കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ തൂങ്ങിമരിച്ചെന്ന വാർത്ത നാടിനെ നടുക്കി. ജോലിഭാരംമൂലമുള്ള സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്ന പ്രചാരണമുണ്ടായതോടെ പ്രതിഷേധമുയർന്നു.
സൗമ്യനായ പോലീസുകാരനായിരുന്നു സുധീഷ്. എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വം. 13 വർഷംമുമ്പാണ് സുധീഷ് പോലീസിൽ ചേർന്നത്. നാലുവർഷം ജനമൈത്രി പോലീസിലായിരുന്നു. ആറുമാസം മുമ്പാണ് നാദാപുരം സ്റ്റേഷനിൽനിന്ന് കുറ്റ്യാടിയിലെത്തിയത്. എല്ലാ ജോലിയും മടിയൊന്നുമില്ലാതെ ചെയ്യുന്ന സുധീഷ് ആത്മഹത്യചെയ്തെന്ന് സഹപ്രവർത്തകർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല .
ജോലിക്കിടെ പുറത്തേക്ക് ഇറങ്ങിപ്പോയ സുധീഷിനെ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾതന്നെ സഹപ്രവർത്തകർ തിരച്ചിൽ തുടങ്ങിയിരുന്നു. പിന്നീട് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സുധീഷ് നടന്നുപോകുന്നത് കണ്ടത്. ഈ തിരച്ചിലിലാണ് വൈകീട്ട് മൃതദേഹം കണ്ടത്.
ഇൻക്വസ്റ്റിന് ആർ.ഡി.ഒ.വരുമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ ആർ.ഡി.ഒ. വരാതെ തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയെന്നാരോപിച്ച് തിങ്കളാഴ്ച രാത്രി മൃതദേഹം കൊണ്ടുപോകുന്ന ആംബുലൻസ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുംചേർന്ന് തടഞ്ഞു. കെ.പി.സി.സി. അംഗം വി.എം. ചന്ദ്രൻ, കുറ്റ്യാടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ രാത്രി 11 മണിയോടെയായിരുന്നു പ്രതിഷേധം. ഡിവൈ.എസ്.പി. റാങ്കിന് മുകളിലുള്ള പോലീസ് ഉദ്യേഗസ്ഥരും സ്ഥലത്തെത്തിയില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയെത്തുടർന്ന് രാത്രി 12 മണിയോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പോസ്റ്റുമോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പൊതുദർശനത്തിനായി കുറ്റ്യാടി പോലീസ് സ്റ്റേഷനിലെത്തിച്ചു. റൂറൽ എസ്.പി. ആർ. കറുപ്പസ്വാമി, നാദാപുരം ഡിവൈ.എസ്.പി. വി.വി. ലതീഷ്‌കുമാർ, പേരാമ്പ്ര ഡിവൈ.എസ്.പി. കുഞ്ഞുമോയീൻകുട്ടി, എന്നിവർക്കൊപ്പം വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും അന്തിമോപചാരമർപ്പിച്ചു. തുടർന്ന് സുധീഷിന് കുറ്റ്യാടിയും ജന്മനാടായ പാതിരിപ്പറ്റയും കണ്ണീരോടെ വിടനൽകി.
(വാർത്ത കടപ്പാട്: മനോരമ ഓൺലൈൻ)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group