കൊയിലാണ്ടി: തീരദേശവാസികളുടെ ചിരകാലസ്വപ്‌നമായ കൊല്ലം ചെറിയതോടിനും കൂത്തംവള്ളി തോടിനും കുറുകേയുള്ള പുതിയ പാലങ്ങളുടെ നിർമാണം പൂർത്തിയായി. ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ 1.16 കോടി രൂപ ചെലവിലാണ് അരയൻകാവ്, കൂത്തംവള്ളി പാലങ്ങൾ നിർമിച്ചതെന്ന് സ്ഥലം കൗൺസിലർ കെ.വി. സുരേഷ് വ്യക്തമാക്കി. പാലങ്ങൾ യാഥാർഥ്യമായതോടെ കൊയിലാണ്ടി ഹാർബർ മുതൽ വടക്ക് കൊല്ലം അങ്ങാടിവരെ എത്തുവാൻ സാധിക്കുന്ന പുതിയ തീരപാതയും യാഥാർഥ്യമായിരിക്കുകയാണ്.
കൊയിലാണ്ടി ഹാർബർ എൻജിനിയറിങ് സബ് ഡിവിഷൻ ഓഫീസിന്റെ മേൽനോട്ടത്തിലാണ് തീരറോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. കടലേറ്റസാധ്യത മുൻകൂട്ടിക്കണ്ട് കോൺക്രീറ്റ് റോഡാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. പുതിയ റോഡ് വന്നതോടുകൂടി കൊല്ലം ബീച്ച് റോഡ് വഴി കൊല്ലം കടപ്പുറം, അരയൻകാവ്, കൂത്തംവള്ളി, ഗുരുകുലം ബീച്ച്, വലിയകത്ത് പള്ളി, മായൻ കടപ്പുറം വഴി നേരിട്ട് കൊയിലാണ്ടി ഹാർബറിലെത്താം. കൊല്ലം, അരയൻകാവ്, ഗുരുകുലം ബീച്ചുകളിലെ മത്സ്യത്തൊഴിലാളികൾക്ക് ദേശീയപാതയിലൂടെ ചുറ്റിപ്പോകാതെ നേരിട്ട് ഹാർബറിലെത്താൻ ഈ പുതിയ പാത ഏറെ സഹായിക്കും. കൂടാതെ, പ്രധാനപാതകളിൽ ഗതാഗത തടസ്സമുണ്ടാകുമ്പോൾ ചെറുവാഹനങ്ങൾക്ക് ഈ തീരറോഡ് സുരക്ഷിതമായ ബദൽപാതയായി ഉപയോഗിക്കുകയും ചെയ്യാം.
ഹാർബറിൽനിന്ന് കാപ്പാട്, മുനമ്പം വഴി കാട്ടിലപീടിക വരെ യാത്ര ചെയ്യാൻ കഴിയുമെങ്കിലും, കാപ്പാട് ഭാഗത്ത് കടലേറ്റത്തിൽ തകർന്ന തീരപാത ഇതുവരെ ഗതാഗതയോഗ്യമായിട്ടില്ല. ഹാർബർ മുതൽ ഏഴുകുടിക്കൽവരെ റോഡ് നവീകരിച്ചിട്ടുണ്ടെങ്കിലും, ഏഴുകുടിക്കൽ മുതൽ കാപ്പാട് വരെയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ ഇവിടത്തെ ഗതാഗതം ദുഷ്‌കരമാണ്.
മുന്നിൽ വരുന്ന കാസർകോട്-തിരുവനന്തപുരം തീരദേശ ഹൈവേ പദ്ധതിക്ക് അനുബന്ധമായാണ് ഇത്തരം റോഡുകൾ വികസിപ്പിക്കുന്നത്. ജില്ലയിൽ കടലുണ്ടിമുതൽ വടകര പൂഴിത്തല വരെ 77 കിലോമീറ്റർ ദൈർഘ്യത്തിലാണ് തീരദേശപാത നിർമിക്കുന്നത്. 15.6 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ തീരദേശപാതയുള്ള ഇടങ്ങളിൽ അതിനോട് ബന്ധിപ്പിച്ചാണ് പുതിയ റോഡുകൾ നിർമിക്കുന്നത്. നിലവിൽ കടലുണ്ടി മുതൽ പൂഴിത്തല വരെ 13 റീച്ചുകളായി തിരിച്ചാണ് തീരദേശ ഹൈവേയ്ക്കുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































