വടകര: വടകര മേഖലയിലെ ദേശീയപാതയിൽ പുതുതായി അനുവദിച്ച ഉയരപ്പാതയുടെ പൈലിങ് പ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുന്നു. പദ്ധതിക്കായി വടകര ബൈപ്പാസ്, ചോറോട്, കൈനാട്ടി എന്നിവിടങ്ങളിലായി ആകെ വേണ്ട 1000 പൈലിങ്ങുകളിൽ 250 എണ്ണത്തിന്റെ നിർമാണം ഒന്നരമാസംകൊണ്ട് പൂർത്തിയായി. വടകര ബൈപ്പാസിലാണ് നിലവിൽ കാൽഭാഗം പൈലിങ് പൂർത്തിയായിട്ടുള്ളത്. ശേഷിക്കുന്നവ വരും മാസങ്ങളിൽ പൂർത്തിയാക്കി ഡിസംബറോടെ മുഴുവൻ പൈലിങ് പ്രവൃത്തികളും അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
വടകര ബൈപ്പാസിൽ പെരുവാട്ടുംതാഴ മുതൽ കരിമ്പനപ്പാലം വരെയുള്ള ഭാഗത്ത് അഞ്ചിടങ്ങളിലാണ് ഉയരപ്പാതയുടെ നീളം കൂട്ടുന്നത്. ആദ്യ ഡി.പി.ആറിൽ മണ്ണിട്ടുയർത്തിയുള്ള (എംബാങ്ക്മെന്റ്) ഉയരപ്പാതയാണ് വിഭാവനം ചെയ്തിരുന്നതെങ്കിലും, മണ്ണ് ദുർബലമായതിനെത്തുടർന്ന് കോൺക്രീറ്റ് തൂണുകളിന്മേലുള്ള പാത (വയഡക്ട്) നിർമിക്കാൻ എൻ.എച്ച്.എ.ഐ. അനുമതി നൽകുകയായിരുന്നു. മണ്ണ് ദുർബലമായ ഇടങ്ങളിൽ നിർമാണം നടത്തുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് ഈ മാറ്റം. നിർമാണ കരാർ അദാനി എന്റർപ്രൈസസിനുതന്നെയാണ് നൽകിയിരിക്കുന്നത്. ഉപകരാറുകാരായി ഗൾഫാർ കൺസ്ട്രക്ഷൻസ് ചുമതലയേറ്റെടുത്തതോടെ പ്രവൃത്തികൾക്ക് വേഗം കൈവന്നിട്ടുണ്ട്.
എട്ട് പൈലിങ് യന്ത്രങ്ങളും മുന്നൂറോളം തൊഴിലാളികളുമാണ് നിലവിൽ വടകരയിൽ നിർമാണത്തിൽ പങ്കാളികളാകുന്നത്. പൈലിങ്ങിനൊപ്പം ഗർഡറുകളുടെ നിർമാണവും സമാന്തരമായി നടക്കുന്നുണ്ട്. നാരായണനഗരം ജങ്ഷനിൽനിന്ന് തെക്കോട്ട് ഏതാണ്ട് 150 മീറ്റർ നീളത്തിൽ പാലം നീട്ടുന്ന പ്രവൃത്തിയിലെ പൈലിങ് പൂർത്തിയായി നാലു തൂണുകളുടെ വാർപ്പും കഴിഞ്ഞു. സമീപത്തായി അൻപതോളം ഗർഡറുകൾ നിർമിച്ചു സൂക്ഷിച്ചിട്ടുണ്ട്. തൂണുകളും പൈൽ ക്യാപുകളും തയ്യാറാകുന്ന മുറയ്ക്ക് ഇവ സ്ഥാപിക്കും.
അടയ്ക്കാത്തെരു ജങ്ഷനും ലിങ്ക് റോഡ് ജങ്ഷനും ഇടയിലുള്ള ഭാഗത്തും അടയ്ക്കാത്തെരുവിലെ പാലത്തിന്റെ വടക്കുഭാഗത്തും പെരുവാട്ടുംതാഴ തെക്കുഭാഗത്തും പൈലിങ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കൈനാട്ടിയിൽ നിലവിലുള്ള മേൽപ്പാലത്തിന്റെ നീളം കൂട്ടുന്നതിനുള്ള പൈലിങ് പ്രവൃത്തികളും ആരംഭിച്ചു കഴിഞ്ഞു. ഇനി കരിമ്പനപ്പാലത്താണ് പൈലിങ് ആരംഭിക്കാനുള്ളത്, ഇവിടെ അതിനു മുന്നോടിയായി മണ്ണുപരിശോധന വേണ്ടിവരും. ചോറോടിലെ അടിപ്പാതയ്ക്ക് സമമായി തൂണിൻമേൽപ്പാത നിർമിക്കുന്ന ഭാഗത്തും പൈലിങ് പ്രവൃത്തികൾ വേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































