പന്തലായനിയിൽ അടിപ്പാത വേണം; പൊതുമരാമത്ത് സെക്രട്ടറിക്ക് കളക്ടറുടെ ശുപാർശ

പന്തലായനിയിൽ അടിപ്പാത വേണം; പൊതുമരാമത്ത് സെക്രട്ടറിക്ക് കളക്ടറുടെ ശുപാർശ
പന്തലായനിയിൽ അടിപ്പാത വേണം; പൊതുമരാമത്ത് സെക്രട്ടറിക്ക് കളക്ടറുടെ ശുപാർശ
Share  
എഴുത്ത്

News desk

2026 Nov 26, 08:50 AM

കൊയിലാണ്ടി : നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതാ ബൈപ്പാസിൽ പന്തലായനി മേഖലയിലെ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും പരിഹാരമായി വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന അടിപ്പാത നിർമിക്കണമെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി. പന്തലായനി റോഡിനെയും വിയ്യൂർ റോഡിനെയും ബന്ധിപ്പിക്കുന്ന വിധത്തിൽ അണ്ടർപാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കളക്ടർ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. നവംബർ 18-നാണ് ശുപാർശ സമർപ്പിച്ചത്.


​നിലവിൽ പന്തലായനി-അമ്പ്രമോളി-കാട്ടുവയൽ റോഡിൽ ഒരുക്കിയിട്ടുള്ള ബോക്‌സ് കൾവെർട്ട് ഗതാഗതത്തിന് തീർത്തും അപര്യാപ്തമാണെന്ന് കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രേഖകളിൽ അഞ്ച് മീറ്റർ വീതിയും നാല് മീറ്റർ ഉയരവുമുണ്ടെന്ന് പറയുമ്പോഴും, യാഥാർത്ഥ്യത്തിൽ മൂന്ന് മീറ്ററോളം മാത്രമേ ഇതിന് ഉയരമുള്ളൂവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ഒരേസമയം രണ്ട് വലിയ വാഹനങ്ങൾക്ക് ഇതിലൂടെ കടന്നുപോകാനാവില്ല. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ എന്ന് മോട്ടോർ വാഹന വകുപ്പും റിപ്പോർട്ട് നൽകിയിട്ടുണ്ട്.


​അടിയന്തര ഘട്ടങ്ങളിൽ അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്കും ആംബുലൻസുകൾക്കും പ്രദേശത്തേക്ക് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. മേപ്പയ്യൂർ-കൊല്ലം റോഡിലെ അണ്ടർപാസിനും മുത്താമ്പി റോഡിലെ അണ്ടർപാസിനും ഇടയിലുള്ള 2.3 കിലോമീറ്റർ ദൂരത്തിൽ ഈയൊരു ചെറിയ കൾവെർട്ട് മാത്രമാണുള്ളത്. ഇതുമൂലം വലിയ വാഹനങ്ങൾ കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയാണ്. കൂടാതെ നടേരിപ്പാലം യാഥാർത്ഥ്യമാകുന്നതോടെ അരിക്കുളം, കീഴരിയൂർ, നടേരി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ബൈപ്പാസിലേക്ക് പ്രവേശിക്കാനും, പന്തലായനി-വിയ്യൂർ മേഖലകളിലുള്ളവർക്ക് സിവിൽ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് എത്താനും അടിപ്പാത അനിവാര്യമാണ്.


​നവംബർ ആറിന് നടന്ന യോഗത്തിൽ നാട്ടുകാർ നൽകിയ നിവേദനങ്ങളുടെയും, സമരപ്പന്തൽ സന്ദർശിച്ച വടകര സബ് കളക്ടർ പി.പി. അർച്ചനയുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് കളക്ടർ ശുപാർശ തയ്യാറാക്കിയത്. ദേശീയപാതാ നിർമാണത്തിന്റെ സംസ്ഥാനതല ചീഫ് കോഡിനേറ്ററായ ചീഫ് സെക്രട്ടറിക്ക് പൊതുമരാമത്ത് സെക്രട്ടറി ഈ റിപ്പോർട്ട് കൈമാറും. വിഷയത്തിൽ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച തിരുവനന്തപുരത്തെത്തി നേരിട്ട് ഇടപെടുമെന്നും കെ. പ്രവീൺകുമാർ എം.എൽ.എ. അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.


​അതേസമയം, അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് പന്തലായനി-വിയ്യൂർ റോഡിൽ പ്രദേശവാസികൾ നടത്തുന്ന ജനകീയ സമരം 53-ാം ദിവസത്തിലേക്ക് കടന്നു. സമരത്തെത്തുടർന്ന് കൊല്ലം കുന്നോറമല ഭാഗത്തെ റോഡ് നിർമാണ പ്രവൃത്തികൾ തടസ്സപ്പെട്ടിരിക്കുകയാണ്.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur