വടകര: ദേശീയപാതയിലെ കടുത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ ആശ്രയിക്കുന്ന വടകര നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ഇടറോഡുകൾ പൂർണമായും തകർന്നു. പ്രധാന റോഡുകളിലെ കുരുക്കിൽപ്പെടാതെ പോകാനിറങ്ങുന്ന വാഹനയാത്രക്കാർ കുഴികൾ നിറഞ്ഞ ഇത്തരം പാതകളിൽപ്പെട്ട് പെരുവഴിയിലാകുന്ന അവസ്ഥയാണ്.
എടോടിയിൽനിന്ന് കേളുവേട്ടൻ മന്ദിരം ഭാഗത്തേക്കുള്ള റോഡ് ആഴ്‌ചകൾക്കുമുന്നേ അടച്ചിട്ട് വീതികൂട്ടിയിരുന്നെങ്കിലും തുടക്കത്തിൽത്തന്നെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പുതിയ ബസ് സ്റ്റാൻഡിൽനിന്ന് പാർക്ക് റോഡിലേക്ക് പ്രവേശിക്കുന്ന കോൺക്രീറ്റ് പാത തകർന്നിട്ട് നാളുകളായെങ്കിലും നന്നാക്കാൻ നടപടിയില്ല. ജൂബിലികുളത്തിന് സമീപത്തുനിന്ന് കോടതിപരിസരത്തേക്ക് എത്തുന്ന റോഡ്, ചോളംവയൽ-മാർക്കറ്റ് റോഡ് എന്നിവയുടെ സ്ഥിതിയും ദയനീയമാണ്.
റെയിൽവേ സ്റ്റേഷനിൽനിന്നുള്ള വാഹനങ്ങൾ പുറത്തേക്ക് പോകുന്ന, കീർത്തിമുദ്ര തിയേറ്ററിനുസമീപത്തേക്കുള്ള വൺവേ റോഡ് തകർന്നിട്ട് മാസങ്ങളായി. കീർത്തിമുദ്ര തിയേറ്ററിനുസമീപത്തുനിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന റോഡും യാത്രയ്ക്ക് യോഗ്യമല്ല. നാരായണനഗരത്തുനിന്ന് സഹകരണ ആശുപത്രിയിലേക്ക് പോകുന്ന റോഡിലും ബദൽപ്പാതയായി ഉപയോഗിച്ചിരുന്ന അറത്തിൽ ഒന്തം ജനത റോഡിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
അറത്തിൽ ഒന്തത്തുനിന്ന് ശ്രീനാരായണസ്കൂൾ വഴി ജില്ലാ ആശുപത്രിയിലേക്കുള്ള റോഡിൽ കുഴികൾ നിറഞ്ഞ് വെള്ളക്കെട്ടാണ്. ലിങ്ക് റോഡിൽനിന്ന് ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ടാർ ഇളകിമാറി കാൽനടയാത്രക്കാരുടെ മേൽ കരിങ്കൽക്കഷണങ്ങൾ തെറിക്കുന്നത് പതിവായിട്ടുണ്ട്. കൂടാതെ വില്യാപ്പള്ളി-ചേലക്കാട് റോഡിലൂടെയുള്ള യാത്രയും ഏറെ ദുസ്സഹമായി മാറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































