വടകര : വടകര നഗരത്തിൽ പൊതുസ്ഥലത്ത് രണ്ടിടങ്ങളിലായി കക്കൂസ്‌മാലിന്യം തള്ളി. തടയാൻ ശ്രമിച്ചവരെ മാലിന്യം തള്ളിയ വാഹനം ഇടിച്ചുവീഴ്ത്താൻ ശ്രമിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ നമ്പർപ്ലേറ്റില്ലാത്ത ടാങ്കർലോറിയാണ് വടകര ഫയർസ്റ്റേഷന് സമീപവും കോട്ടക്കടവ് റെയിൽവേ ഗേറ്റിനു സമീപവും മാലിന്യംതള്ളിയത്. വടകര ക്വീൻസ് റോഡിലെ വൺ ടൂ ത്രീ മാളിൽനിന്നുള്ള മാലിന്യമാണിതെന്നാണ് സൂചന. വടകര നഗരസഭാ ആരോഗ്യവിഭാഗം സ്ഥലങ്ങളിൽ പരിശോധന നടത്തുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു.
മാലിന്യംതള്ളുന്നത് കണ്ട് നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും വാഹനം പിന്തുടരുകയായിരുന്നു. ഇരുചക്രവാഹനത്തിൽ വാഹനം പിന്തുടർന്ന ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് ടി.ടി. ജനീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം എസ്. രോഹിത് എന്നിവരെ ടാങ്കർ ഇടിപ്പിച്ച് അപകടപ്പെടുത്താൻ ശ്രമിച്ച് കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. ഇതിൽ ജനീഷിന് വീഴ്ചയിൽ പരിക്കേറ്റിട്ടുണ്ട്. തുടർന്ന് തൊണ്ടയാട് ബൈപ്പാസ് വരെ ഇവർ ടാങ്കറിനെ പിന്തുടർന്നുവെങ്കിലും ഇരുചക്രവാഹനത്തിലെ ഇന്ധനം തീർന്നതിനാൽ വാഹനം പിടികൂടാനായില്ല. മറ്റു വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്ന രീതിയിലാണ് ടാങ്കർ പാഞ്ഞത്. പയ്യോളി, കൊയിലാണ്ടി പോലീസ് സ്റ്റേഷനുകളിലും കൺട്രോൾറൂമിലും വിവരമറിയിച്ചെങ്കിലും കൃത്യസമയത്ത് സഹായം ലഭിച്ചില്ലെന്ന പരാതിയുമുണ്ട്.
കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകണം: ഡി.വൈ.എഫ്.ഐ.
ഡി.വൈ.എഫ്.ഐ. ഭാരവാഹികളെ അപായപ്പെടുത്താൻ ശ്രമിക്കുകയും പൊതുസ്ഥലത്ത് മാലിന്യം തള്ളുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു. വിഷയത്തിൽ അധികാരികൾക്കും പോലീസിലും ഡി.വൈ.എഫ്.ഐ. പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃത്യമായ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും സംഘടന വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































