കോവളം : സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്ത് സ്ഥിരം അദാലത്ത് വെങ്ങാനൂർ പഞ്ചായത്തിൽ തുടങ്ങി. പഞ്ചായത്ത് പരിധിയിലുള്ള 20 വാർഡുകളിലുള്ള സിവിലും ക്രിമിനലും അടക്കമുള്ള തർക്കങ്ങളും കുടുംബപ്രശ്നങ്ങളുമടക്കം പരിഹരിക്കുന്നതിനുള്ള സ്ഥിരം അദാലത്ത് സംവിധാനമാണ് ശനിയാഴ്ച തുടങ്ങിയത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും പഞ്ചായത്തും സംയുക്തമായാണ് ഇത് നടപ്പിലാക്കുന്നത്.
വെങ്ങാനൂരിൽ നടന്ന പരിപാടി ഹൈക്കോടതി സീനിയർ ജഡ്‌ജും കേരള ലീഗൽ സർവീസ് അതോറിറ്റി എക്‌സിക്യുട്ടീവ് ചെയർമാനുമായ ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്തു. കോടതിയെയോ പോലീസിനെയോ സമീപിക്കാതെയും കേസ് നടത്തിപ്പിനുള്ള പണച്ചെലവ് ഒഴിവാക്കാനും കഴിയുന്നതാണ് സ്ഥിരം അദാലത്ത് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമക്കോടതി ഗാന്ധിയൻ പ്രശ്നപരിഹാര ഫോറം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മുൻ ഹൈക്കോടതി ജഡ്ജിയും ഗാന്ധിസ്മാരകനിധി ഉപദേശകസമിതി അധ്യക്ഷനുമായ എം.ആർ.ഹരിഹരൻ നായർ പങ്കെടുത്തു. തുടർന്ന് ഉച്ചയ്ക്കുശേഷം സംഘടിപ്പിച്ച അദാലത്തിൽ നിരവധി പരാതികൾക്ക് പരിഹാരം കാണാൻ കഴിഞ്ഞുവെന്ന് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ പറഞ്ഞു.
എല്ലാ മാസവും ആദ്യ ശനിയാഴ്ചയാവും അദാലത്ത് സംഘടിപ്പിക്കുക.
ഗാന്ധിസ്മാരകനിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അധ്യക്ഷനായി. ഡോ. ശശി തരൂർ എം.പി., പ്രിൻസിപ്പിൽ ജില്ലാ സെഷൻസ് ജഡ്ജും തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി ചെയർമാനുമായ പി.വി.ബാലകൃഷ്ണൻ, അഡീഷണൽ ജില്ലാ ജഡ്ജിയും ടി.എൽ.എസ്.എ. ചെയർമാനുമായ എം.എ.ബഷീർ, സീനിയർ സിവിൽ ജഡ്ജും ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ എസ്.ഷംനാഥ്, സിറ്റി പോലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ, വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ, വൈസ് പ്രസിഡന്റ് എസ്.ചിത്രലേഖ, സെക്രട്ടറി ആർ.ടി.ബിജുകുമാർ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി, തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group