വടകര ∙ നടപ്പാതയിൽ നിന്ന് പോസ്റ്റുകൾ എടുത്തു മാറ്റുകയോ വഴിയരികിൽ സ്ഥാപിക്കുകയോ ചെയ്യാത്തതിനാൽ കാൽനട യാത്രക്കാർ ബുദ്ധിമുട്ടുന്നു. നടപ്പാതയിലെ ഇളകിയ ടൈലുകളിൽ കാൽ തട്ടി വീണു വീട്ടമ്മയ്ക്ക് പരുക്കേറ്റ സംഭവം കഴിഞ്ഞ ആഴ്ചയാണ് ഉണ്ടായത്. പോസ്റ്റുകളിൽ തട്ടി വീഴാനുള്ള സാധ്യതയും ഏറെയാണ്.പഴയ ബസ് സ്റ്റാൻഡ് ഭാഗത്തു നിന്ന് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഉള്ള മെയിൻ റോഡിലെ എടോടിയിലെ നടപ്പാതയിലാണ് പഴയ ടെലിഫോൺ പോസ്റ്റുകൾ രണ്ടിടത്ത് വഴിമുടക്കി കിടക്കുന്നത്.
ഇതിന് അടുത്തായി സ്വകാര്യ മൊബൈൽ കമ്പനി കേബിൾ വലിക്കുന്നതിനായി സ്ഥാപിച്ച പോസ്റ്റും ഉണ്ട്. എടോടിയിൽ വാഹനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുള്ള വളവിൽ ആണ് ഉള്ളത്. ബസുകൾ പോലുള്ള വലിയ വാഹനങ്ങൾ ഒടിച്ചെടുക്കാൻ ബുദ്ധിമുട്ട് ഉള്ള ഭാഗമായതിനാൽ വാഹനങ്ങൾ കയറിയിറങ്ങി വളയുകയും ചെയ്തിട്ടുണ്ട്. മഴയിൽ കുടി ചൂടി നടപ്പാത വഴി നടക്കാൻ ഈ പോസ്റ്റുകൾ കാരണം കഴിയുന്നില്ല. ഇരുഭാഗത്തു നിന്നും ആളുകൾ എത്തിയാൽ ഒരാൾ പോകുന്നത് വരെ മറ്റേ ആൾ കാത്തു നിൽക്കുകയും വേണം.
കുട ചെരിച്ചു പിടിച്ചാൽ കൈവരിയിലെ ചെടിയിൽ കൊള്ളും. ചെടി ചട്ടികൾ ഉടയുന്നത് പതിവായ സാഹചര്യത്തിൽ കുട കൊണ്ട് തട്ടാതെ കടന്നു പോകുമ്പോൾ എതിരെ വരുന്ന ആളുകളുടെ ദേഹത്ത് തട്ടുന്ന അവസ്ഥയുമുണ്ട്. നടപ്പാത ഉണ്ടായിട്ടും തിരക്കേറിയ റോഡിൽ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ് ഉള്ളത്. കാൽനട യാത്രയ്ക്ക് വേണ്ടി നിർമിച്ച നടപ്പാതകൾ ടൈൽ പാകി മനോഹരമാക്കിട്ടുണ്ട് എങ്കിലും കാൽനട യാത്രക്കാർക്ക് ദുരിതമായ ഇവ ഇതുവരെ എടുത്തു മാറ്റിയിട്ടില്ല. സ്വകാര്യ മൊബൈൽ കമ്പനി അടുത്ത കാലത്താണ് പോസ്റ്റ് നടപ്പാതയ്ക്ക് അരികിലായി സ്ഥാപിച്ചത്. നടപ്പാത പണിയുന്നവർ ഈ പോസ്റ്റുകൾ ഒഴിവാക്കിയിരുന്നുവെങ്കിൽ ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ല. നടപ്പാതയിൽ എടോടി ഭാഗത്തെ പോസ്റ്റുകൾ എത്രയും വേഗം മാറ്റി കാൽനടയാത്ര സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ദാമു പി.അരൂർ അധികാരികൾക്ക് നിവേദനം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group