കാരശ്ശേരി: നിർമിച്ച് മുപ്പതാണ്ട് കഴിഞ്ഞിട്ടും ഷട്ടർ സ്ഥാപിക്കാനാവാതെ കാരമൂല തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്. വെള്ളം തടഞ്ഞുനിർത്തി സംഭരിക്കാനുള്ള ഷട്ടർ സ്ഥാപിക്കുന്നതൊഴികെ പദ്ധതിയുടെ മുഴുവൻ പണിയും തീർന്നിട്ട് മൂന്നു പതിറ്റാണ്ട് പിന്നിട്ടു. പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ലക്ഷങ്ങൾ മുടക്കി നടപ്പാക്കിയ പദ്ധതിയാണ് അധികൃതരുടെ അവഗണനമൂലം ഫലം കാണാതെ കിടക്കുന്നത്. മാറിമാറി വന്ന സർക്കാരുകൾക്ക് മുന്നിൽ നാട്ടുകാർ സമർപ്പിച്ച പരാതികളെല്ലാം ഫലം കണ്ടില്ല. മാതൃഭൂമി ഈ വാർത്ത റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അന്നത്തെ എം.എൽ.എ. ലിന്റോ ജോസഫ് നവകേരളസദസ്സിൽ വിഷയം അവതരിപ്പിച്ചതിനെത്തുടർന്ന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും, പദ്ധതികളുടെ എണ്ണം കൂടിയതിന്റെ പേരിൽ ഈ പദ്ധതി ഒഴിവാക്കപ്പെടുകയായിരുന്നു.
തുടർന്ന് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ചെറുകിട ജലസേചനവകുപ്പിൽനിന്ന് 74 ലക്ഷം രൂപ അനുവദിച്ചതായും പ്രവൃത്തി ഉടൻ തുടങ്ങുമെന്നും അറിയിപ്പുണ്ടായി. ഇതിന്റെ ഭാഗമായി ഷട്ടർ സ്ഥാപിക്കാൻ പുഴയിൽ നേരെയുണ്ടായിരുന്ന കോൺക്രീറ്റ് തൂണുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തതല്ലാതെ പിന്നീട് ഇന്നുവരെ യാതൊരുവിധ തുടർനടപടിയും ഉണ്ടായില്ല. മാത്യു ടി. തോമസ് ജലസേചനവകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽ ചെറുപുഴയുടെ തോട്ടക്കടവിൽ ഈ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചത്. വേനലിലും മഴക്കാലത്തും പ്രദേശത്തുണ്ടാകുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. കുടിവെള്ള പദ്ധതികളുടെ കിണറുകളിൽ വെള്ളം ലഭ്യമാക്കാൻ പുഴയിൽ വെള്ളം തടഞ്ഞുനിർത്തേണ്ട ഷട്ടർമാത്രം ഇതുവരെ നിർമിക്കാൻ കഴിഞ്ഞിട്ടില്ല. 'ആനയെ വാങ്ങിയിട്ട് തോട്ടി വാങ്ങാൻ കഴിയാത്ത സ്ഥിതി'യിലാണ് കാര്യങ്ങൾ.
വെള്ളക്ഷാമം രൂക്ഷമായതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ആവശ്യപ്പെട്ട് നാട്ടുകാർ ബോർഡ് സ്ഥാപിച്ച് പ്രതിഷേധമറിയിച്ചിരുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ കൽപ്പൂര്, കൊട്ടാരപ്പറ്റ, പട്ടോത്ത്, കോവിലകത്തുംകടവ്, കാരശ്ശേരി പഞ്ചായത്തിലെ കാരമൂല, തോട്ടക്കടവ്, ആറാംബ്ലോക്ക്, മാങ്കുന്ന് തുടങ്ങിയ ഭാഗങ്ങളിലെ കുടിവെള്ളവിതരണ പദ്ധതികളുടെ കിണറുകളെല്ലാം ഈ പുഴയെയാണ് ആശ്രയിക്കുന്നത്. മഴക്കാലം കഴിഞ്ഞാൽ ഉടൻ വറ്റിവരളുന്ന ചെറുപുഴയിലെ ജലക്ഷാമം പരിഹരിക്കാൻ ഓരോ വേനലിലും തടയണകൾ നിർമിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകണമെങ്കിൽ റെഗുലേറ്റർ കം ബ്രിഡ്ജിന് അടിയന്തരമായി ഷട്ടർ ഇട്ട് വെള്ളം സംഭരിക്കേണ്ടതുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































