വടകര: വ്യാപാരകേന്ദ്രമായ വടകര നാരായണനഗറിന് സമീപം സ്ഥിതിചെയ്യുന്ന വടകര നഗരസഭാ എം.സി.എഫ്. കേന്ദ്രത്തിന് രണ്ടാംതവണയും തീപിടിച്ചത് വലിയ ആശങ്ക ഉയർത്തുന്നു. തിരക്കേറിയ സ്ഥലത്ത്, ദേശീയപാതയിൽനിന്ന് അൻപതുമീറ്റർ മാത്രം അകലെയും ഇൻഡോർ സ്റ്റേഡിയത്തിന് തൊട്ടടുത്തുമാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. മുൻപ് മത്സ്യമാർക്കറ്റിനായി നിർമിച്ച കെട്ടിടം പിന്നീട് വിപുലീകരിച്ച് അജൈവമാലിന്യം സൂക്ഷിക്കാനും തരംതിരിക്കാനുമുള്ള കേന്ദ്രമാക്കുകയായിരുന്നു. തീപ്പിടിത്തം തടയാനുള്ള സംവിധാനങ്ങൾ ഇവിടെയുണ്ടെങ്കിലും രാത്രി സമയങ്ങളിൽ തീപിടിച്ചാൽ സ്ഥിതിഗതികൾ അടിയന്തരമായി നിയന്ത്രണാതീതമാകാൻ സാധ്യതയേറെയാണ്.
കേന്ദ്രത്തിന് ചുറ്റുമതിലോ ഗേറ്റോ ഇല്ലാത്തത് സമൂഹവിരുദ്ധർക്കും പുകവലിക്കാർക്കും എളുപ്പത്തിൽ കടന്നുവരാൻ അവസരമൊരുക്കുന്നു. വാഹനപാർക്കിങ് പാടില്ലെന്ന നിബന്ധന ലംഘിച്ച് മുന്നിൽ വാഹനങ്ങൾ നിർത്തിയിടുന്നതും ഭീഷണിയാണ്. കഴിഞ്ഞദിവസത്തെ തീപ്പിടിത്തത്തിന് കാരണം വലിച്ചെറിഞ്ഞ സിഗരറ്റുകുറ്റിയാണെന്ന് സംശയിക്കുന്നു. 7,000 സ്ക്വയർ ഫീറ്റിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിലേക്ക് നഗരസഭയിലെ 48 വാർഡുകളിൽ നിന്നായി പ്രതിദിനം എട്ടുടൺ മാലിന്യമാണ് എത്തുന്നത്. 15 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. നിലവിലെ കേന്ദ്രത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും കൂടുതൽ കേന്ദ്രങ്ങൾ വേണമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ നിർദേശമുണ്ടെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാൽ കേന്ദ്രം മാറ്റാൻ സാധിച്ചിട്ടില്ല.
ഹരിതകർമസേനയുടെ മാലിന്യശേഖരണവും തരംതിരിക്കലും മാതൃകാപരമാണെങ്കിലും ഇവർക്ക് ഭക്ഷണ കഴിക്കാനോ വിശ്രമിക്കാനോ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെയില്ല. അതേസമയം, കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽനിന്ന് അനുവദിച്ച 93 ലക്ഷം രൂപ ഉപയോഗിച്ച് പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഉയരം കൂട്ടുന്നതിനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. മേൽക്കൂര ഉയർത്തുന്നതോടെ കൺവെയർ ബെൽറ്റ് സ്ഥാപിക്കാൻ സാധിക്കും. ഇത് പ്ലാസ്റ്റിക്, ഗ്ലാസ്, പേപ്പർ തുടങ്ങിയ മാലിന്യങ്ങൾ എളുപ്പത്തിൽ വേർതിരിക്കാനും ജീവനക്കാർക്ക് മാലിന്യവുമായുള്ള നേരിട്ടുള്ള സമ്പർക്കം കുറയ്ക്കാനും സഹായിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































