വടകര: ഒറ്റമഴ പെയ്യുമ്പോഴെല്ലാം വടകര പുതിയസ്റ്റാൻഡ് പരിസരം വെള്ളത്തിലാകുന്ന പതിവ് ശനിയാഴ്ച പുലർച്ചെ പെയ്ത മഴയിലും ആവർത്തിച്ചു. കനത്ത മഴയ്ക്കൊപ്പം ഓവുചാലുകളിലെ തടസ്സവും കൂടിയായപ്പോൾ നാൽപ്പതോളം കടകളിലാണ് വെള്ളം കയറിയത്. മഴക്കാലം തുടങ്ങിയശേഷം ഈ വർഷം ഇതുവരെ നാലുതവണയാണ് ഇവിടെ വെള്ളക്കെട്ടുണ്ടാകുന്നത്. പുലർച്ചെയായതിനാൽ നിലത്തുവെച്ച സാധനങ്ങളും ഫർണിച്ചറുമെല്ലാം മാറ്റാൻ സാധിക്കാതെ പൂർണ്ണമായി നശിച്ചു.
ശ്രീമണി, പഴയ അൽമ, ജാനകി തുടങ്ങിയ കെട്ടിടസമുച്ചയങ്ങളിലെ താഴത്തെ നിലയിലുള്ള കടകളിലാണ് വെള്ളം കയറിയത്. പി.ജി.കെ. ബേക്കറി, പൂമ്പാറ്റ ഫാൻസി, ശ്രീപാദം ഫുട് വെയർ, ഡേ മാർട്ടിന്റെ അടിവശം, ഫല ഡ്രഗ്സ്, ന്യൂ ലവ്ലി ബേക്കറി, ന്യൂ വടകര മെഡിക്കൽസ്, അപ്പോളോ ഒപ്റ്റിക്കൽസ്, വൈറ്റ് ട്രേഡേഴ്സ്, വിവിധ മൊബൈൽ ഷോപ്പുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായത്. രാവിലെ കട തുറന്നപ്പോൾ അകത്ത് വെള്ളവും ചെളിയും നിറഞ്ഞ നിലയിലായിരുന്നു. പിന്നീട് ഉച്ചയോടെയാണ് ഇവ നീക്കം ചെയ്ത് കടകൾ തുറക്കാനായത്. പുതിയ ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറുവശത്തെ ചില കടകളിലും വെള്ളം കയറിയിട്ടുണ്ട്.
ദേശീയപാതാ നിർമാണത്തെത്തുടർന്ന് കെട്ടിടങ്ങളുടെ മുന്നിലും പിറകിലുമുള്ള ഓവുചാലുകൾ പലയിടത്തും തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ശ്രീമണി കെട്ടിടത്തിന്റെ പിറകിലൂടെയുള്ള ഓവുചാൽ ദേശീയപാത മുറിച്ചുകടന്ന് കരിമ്പനത്തോട്ടിലേക്ക് ചേരുന്ന ഒഴുക്ക് നിലച്ചിരിക്കുകയാണ്. മുന്നിലുള്ള ഓവുചാൽ ദേശീയപാതയിലെ ഓവുചാലുമായി ചേരാത്തതിനാൽ വെള്ളം മുഴുവൻ പുതിയസ്റ്റാൻഡ് പരിസരത്തേക്ക് മറിയുന്നതാണ് വ്യാപാരസ്ഥാപനങ്ങൾക്ക് ഭീഷണിയാകുന്നത്. പുതിയ സ്റ്റാൻഡ് പരിസരത്ത് സുരക്ഷിതമായി കച്ചവടം ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നാരായണനഗരം യൂണിറ്റ് ആവശ്യപ്പെട്ടു.
ഇതിനുപുറമെ ശനിയാഴ്ച പുലർച്ചെയുണ്ടായ മഴയിൽ ജെ.ടി. റോഡിലും രൂക്ഷമായ വെള്ളക്കെട്ടാണുണ്ടായത്. ഇവിടെ ഇക്ര തണൽ ക്ലിനിക്കിനുള്ളിലേക്ക് വെള്ളവും ചെളിയും കയറി വലിയ നാശം സംഭവിച്ചു. ലാബ്, ഫാർമസി എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടുകയും ഫ്രിഡ്ജ്, ഫാൻ, കംപ്യൂട്ടർ, ലാബ് ഉപകരണങ്ങൾ എന്നിവ നശിക്കുകയും ചെയ്തു. ക്ലിനിക്കിന്റെ പ്രവർത്തനം ശനിയാഴ്ച ഉച്ചവരെ മുടങ്ങി. സമീപത്തെ കടകളിലും റെയിലിന് സമീപമുള്ള ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. സംഭവസ്ഥലം നഗരസഭ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം. ഫൈസൽ, വാർഡ് കൗൺസിലർ ബിജുൽ ആയാടത്തിൽ എന്നിവർ സന്ദർശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































