പുറക്കാട്: തകർന്ന ഗ്രാമീണറോഡുകൾ ഗതാഗതയോഗ്യമാക്കാൻ നടപടിയില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. കുടിവെള്ളപദ്ധതിക്കായി റോഡരിക് കുഴിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചിടത്തുപോലും കൃത്യമായി റീ ടാറിങ് ചെയ്‌തു പൂർവ സ്ഥിതിയിലാക്കിയിട്ടില്ല. പല റോഡുകളുടെയും നവീകരണ പ്രവൃത്തികൾ അനന്തമായി നീളുകയാണ്.
തിക്കോടി ഗ്രാമപ്പഞ്ചായത്തിലെ പുറക്കാട്- പറോളി നട റോഡ് നവീകരിക്കാൻവേണ്ടി കുഴിച്ചുമറിച്ചിട്ട് മാസങ്ങളായിട്ടും ഇതുവരെ ഗതാഗത യോഗ്യമാക്കിയിട്ടില്ല. വർഷങ്ങളായി ഈ റോഡ് പൂർണ്ണമായ അവഗണനയിലാണ്. കൊയിലാണ്ടി നഗരസഭയിലെ കാവുംവട്ടം ഭാഗത്തേക്കുള്ള തടോളിത്താഴ-കാവുംവട്ടം റോഡിൻ്റെ അവസ്ഥയും അതീവ പരിതാപകരമാണ്. കുഴിനിറഞ്ഞ ഈ റോഡിലൂടെ മഴപെയ്‌താൽ കാൽനടയാത്രപോലും ദുസ്സഹമാണ്. റോഡ് ഉയർത്തി പുനരുദ്ധരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.
തടോളിത്താഴെ-കാവുംവട്ടം റോഡിൽ നമ്പൂരികണ്ടി പള്ളിമുതൽ തടോളിതാഴെ മുക്ക് വരെയുള്ള ഭാഗം ടാറിങ് പൂർണമായും തകർന്നിരിക്കുകയാണ്. ചിലയിടങ്ങളിൽ വലിയ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കാൻ ഓവുചാൽ നിർബന്ധമാണെങ്കിലും, നിർമിച്ച ഇടങ്ങളിൽ മാത്രമാണ് റോഡ് തകർപ്പിൽ നിന്നും രക്ഷപെട്ടത്. വയൽഭാഗത്താണ് റോഡ് കൂടുതലായി തകർന്നുകിടക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടേരി ശാഖ യൂത്ത് ലീഗ് കമ്മിറ്റി നഗരസഭാ സെക്രട്ടറിക്ക് പരാതിനൽകിയിട്ടുണ്ട്. മുനിസിപ്പൽ യൂത്ത് ലീഗ് ട്രഷറർ പി.ടി. ഷഹദ്, നടേരി ശാഖ പ്രസിഡന്റ് സുഹൈൽ, ജന. സെക്രട്ടറി ടി. ഷമീർ, ട്രഷറർ പി.പി. അഫ്സൽ, സലാം ഓടക്കൽ എന്നിവരാണ് പരാതി നൽകിയ സംഘത്തിലുണ്ടായിരുന്നത്.
ഇതിനുപുറമെ, പെരുവട്ടൂർ വിയ്യൂർ റോഡ് കുറച്ചുഭാഗംമാത്രമാണ് റീടാർ ചെയ്തു ഗതാഗതയോഗ്യമാക്കിയത്. നടേരിക്കടവ്, കക്കുളം പാടശേഖരം, ഇല്ലത്ത് താഴ ഭാഗങ്ങളിലും റോഡ് തകർന്നുകിടപ്പാണ്. ജലവിതരണപദ്ധതിക്കായി റോഡ് കുഴിച്ചുമറിച്ചതും മിക്കയിടത്തും നേരേയാക്കിയിട്ടില്ല. വിയ്യൂർ കൊടക്കാട്ടുംമുറി മുചുകുന്ന് റോഡും തകർന്നുകിടക്കുകയാണ്. കാലങ്ങളായി ഒരുതരത്തിലുള്ള അറ്റകുറ്റപ്പണിയും ഈ റോഡുകളിലൊന്നും നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































