വടകര: ലിങ്ക്‌റോഡിലെ ബസ് സ്റ്റാൻഡ് പഴയ സ്റ്റാൻഡിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് വടകരയിൽ ഒരുവിഭാഗം സ്വകാര്യബസുകൾ വീണ്ടും മിന്നൽപ്പണിമുടക്ക് നടത്തി. വടകര-കൊയിലാണ്ടി, വടകര-പയ്യോളി-പേരാമ്പ്ര, കോട്ടക്കൽ, കൊളാവിപ്പാലം എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകളാണ് പണിമുടക്കിയത്. പെട്ടെന്നുള്ള സമരം യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. സ്റ്റാൻഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ പണിമുടക്കാണിത്.
പ്രതിസന്ധി പരിഹരിക്കാൻ വൈകീട്ട് റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി 48 മണിക്കൂറിനുള്ളിൽ വിളിച്ചുചേർത്ത് അന്തിമ തീരുമാനമെടുക്കുമെന്ന് ഉറപ്പുനൽകി. വടകരയിലെ ഗതാഗത സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. കമ്മിറ്റിയുടെ തീരുമാനമുണ്ടാകുന്നതുവരെ ബസുകൾ പഴയ സ്റ്റാൻഡിൽ നിന്ന് തന്നെ സർവീസ് നടത്താൻ എസ്.പി. നിർദേശിച്ചു. പോലീസിന്റെ ഈ നിർദേശം തൊഴിലാളി യൂണിയൻ പ്രതിനിധികളും ബസ്സുടമകളും അംഗീകരിച്ചിട്ടുണ്ട്. രാവിലെ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗം പരാജയപ്പെട്ടതിനെത്തുടർന്നാണ് എസ്.പി. നേരിട്ട് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്.
ചർച്ചയിൽ എം. ബാലകൃഷ്‌ണൻ, എ. സതീശൻ, ഇ. നാരായണൻനായർ, വിനോദ് ചെറിയത്ത്, മടപ്പള്ളി മോഹനൻ, പി. സജീവ് കുമാർ, കെ. പ്രകാശൻ, മജീദ് അറക്കിലാട്, ബാബു നരിപ്പറ്റ, ഇ. പ്രദീപ്‌കുമാർ എന്നിവരും ബസ്സുടമകളെ പ്രതിനിധീകരിച്ച് കുഞ്ഞമ്മദ് സൽവ, എ.പി. ഹരിദാസൻ എന്നിവരും പങ്കെടുത്തു.
നേരത്തെ കഴിഞ്ഞ ബുധനാഴ്‌ചയും ഇതേ വിഷയത്തിൽ ബസ് തൊഴിലാളികൾ മിന്നൽപ്പണിമുടക്ക് നടത്തിയിരുന്നു. മുൻകൂട്ടി അറിയിക്കാതെ സ്റ്റാൻഡ് മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു അത്. തുടർന്ന് സെപ്റ്റംബർ 14-നുള്ളിൽ അന്തിമ തീരുമാനമുണ്ടാക്കാമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ തിങ്കളാഴ്‌ചമുതൽ എല്ലാ ബസുകളും പഴയ സ്റ്റാൻഡിൽനിന്ന് സർവീസ് നടത്തണമെന്ന് ട്രാഫിക് പോലീസ് ശനിയാഴ്ച അറിയിക്കുകയായിരുന്നു. തീരുമാനം ഏകപക്ഷീയമായി നടപ്പാക്കിയാൽ പണിമുടക്കുമെന്ന് സംയുക്ത തൊഴിലാളിയൂണിയൻ വ്യക്തമാക്കിയെങ്കിലും പോലീസ് നിലപാടിൽ ഉറച്ചുനിന്നതാണ് തിങ്കളാഴ്ചത്തെ സമരത്തിലേക്ക് നയിച്ചത്.
2018 മുതൽ ലിങ്ക്റോഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തിയിരുന്ന ഈ റൂട്ടിലെ ബസുകളെ, വ്യാപാരികളുടെ ആവശ്യപ്രകാരം കഴിഞ്ഞ ജൂണിൽ പഴയ സ്റ്റാൻഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ ദേശീയപാതാ സർവീസ് റോഡിലെ തകർച്ചയും മാർക്കറ്റ് റോഡിലെ ഗതാഗതക്കുരുക്കും കാരണം പഴയ സ്റ്റാൻഡിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഓണം വരെ ലിങ്ക് റോഡിൽ തുടരാൻ അനുമതി നൽകിയത്. ഓണം കഴിഞ്ഞതോടെ പോലീസിന്റെ ഭാഗത്തുനിന്ന് വീണ്ടും മാറ്റമുണ്ടായതാണ് തൊഴിലാളികളെ ചൊടിപ്പിച്ചത്.
മാർക്കറ്റ് റോഡിലെയും അടയ്ക്കാത്തെരു ജങ്ഷനിലെയും രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാതെ പഴയ സ്റ്റാൻഡിലേക്ക് സർവീസ് നടത്തുമ്പോൾ കൃത്യസമയം പാലിക്കാൻ കഴിയില്ലെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഈ പ്രയാസങ്ങൾ സഹിച്ച് ഓടിക്കുന്നതിലും നല്ലത് സർവീസ് നിർത്തിവെക്കുന്നതാണെന്നാണ് തൊഴിലാളികളുടെ നിലപാട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































