ഫറോക്ക്: ചെറുവണ്ണൂർ മേൽപ്പാലത്തിൽ രണ്ടാംഘട്ട ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സർവത്ര ആശയക്കുഴപ്പം തുടരുന്നു. മേൽപ്പാലത്തിൽ ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അടിയന്തര നിർമാണപ്രവൃത്തികൾ നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം ചൊവ്വാഴ്ച രാത്രി 10 മുതൽ ആറിന് രാത്രി 10 മണിവരെ പൂർണമായും നിരോധിച്ചതായി ജില്ലാ കളക്ടറുടെ ഉത്തരവ് തിങ്കളാഴ്ച വൈകീട്ട് പുറത്തുവന്നിരുന്നു. എന്നാൽ ഗതാഗതനിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട ട്രാഫിക് പോലീസിന് ഇതുവരെ വ്യക്തമായ നിർദേശം ലഭിച്ചിട്ടില്ലാത്തതിനാൽ പാലം അടയ്ക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
കേരള റോഡ് ഫണ്ട് എക്‌സിക്യൂട്ടീവ് കാര്യാലയ വിഭാഗം കളക്ടർക്ക് നൽകിയ കത്തിൽ ആദ്യം മൂന്നിന് റോഡ് അടയ്ക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ കാരണം നാലാം തീയതി രാത്രി പത്തു മുതൽ ആറാം തീയതി രാത്രി പത്തുവരെ റോഡ് അടച്ചിടുന്നതിനായി കളക്ടർ പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് പിന്നീട് അവർ കത്തിലൂടെ ആവശ്യപ്പെട്ടത്. ജില്ലാ പോലീസ് മേധാവിക്കും ഇതിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. ഇതോടെ മേൽപ്പാലത്തിൽ ഗർഡർ സ്ഥാപിക്കുന്നതിന് ചെറുവണ്ണൂർ റോഡ് എന്ന് അടയ്ക്കുമെന്ന് അറിയാത്ത അവസ്ഥയിലായി നാട്ടുകാരും യാത്രക്കാരും ചെറുവണ്ണൂരിലെ വ്യാപാരികളും.
ഒന്നാംഘട്ടത്തിൽ ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 20 മുതൽ ആറു ദിവസം ചെറുവണ്ണൂർ റോഡ് അടച്ചിടാൻ തീരുമാനിച്ചപ്പോൾ ട്രാഫിക്, മോട്ടോർ വാഹനവകുപ്പ്, പോലീസ് അധികാരികളടക്കം സ്ഥലം സന്ദർശിക്കുകയും വിപുലമായ യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. അന്നത്തെപ്പോലെ റോഡ് അടയ്ക്കുന്ന കൃത്യമായ ചിത്രം ദിവസങ്ങൾക്ക് മുൻപുതന്നെ പൊതുജനങ്ങൾക്ക് ലഭിച്ചിരുന്നു. അന്ന് അൻപതോളം പോലീസുകാരെ വിവിധ മേഖലകളിൽ വിന്യസിച്ചാണ് ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടത്. എന്നാൽ രണ്ടാം ഘട്ട റോഡ് അടയ്ക്കുന്ന കാര്യത്തിൽ ഇത്തരം ഏകോപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
ചെറുവണ്ണൂർ റോഡ് അടയ്ക്കണമെങ്കിൽ പന്തീരാങ്കാവ് റോഡിലെ ടാറിങ് പൂർത്തിയാകണമെന്ന നിലപാടാണ് ട്രാഫിക് പോലീസിനുള്ളത്. ചെറുവണ്ണൂർ റോഡ് അടയ്ക്കുന്നതോടെ വാഹനങ്ങൾ ദേശീയപാതയിലൂടെ കടത്തിവിടേണ്ടിവരും. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മാങ്കാവ് വഴിയും അരീക്കാട് വഴിയും വന്നശേഷമാണ് പന്തീരാങ്കാവ് റോഡു വഴി ദേശിയപാതയിലെത്തുക. എന്നാൽ ഈ റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതിനാൽ നിലവിൽത്തന്നെ ഇവിടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ടാറിങ് പൂർത്തീകരിക്കാതെ റോഡ് അടച്ചാൽ മേഖലയിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെടും. കൂടാതെ കടലുണ്ടി വാവുത്സവത്തിന് ചൊവ്വാഴ്ച കൊടിയേറുന്നതും (ഒൻപതിനാണ് വാവുത്സവം) കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന യാത്രക്കാരുടെ യാത്രാപ്രശ്നം ഇരട്ടിയാക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































