വടകര : ചോയ്യോത്ത് ക്ഷേത്രോത്സവത്തിന്റെ ആവേശത്തിന് സാംസ്കാരികപ്പെരുമയുടെ നിറം പകർന്ന് 'പുതിയാപ്പ് ഫെസ്റ്റ്' നാടിന്റെ ഉത്സവമായി മാറുന്നു. ആറുപതിറ്റാണ്ടായി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് രണ്ടുദിവസം മാത്രം കലാപരിപാടികൾ സംഘടിപ്പിച്ചിരുന്ന സ്ഥാനത്ത്, ഇതാദ്യമായാണ് ഏഴുദിവസം നീളുന്ന വിപുലമായ സാംസ്കാരികോത്സവം ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രശസ്തമായ പൂക്കലശം വരവിന് മുന്നോടിയായി ഒരുക്കിയ ഫെസ്റ്റിൽ വൈവിധ്യമാർന്ന കലാപരിപാടികളും വിൽപ്പന സ്റ്റാളുകളും ഭക്ഷ്യമേളയും വിനോദോപാധികളും അണിനിരക്കുന്നുണ്ട്.
പരമ്പരാഗത കലാരൂപങ്ങൾക്കും ആധുനിക കലാവിഷ്കാരങ്ങൾക്കും ഒരുപോലെ ഇടം നൽകുന്ന രീതിയിലാണ് പരിപാടികൾ ആവിഷ്കരിച്ചിട്ടുള്ളത്. നാടകം, നാടൻപാട്ട്, മാജിക് ഷോ, നാട്ടരങ്ങുകൾ, ലൈവ് മ്യൂസിക് ഷോ എന്നിവയ്ക്ക് പുറമെ കുട്ടികൾക്കായി പ്രത്യേക വിനോദപരിപാടികളും സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിപാടികൾ ആസ്വദിക്കാൻ ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. വ്യാഴാഴ്ച പ്രശസ്ത നാടകസമിതിയായ കെ.പി.എ.സി.യുടെ 'അശ്വമേധം' നാടകം അരങ്ങേറും. പി.കെ. സതീശൻ ചെയർമാനും കെ.പി. ജിനീഷ് ജനറൽ കൺവീനറുമായ സംഘാടകസമിതിയാണ് ഫെസ്റ്റിന് നേതൃത്വം നൽകുന്നത്.
കലാവിരുന്നിനൊപ്പം വൈവിധ്യമാർന്ന രുചിക്കൂട്ടുകളൊരുക്കുന്ന ഫുഡ് കോർട്ടുകളും ഫെസ്റ്റിന്റെ പ്രധാന ആകർഷണമാണ്. തനത് നാടൻ വിഭവങ്ങൾക്കൊപ്പം രാമശ്ശേരി ഇഡ്ഡലി, വനസുന്ദരി ചിക്കൻ തുടങ്ങിയവയാണ് ഭക്ഷ്യമേളയിലെ പ്രധാന താരങ്ങൾ. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യത്യസ്ത രുചികൾ ആസ്വദിക്കാനും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
ക്ഷേത്രോത്സവ ചടങ്ങുകൾക്ക് വ്യാഴാഴ്ച രാവിലെ ഏഴിന് കൊടിയേറ്റത്തോടെ തുടക്കമാകും. തുടർന്ന് വിവിധ വെള്ളാട്ടുകൾ നടക്കും. വെള്ളിയാഴ്ച രാവിലെ എട്ടിന് ചെണ്ടമേളവും വൈകീട്ട് ആറിന് ഗുളികൻ വെള്ളാട്ടും 7.30-ന് കുട്ടിച്ചാത്തൻ വെള്ളാട്ടവും അരങ്ങേറും. രാത്രി 8.30-നാണ് പ്രശസ്തമായ പൂക്കലശം വരവ്. ശനിയാഴ്ച രാവിലെ മുതൽ നടക്കുന്ന തിറയാട്ടങ്ങൾക്ക് ശേഷം വൈകീട്ട് മൂന്നിന് നടയടയ്ക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















