പന്തീരാങ്കാവ്: ദേശീയപാത 66-ൽ അറപ്പുഴയിലെ മൂന്നാമത്തെ പാലത്തിന് ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സർവീസ് റോഡ് പൂർണമായും അടച്ചതോടെ പ്രദേശത്ത് രൂക്ഷമായ യാത്രാദുരിതം. പൂളേങ്കര നമ്പിക്കുളം സ്റ്റോപ്പ് മുതൽ അറപ്പുഴ പാലം വരെയുള്ള ഭാഗത്തെ സർവീസ് റോഡ് കഴിഞ്ഞ രണ്ടാഴ്ച മുൻപാണ് അടച്ചത്. ഇതേത്തുടർന്ന് ഈ വഴി ഓടിയിരുന്ന മെഡിക്കൽകോളേജ് - രാമനാട്ടുകര ബസുകൾ സർവീസ് റോഡ് ഒഴിവാക്കി ദേശീയപാതയിലൂടെ നേരിട്ട് കടന്നുപോകാൻ തുടങ്ങിയതാണ് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയത്.
ബസുകൾ ദേശീയപാത വഴി തിരിച്ചുവിട്ടതോടെ പനമരം, കൊടൽ നടക്കാവ്, വയൽക്കര, അറപ്പുഴ എന്നീ പ്രധാന സ്റ്റോപ്പുകളിലെ യാത്രാസൗകര്യം പൂർണമായും ഇല്ലാതായി. കൊടൽ ഗവ. യു.പി. സ്കൂൾ വിദ്യാർഥികൾ, ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾ, കേരള സിഡ്കോ ടൂൾ റൂം ജീവനക്കാർ, പ്രാദേശികവാസികൾ എന്നിവരാണ് ഇതോടെ വലഞ്ഞത്. ബസ് ലഭിക്കാതെ രണ്ടു കിലോമീറ്ററോളം കാൽനടയായി സഞ്ചരിക്കേണ്ട ദുരിതത്തിലാണ് ഇവർ.
ബസ് കിട്ടാനായി വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദേശീയപാതയുടെ സുരക്ഷാമതിൽ മറികടന്ന് അതിവേഗ പാതയിലേക്ക് ചാടിയിറങ്ങി വാഹനങ്ങളിൽ കയറാൻ ശ്രമിക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഗർഡർ സ്ഥാപിക്കൽ പൂർത്തിയാകാൻ മൂന്ന് മാസത്തിലേറെ സമയമെടുക്കുമെന്നാണ് നിർമാണക്കമ്പനി അറിയിക്കുന്നത്. എന്നാൽ ഇത്രയും കാലം യാത്രക്കാരെ ദുരിതത്തിലാക്കുന്നതിൽ കടുത്ത ജനരോഷമുണ്ട്. യാത്രക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി പകരം യാത്രാസംവിധാനങ്ങളോ താൽക്കാലിക ക്രമീകരണങ്ങളോ ഏർപ്പെടുത്തണമെന്ന് നാട്ടുകാരും സംഘടനകളും ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































