തിരുവമ്പാടി: കനത്തമഴ പെയ്‌താൽ തിരുവമ്പാടി അങ്ങാടി വെള്ളക്കെട്ടിലകപ്പെടുന്നത് വർഷങ്ങളായി തുടരുന്ന വലിയ ദുരിതമാണ്. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഇനിയും അകലെയാണെന്ന് നാട്ടുകാർ പറയുന്നു. ബസ് സ്റ്റാൻഡ്, കൂടരഞ്ഞി റോഡ്, കുരിശുപള്ളി ജങ്ഷൻ എന്നിവിടങ്ങളിലാണ് മഴപെയ്‌തതോടെ രൂക്ഷമായ വെള്ളക്കെട്ടുണ്ടായത്. ഇതോടെ വാഹനങ്ങളും കാൽനടയാത്രക്കാരും ഒരേപോലെ ദുരിതത്തിലായി. പരിസരത്തെ താഴ്ന്നസ്ഥലങ്ങൾ മണ്ണിട്ടുനികത്തിയതാണ് പൊടുന്നനെയുള്ള ഈ വെള്ളക്കെട്ടിന് കാരണമെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. സമീപപ്രദേശങ്ങളിൽനിന്നുള്ള മഴവെള്ളം ടൗണിലേക്ക് കുത്തിയൊലിച്ച് എത്തി തളംകെട്ടിക്കിടക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പെയ്‌ത മഴയിൽ ബസ് സ്റ്റാൻഡിലേക്കും കൂടരഞ്ഞി റോഡിലേക്കും വെള്ളം ഇരച്ചുകയറുകയും ഒട്ടേറെ കടവരാന്തകളിലേക്ക് വെള്ളം പാഞ്ഞെത്തുകയും ചെയ്തു. വാഹനഗതാഗതം മുടങ്ങിയില്ലെങ്കിലും വെള്ളക്കെട്ട് നാട്ടുകാരെ ഏറെ വലച്ചു.
താഴ്ന്നപ്രദേശത്താണ് അങ്ങാടിയും ബസ് സ്റ്റാൻഡും സ്ഥിതിചെയ്യുന്നത്.
നാലുദിക്കുകളിലെ കുന്നിൻഭാഗങ്ങളിൽനിന്നും മഴവെള്ളം കുത്തിയൊലിച്ചെത്തുന്നതിനൊപ്പം കക്കുണ്ട് തോട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽനിന്നും വെള്ളം കുതിച്ചെത്തുന്നതും അങ്ങാടിയിലേക്കാണ്. മാറിമാറിവന്ന പഞ്ചായത്ത് ഭരണസമിതികൾ അഴുക്കുചാലുകൾ നവീകരിക്കുന്നതൊഴിച്ചാൽ, വെള്ളക്കെട്ട് തടയാൻ ശാശ്വതമായ മറ്റ് നടപടികളൊന്നുംതന്നെ സ്വീകരിച്ചിട്ടില്ല. ഭാരിച്ച സാമ്പത്തികബാധ്യതയാണ് ഇതിനുകാരണമായി ചൂണ്ടിക്കാണിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും പുറന്തള്ളുന്ന മലിനജലം സുഗമമായി ഒഴുകിപ്പോകാൻ നിലവിലെ അഴുക്കുചാൽ സംവിധാനം പര്യാപ്തമല്ല. കൈതപ്പൊയിൽ-അഗസ്ത‌്യൻമൂഴി റോഡിന്റെ ഭാഗമായി ഈയിടെ പണിത അഴുക്കുചാലുകളും വെള്ളം പുറത്തേക്കുതള്ളാതെ ഒഴുകിപ്പോകാൻ പര്യാപ്തമല്ലെന്ന് പരാറ്റയുണ്ട്. അഴുക്കുചാലുകളുടെ മുകളിലെ പൈപ്പ് ഗ്രില്ലുകളിൽനിന്നടക്കം വെള്ളം പുറത്തേക്ക് പരന്നൊഴുകുകയാണ്. 2018-ലും 2019-ലും ഉണ്ടായ മഹാപ്രളയത്തിൽ ദിവസങ്ങളോളം വെള്ളത്തിലായിരുന്നു ഈ അങ്ങാടി. അന്ന് വ്യാപാരികൾക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്.
വലിയപദ്ധതികൾ ഫയലിൽത്തന്നെ, പുതിയ മാസ്റ്റർപ്ലാൻ ആവശ്യം ശക്തം
ടൗൺ വികസനത്തിനും വെള്ളക്കെട്ടൊഴിവാക്കാനും മുൻ എം.എൽ.എ. ജോർജ് എം. തോമസ് 3.5 കോടിയുടെ മാസ്റ്റർ പ്ലാൻ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഈ പദ്ധതി എട്ടുവർഷമായി ഫയലിൽറങ്ങി കിടക്കുകയാണ്. പൊതുമരാമത്ത് എ.ഇ.യുടെ നേതൃത്വത്തിൽ സ്വകാര്യ സർവേയറെയും സംഘത്തെയും ഇതിനായി ചുമതലപ്പെടുത്തുകയും, ഒരുമാസത്തോളം പഠനവും സർവേയും നടത്തുകയും ചെയ്തിരുന്നു. ടൗണിൽ അഞ്ചുകലുങ്കുകൾ നിർമിക്കുകയും നിലവിലുള്ളതിന്റെ ശേഷി വർധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു മാസ്റ്റർപ്ലാനിൻ്റെ പ്രധാന ലക്ഷ്യം. എന്നാൽ, ഇത് പ്രഖ്യാപനത്തിലൊതുങ്ങിയതോടെ അടുത്തതായി വന്ന എം.എൽ.എ. ലിൻ്റോ ജോസഫ് അഞ്ചുകോടി രൂപയുടെ പുതിയ മാസ്റ്റർപ്ലാനുമായി രംഗത്തുവന്നു. മഴവെള്ളം അങ്ങാടിയിൽ എത്താതെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചുവിടുന്നതായിരുന്നു ഈ പദ്ധതി. എങ്കിലും, അഞ്ചുവർഷം പിന്നിട്ടിട്ടും ഈ പുതിയ പദ്ധതിയും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































