കൊടുവള്ളി: മഴ പെയ്‌താൽ പാലക്കുറ്റി എസ്.ബി.ഐ. ശാഖ മുതൽ പെട്രോൾ പമ്പ്, ആക്കിപ്പൊയിൽ ജുമാമസ്‌ജിദ് വരെയുള്ള ദേശീയപാതയിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്നത് വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ ആവശ്യമായ ശാസ്ത്രീയ ഡ്രെയിനേജ് സംവിധാനമില്ലാത്തതാണ് പ്രധാനകാരണം. നിലവിലുള്ള ഓവുചാലുകളിൽ മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടതോടെ, മഴ പെയ്യുമ്പോൾ വെള്ളം റോഡിലേക്ക് കവിഞ്ഞൊഴുകുകയാണ്. മഴ കുറഞ്ഞശേഷവും റോഡരികിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്.
വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ മേലേക്ക് വെള്ളം തെറിക്കുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടഭീഷണിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. കൂടാതെ, മഴയിൽ ഒഴുകിവരുന്ന കല്ലും മണ്ണും റോഡിന്റെ വശങ്ങളിൽ അടിയുന്നത് മഴക്കാലത്ത് ചെളിശല്യത്തിനും വേനൽക്കാലത്ത് പൊടിശല്യത്തിനും ഇടയാക്കുന്നു. പാലക്കുറ്റിയിലെ വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവയെ ആശ്രയിക്കുന്ന നൂറുകണക്കിന് ആളുകളും ബസ് കാത്തുനിൽക്കുന്നവരും ദിവസേന ഇതിനാൽ വലയുകയാണ്.
വെള്ളക്കെട്ടിനൊപ്പം സുരക്ഷിതമായ നടപ്പാതയുടെ അഭാവവും പ്രദേശത്തെ യാത്രാദുരിതം ഇരട്ടിയാക്കുന്നു. ദേശീയപാതയുടെ ഇരുവശങ്ങളിലും ആവശ്യമായ വീതിയിൽ നടപ്പാതയില്ലാത്തതിനാൽ വിദ്യാർഥികളും വയോധികരും ഉൾപ്പെടെയുള്ളവർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയിലാണ്. ബാങ്കിന് മുന്നിലായി റോഡരികിൽ വാഹനങ്ങൾ നിരനിരയായി പാർക്ക് ചെയ്യുന്നതും കാൽനടയാത്രയെ കൂടുതൽ ദുഷ്കരമാക്കുന്നു. റോഡരികിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ ആളുകൾ കൂടുതൽ റോഡിന് നടുവിലേക്ക് ഇറങ്ങി നടക്കുന്നത് വലിയ അപകടസാധ്യത ഉയർത്തുന്നുണ്ട്.
നിലവിലുള്ള ഓവുചാൽ അടിയന്തരമായി വൃത്തിയാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും, താൽക്കാലിക ശുചീകരണം കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. മഴവെള്ളം കൃത്യമായി ഒഴുകിപ്പോകാൻ തക്കവണ്ണം ശാസ്ത്രീയമായ പുതിയ ഡ്രെയിനേജ് സംവിധാനവും ഇരുവശങ്ങളിലും സുരക്ഷിതമായ നടപ്പാതയും നിർമിക്കണം. ഗതാഗതസുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ റോഡ്, ഡ്രെയിനേജ്, നടപ്പാത എന്നിവയുടെ നിർമാണം ഏകോപിപ്പിച്ച് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































