കൊടുവള്ളി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും നിർമാണ പ്രവർത്തനങ്ങളിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി പി.കെ. ഫിറോസ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെയും അവലോകന യോഗം ചേർന്നു. നടമ്മൽക്കടവ് പാലം, വെളിമണ്ണ പാലം, പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡ് നവീകരണം തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിലവിലെ സ്ഥിതിയാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്.
നടമ്മൽക്കടവ് പാലത്തിന്റെ നിർമാണം വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് എം.എൽ.എ. കശന നിർദേശം നൽകി. കൺഫർമേറ്ററി ബോർഹോൾസ് നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ പാലത്തിന്റെ അടുത്തഘട്ട നിർമാണത്തിലേക്ക് കടക്കാനാകുമെന്നും ഈ നടപടികൾ സമയബദ്ധമായി പൂർത്തിയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയിട്ടുള്ള വെളിമണ്ണ പാലത്തിന് നിലവിലെ തുക പര്യാപ്തമല്ലാത്ത സാഹചര്യത്തിൽ എസ്റ്റിമേറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ യോഗത്തിൽ തീരുമാനമായി. നിർമാണത്തിനാവശ്യമായ സ്ഥലത്തിന്റെ മാർക്കിങ് നടപടികൾ ഉടൻ പൂർത്തിയാക്കാൻ നിർദേശിച്ച എം.എൽ.എ., പദ്ധതിക്ക് കൂടുതൽ തുക അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും യോഗത്തെ അറിയിച്ചു.
പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡ് നവീകരണത്തിന് മുന്നോടിയായി ഭൂമി ലഭ്യമാക്കൽ, കെ.എസ്.ഇ.ബി. പോസ്റ്റുകൾ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. യൂട്ടിലിറ്റി ഷിഫ്റ്റിങ്, ചുറ്റുമതിൽ നിർമാണം, ഡി.ആർ. പ്രവൃത്തികൾ, വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കൽ എന്നിവ സമയബന്ധിതമായി പൂർത്തിയാകുന്നതോടെ റോഡ് നിർമാണം ആരംഭിക്കാനാകുമെന്ന് എം.എൽ.എ. കൂട്ടിച്ചേർത്തു.
യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി. ലൈല, റസീന സിയാലി, സി. സുബൈർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. ഉസ്സയിൻ എന്നിവർക്കൊപ്പം മറ്റ് ജനപ്രതിനിധികളും പൊതുമരാമത്ത്, കെ.ആർ.എഫ്.ബി., യു.എൽ.സി.സി. എന്നീ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































