി. ഹക്കിം, മലപ്പുറം ഡിവൈ.എസ്.പി. ടി.എസ്. സിനോജ്, ഒതുക്കുങ്ങൽ പഞ്ചായത്ത് സെക്രട്ടറി വി.ആർ. ബിന്ദു, വില്ലേജ് ഓഫീസർ ജുനൈദ് കിളിയമണ്ണിൽ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്.


എല്ലാം രഹസ്യമായി


രണ്ടുതവണ ബൈപ്പാസിലെ കൈയേറ്റമൊഴിപ്പിക്കാൻ ഒതുക്കുങ്ങൽ പഞ്ചായത്തധികൃതർ ശ്രമിച്ചിരുന്നെങ്കിലും കച്ചവടക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെക്കേണ്ടിവന്നിരുന്നു. ഇത്തവണ അവസാന നിമിഷംവരെ രഹസ്യം ചോരാതെ സൂക്ഷിച്ചതോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനായി.


കച്ചവടക്കാർക്ക് പ്രതിഷേധിക്കാൻപോലും അവസരം നൽകാതെയാണ് നേരം പുലർന്നപ്പോഴേക്കും കളക്ടർ വി.ആർ. വിനോദ് നേരിട്ടെത്തി നടപടികൾ പൂർത്തിയാക്കിയത്.


പ്രതിഷേധിച്ചു


പുത്തൂർ ബൈപ്പാസിലെ തെരുവുകച്ചവടങ്ങൾ പൊളിച്ചുമാറ്റിയതിൽ വഴിയോരക്കച്ചവട തൊഴിലാളി യുണിയൻ-സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇ.ആർ. രാജേഷ്, രഞ്ജിത്ത്, വി.എം. ഷാജി എന്നിവർ പ്രസംഗിച്ചു.


വൈകുന്നേരം വീണ്ടും മീൻകച്ചവടം


ഒതുക്കുങ്ങൽ : കളക്ടറുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ ഒഴിപ്പിച്ച പുത്തൂർ ജങ്ഷനിൽ വീണ്ടും മീൻകച്ചവടം. വൈകുന്നേരം രണ്ടു വാഹനങ്ങളിലായാണ് റോഡരികിൽ കച്ചവടക്കാർ വില്പന നടത്തിയത്. വിഷയം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ കളക്ടറെ വിവരം അറിയിച്ചതിനെത്തുടർന്ന് കോട്ടയ്ക്കൽ എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. കച്ചവടവാഹനങ്ങൾ നീക്കംചെയ്യണമെന്ന് നിർദ്ദേശം നൽകിയെങ്കിലും കച്ചവടക്കാർ തയ്യാറായില്ല.


പോലീസിനെതിരേ തട്ടിക്കയറിയതിന് മീൻകച്ചവടം നടത്തിയിരുന്ന കല്പകഞ്ചേരി സ്വദേശി കുറുക്കോളി അബ്ദുൾ മുനീഫ് (29), രണ്ടത്താണി കണിയത്തൊടി ഷേക്ക് ഷാറൂക്ക് യൂസഫ് (26) എന്നിവർക്കെതിരേ കോട്ടയ്ക്കൽ പോലീസ് കേസെടുത്തു.


ബുധനാഴ്ച രാവിലെ ഒതുക്കുങ്ങൽ പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം കളക്ടർക്ക് പരാതി നൽകുമെന്ന് ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ പറഞ്ഞു.


SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan