കോഴിക്കോട്∙ വൻകിട നഗരങ്ങളിലേതു പോലെ നമ്മുടെ ജില്ലയിലും പാചകവാതകം പൈപ്പ് വഴി വീടുകളിലേക്ക് എത്താൻ തുടങ്ങുന്നു. സിറ്റി ഗ്യാസ് പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ കോഴിക്കോട്, വയനാട് ജില്ലകളിൽ പുരോഗമിക്കുകയാണ്. 2 ജില്ലകളിലുമായി 24 സിഎൻജി സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 3 എണ്ണം വയനാട്ടിലും 21 എണ്ണം കോഴിക്കോട്ടുമാണ്. ജില്ലയിൽ ഉണ്ണികുളം, പനങ്ങാട്, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കിഴക്കോത്ത്, കാക്കൂർ തുടങ്ങിയ പഞ്ചായത്തുകളിൽ പാചകവാതക വിതരണത്തിനുള്ള പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി 480 കിലോമീറ്റർ എംഡിപിഇ പൈപ്‌ലൈൻ സ്ഥാപിച്ചു കഴിഞ്ഞു. ഇതിലൂടെ 3500 വീടുകളിൽ വാതകവിതരണം തുടങ്ങി. 18000 വീടുകളിൽ പാചകവാതകം വിതരണത്തിനുള്ള റജിസ്ട്രേഷനും പൂർത്തിയായി.
ചെറുവണ്ണൂർ, വടകര, ചേളന്നൂർ എന്നിവിടങ്ങളിലും വയനാട്ടിലെ മീനങ്ങാടിയിലും വാതക വിതരണം ഒരു മാസത്തിനകം ആരംഭിക്കും. പതിമംഗലം, പയ്യോളി, അത്തോളി, വൈത്തിരി എന്നിവിടങ്ങളിൽ സ്റ്റേഷൻ പ്രവൃത്തി പുരോഗമിക്കുകയാണ്. തിരുവമ്പാടി, കൂരാച്ചുണ്ട്, കൊയിലാണ്ടി, മുക്കം, എടച്ചേരി എന്നിവിടങ്ങളിൽ നിർമാണം ഉടൻ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
കോർപറേഷൻ പരിധിയിൽ 32 കിലോമീറ്റർ പൈപ്പ്
കോഴിക്കോട്∙ പാചകവാതക വിതരണത്തിനുള്ള നിർമാണ പ്രവൃത്തികൾ കോർപറേഷൻ പ്രദേശത്തും സജീവമായി നടന്നുവരികയാണ്. സ്റ്റീൽ പൈപ്പിടൽ പ്രവൃത്തി ഇതുവരെ 60 കിലോമീറ്റർ പൂർത്തിയായി. ഇതിൽ 32 കിലോമീറ്റർ പൈപ്പ് കോർപറേഷൻ പരിധിയിലാണ്. വരട്ടിയാക്കൽ വരെ അടുത്തയാഴ്ച ഗ്യാസ് ഇൻ ചെയ്യുന്നതോടെ ആകെ 26 കിലോമീറ്റർ കമ്മിഷൻ ചെയ്യും.
പൈപ്പിടാൻ ബാക്കിയുണ്ടായിരുന്ന വരട്ടിയാക്കൽ മുതൽ മിൽമ വഴി സിഡബ്ല്യൂആർഡിഎം വരെ റോഡ് പൊളിക്കാനുള്ള അനുവാദം പൊതുമരാമത്തു വകുപ്പിൽനിന്നു ലഭിക്കേണ്ടതുണ്ട്. ഇതോടെ കമ്മിഷനിങ് ചെയ്ത പൈപ്പ് ലൈൻ കോർപറേഷനിലെ പൈപ്പുകളുമായി ബന്ധിപ്പിക്കാൻ കഴിയും.
കോർപറേഷൻ ഏരിയയിൽ പൈപ്പിടൽ പ്രവൃത്തി പൂർത്തിയായ സ്ഥലങ്ങളിൽ റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായും അധികൃതർ പറഞ്ഞു.നഗരപ്രദേശത്ത് പാചകവാതകം വിതരണം ചെയ്യുന്നതിനു വിവിധ ഭാഗങ്ങളിലായി 6 ഡിആർഎസുകൾ സ്ഥാപിക്കുന്നതിനുള്ള ഭൂമി കോർപറേഷൻ ലഭ്യമാക്കുമെന്നു ടൗൺ പ്ലാനിങ് വിഭാഗം അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group