കല്ലാച്ചി: നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ കല്ലാച്ചി ടൗണിന്റെ നവീകരണ പ്രവൃത്തികൾ അഞ്ചുവർഷം പിന്നിട്ടിട്ടും പൂർത്തിയാകാതെ പാതിവഴിയിൽ നിലച്ചു. 2021-ലെ ബജറ്റിൽ പൊതുമരാമത്ത് വകുപ്പിന്റെ മൂന്നുകോടി രൂപ ചെലവഴിച്ച് ആരംഭിച്ച നവീകരണ നിർമാണങ്ങൾ ഇടയ്ക്കിടെ തുടങ്ങുകയും താമസിയാതെ നിലയ്ക്കുകയും ചെയ്യുന്ന സ്ഥിതിയാണിപ്പോൾ. ഗാലക്സി ഹൈപ്പർമാർക്കറ്റ് മുതൽ എ.സി.സി. സിമന്റ് കടവരെയുള്ള 550 മീറ്റർ ഭാഗത്ത് പുതിയ ഓവുചാൽ, ഇന്റർലോക്ക് പതിച്ച നടപ്പാത, ഹാൻഡ്‌റെയിൽ എന്നിവ നിർമിക്കുന്ന പദ്ധതിയാണ് അനന്തമായി നീണ്ടുപോകുന്നത്.
ഓണത്തിനുശേഷം നവീകരണപ്രവൃത്തി അടിയന്തരമായി പുനരാരംഭിക്കണമെന്ന് എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷിയോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, റോഡ് പണി ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് ഒരാഴ്ചമുൻപ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കടകൾക്കുമുന്നിലെ പടികളും മറ്റ് നിർമാണഭാഗങ്ങളും ചില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും പൊളിച്ചുനീക്കുകയുണ്ടായി. എന്നാൽ ഈ അവശിഷ്ടങ്ങൾ ഇതുവരെ പൂർണമായി നീക്കംചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല.
നടപ്പാതയിൽ കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് റോഡിലൂടെ സഞ്ചരിക്കേണ്ടിവരുന്നത് വലിയ അപകടസാധ്യത ഉയർത്തുന്നുണ്ട്.
കടകൾക്കുമുന്നിൽ മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും കിടക്കുന്നതിനാൽ ഉപഭോക്താക്കൾ എത്തുന്നില്ലെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ വെള്ളമൊഴുകി കടകൾക്കുള്ളിലേക്ക് കയറുന്ന സാഹചര്യവുമുണ്ടായി. അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും പഞ്ചായത്തിൽനിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ടയർ നടപ്പാതയിൽ കയറിയാൽ ഉടൻ പിഴയീടാക്കുന്ന അധികൃതർ, നടപ്പാത കൈയേറി കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്യാൻ നടപടിയെടുക്കാത്തതിലും നാട്ടുകാർ പ്രതിഷേധത്തിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































