കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിൽ തീരദേശ ഹൈവേയ്ക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ നീളുന്നു. ഏറ്റെടുക്കൽ പൂർത്തിയാക്കാൻ രണ്ടോ മൂന്നോ മാസം കൂടി വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കഴിഞ്ഞദിവസം കളക്ടറേറ്റിൽ കെ. ദാസൻ എം.എൽ.എ., കളക്ടർ എം.എസ്. മാധവിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന വികസന അവലോകന യോഗത്തിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ കടലുണ്ടി മുതൽ വടകര പൂഴിത്തല വരെ 77 കിലോമീറ്റർ ദൈർഘ്യത്തിലാണ് 15.6 മീറ്റർ വീതിയിൽ തീരദേശപാത നിർമിക്കുന്നത്. റോഡിന്റെ പടിഞ്ഞാറുഭാഗത്ത് രണ്ടു മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്കും ഇരുവശത്തും 1.8 മീറ്റർ വീതിയിൽ നടപ്പാതയും ബാക്കി 10 മീറ്ററിൽ രണ്ടുവരി പാതയുമാണ് ഒരുക്കുന്നത്.
കടലുണ്ടി മുതൽ പൂഴിത്തല വരെയുള്ള ഭാഗം 13 റീച്ചുകളായാണ് വേർതിരിച്ചിരിക്കുന്നത്. ഇതിൽ കൊളാവിപ്പാലം മുതൽ കോട്ടയ്ക്കൽ വരെയുള്ള റീച്ചിൽ ഭൂമിയേറ്റെടുക്കൽ പൂർത്തിയായി. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ സി.ആർ.സെഡ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവിടെ ടെൻഡർ നടപടികൾ ആരംഭിക്കും.
കോരപ്പുഴ മുതൽ കൊയിലാണ്ടി ഹാർബർ വരെയുള്ള 10 കിലോമീറ്ററിൽ നിലവിലെ പാത വികസിപ്പിച്ചാണ് ഹൈവേ നിർമിക്കുന്നത്. കണ്ണങ്കടവ് മുതൽ ഏഴുകുടിക്കൽ വരെ കല്ലിടൽ പൂർത്തിയായി. പാറപ്പള്ളി മുതൽ മുത്തായം ബീച്ച് വരെയും, മുത്തായം മുതൽ കോടിക്കൽ വരെയും കല്ലിടൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. കോടിക്കൽ-കൊളാവിപ്പാലം, കൊളാവിപ്പാലം-കോട്ടയ്ക്കൽ, പാലം നിർമിക്കുന്ന ഭാഗം എന്നീ റീച്ചുകളിലും ഭൂമിയേറ്റെടുക്കൽ പൂർത്തിയായി. കോട്ടയ്ക്കലിനെയും വടകര സാൻഡ് ബാങ്ക്സിനെയും ബന്ധിപ്പിച്ച് കുഞ്ഞാലിമരക്കാരുടെ സ്മരണാർത്ഥം ഒരു കിലോമീറ്റർ നീളത്തിൽ പാലം നിർമിക്കുന്നുമുണ്ട്.
മറ്റു റീച്ചുകളിലും കല്ലിടലും സാമൂഹികാഘാത പഠനവും പുരോഗമിക്കുകയാണ്. കടലേറ്റ സാധ്യതയുള്ള കാപ്പാട് തുവ്വപ്പാറയ്ക്കും ഏഴുകുടിക്കലിനും ഇടയിൽ നിലവിലെ കടൽഭിത്തിയിൽ നിന്ന് 10 മീറ്ററോളം മാറിയാണ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. തീരദേശ ഹൈവേ പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കില്ലാതെ യാത്രാസൗകര്യവും ഒപ്പം മേഖലയിലെ ടൂറിസം വികസനവും സാധ്യമാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































