വടകര: ദേശീയപാത പാലയാട്ട് നടയിൽനിന്ന് മണിയൂർ ഭാഗത്തേക്ക് പോകുന്ന പാലയാട്ട് നട-പുതുക്കുടിമുക്ക് റോഡ് വലിയ കുഴികൾ രൂപപ്പെട്ട് പൂർണ്ണമായും ശോച്യാവസ്ഥയിലായി. വടകര നഗരസഭയിലൂടെയും മണിയൂർ പഞ്ചായത്തിലൂടെയും കടന്നുപോകുന്ന പ്രധാന റോഡാണിത്. പുതുക്കുടിമുക്കിന് മുന്നേ മണിയൂർ പഞ്ചായത്തിലെ റോഡിന്റെ ഒരുഭാഗം മുൻപ് കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും ബാക്കി ഭാഗങ്ങൾ പൂർണ്ണമായി ത തകർന്നിരിക്കുകയാണ്.
പൊതുഗതാഗത സൗകര്യമില്ലാത്ത ഈ റൂട്ടിൽ തകർച്ച കാരണം ഓട്ടോറിക്ഷകൾ ഓട്ടം വരാൻ മടിക്കുന്നത് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. രോഗികളെയും പ്രായമായവരെയും ആശുപത്രികളിലും മറ്റും എത്തിക്കാൻ സ്വന്തമായി വാഹനമില്ലാത്ത കുടുംബങ്ങൾ ഇതോടെ കടുത്ത ദുരിതത്തിലായി. പണ്ട് പാലയാട്ട് നട ഭാഗത്തേക്ക് പോകാൻ ഓട്ടം പോയി തിരിച്ചുവരുന്ന വാഹനങ്ങളെ ആശ്രയിച്ചിരുന്ന നാട്ടുകാർക്ക്, ഇപ്പോൾ ഡ്രൈവർമാർ വരാൻ കൂട്ടാക്കാത്തതിനാൽ പാലയാട്ട് നട വരെ നടന്നാണ് പോകേണ്ടി വരുന്നത്. മഴക്കാലത്ത് റോഡിലെ വലിയ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് വഴി നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. വെള്ളക്കെട്ടിൽ കുഴികളുടെ ആഴം മനസ്സിലാകാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്.
മണിയൂർ നിവാസികൾക്ക് പയ്യോളി, വടകര ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള പ്രധാന വഴിയായിരുന്നു ഇത്. എന്നാൽ റോഡ് തകർന്നതോടെ പലരും ഈ പാത ഉപേക്ഷിച്ചിരിക്കുകയാണ്. ഇതിനുപുറമേ, മണിയൂരിലേക്ക് പോകുന്ന മറ്റു ബദൽ പാതകളായ മഞ്ചരിയിൽകടവ് വഴിയുള്ള റോഡും കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡും സമാനമായ രീതിയിൽ തകർന്നു കിടക്കുകയാണ്.
റോഡ് തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രദേശവാസികൾക്കിടയിൽ കടുത്ത അമർഷം ഉയരുന്നുണ്ട്. എത്രയും പെട്ടെന്ന് റോഡ് പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































