വടകര: മണിയൂരിലും തിരുവള്ളൂരിലും കഴിഞ്ഞദിവസമുണ്ടായ ശക്തമായ മിന്നൽച്ചുഴലിയിൽ മുപ്പതോളം വീടുകൾ ഭാഗികമായി തകരുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തു. പ്രകൃതിക്ഷോഭത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ യഥാർത്ഥ കണക്കുകൾ തിട്ടപ്പെടുത്തുന്നതിനുള്ള നടപടികൾ പഞ്ചായത്ത്, റവന്യു, കൃഷിവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. തിരുവള്ളൂരിൽ പതിനഞ്ചോളം വീടുകൾ തകർന്നതായുള്ള അപേക്ഷകൾ വില്ലേജ് ഓഫീസിൽ ലഭിച്ചപ്പോൾ, മണിയൂരിൽ പത്ത് വീടുകൾ തകർന്നതായാണ് പ്രാഥമിക പരാതി. വരും ദിവസങ്ങളിൽ കൂടുതൽ അപേക്ഷകൾ ലഭിക്കുന്നതോടെ തകർന്ന വീടുകളുടെ എണ്ണം ഇനിയും ഉയർന്നേക്കും.
ദുരന്തബാധിത പ്രദേശങ്ങളിലെ തകർന്ന വീടുകൾ വില്ലേജ്, പഞ്ചായത്ത് അധികൃതർ വെള്ളിയാഴ്ച നേരിട്ടെത്തി സന്ദർശിച്ചു. കാറ്റിൽ വ്യാപകമായി നാശം നേരിട്ട കൃഷിയിടങ്ങളിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിട്ടുണ്ട്. ബാധിതരായ എല്ലാ കർഷകരോടും നഷ്ടപരിഹാരത്തിനായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ അധികൃതർ നിർദേശിച്ചു. ഈ പ്രക്രിയ പൂർത്തിയായാൽ മാത്രമേ കൃത്യമായ നഷ്ടം കണക്കാക്കാൻ സാധിക്കൂ. നിലവിലെ പ്രാഥമിക വിവരമനുസരിച്ച് തിരുവള്ളൂരിൽ മാത്രം ആയിരത്തോളം വാഴകളും മുപ്പതോളം തെങ്ങുകളും നശിച്ചിട്ടുണ്ട്. മണിയൂരിലും സമാനമായ രീതിയിൽ തെങ്ങ്, കവുങ്ങ്, തേക്ക് തുടങ്ങിയവ വ്യാപകമായി കടപുഴകി വീണു.
ശക്തമായ കാറ്റിൽ കെ.എസ്.ഇ.ബി.ക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. മണിയൂരിൽ ഇരുപതോളം വൈദ്യുതത്തൂണുകൾ തകരുകയും ലൈനുകൾ പൊട്ടിവീഴുകയും ചെയ്തു. ഇവിടെ വൈദ്യുതി ബന്ധം പൂർവസ്ഥിതിയിലാക്കാനുള്ള പ്രവൃത്തികൾ സജീവമായി നടക്കുകയാണ്. തിരുവള്ളൂരിലും ഇരുപത്തിയഞ്ചോളം എൽ.ടി. തൂണുകൾ പൊട്ടുകയും പലയിടങ്ങളിലും മരങ്ങൾ ലൈനുകൾക്ക് മുകളിലേക്ക് വീഴുകയും ചെയ്തിട്ടുണ്ട്. തകരാറുകൾ പരിഹരിച്ച് എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ.
ഇതിനൊപ്പം വടകര മേഖലയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരിങ്ങണ്ണൂർ കായപ്പനച്ചിയിലെ കാവുതീയന്റവിട അശോകന്റെ പറമ്പിലുണ്ടായിരുന്ന തേക്ക് മരം വ്യാഴാഴ്ച വൈകുന്നേരത്തെ ശക്തമായ ഇടിമിന്നലിൽ തൊലി ഉൾപ്പെടെ ഉരിഞ്ഞ് പൂർണ്ണമായി പൊട്ടിത്തകർന്ന് അമ്പത് മീറ്ററോളം ദൂരേക്ക് തെറിച്ചുവീണു. അരൂരിൽ മഴയോടൊപ്പമുണ്ടായ കാറ്റിൽ പെരുമുണ്ടച്ചേരി തെക്കേ കരുവാണ്ടി ദേവി അമ്മയുടെ വീടിന് മുകളിലേക്ക് കവുങ്ങുകൾ വീണ് ഓടുകളും കഴുക്കോലുകളും തകർന്നു. വടകര നടയ്ക്കുതാഴയിലെ പതേരി ഗിരീശന്റെ വീടിന് മുകളിൽ മിന്നലടിച്ചതിനെ തുടർന്ന് മെയിൻ സ്വിച്ച് പൂർണ്ണമായി കത്തുകയും വീടിന്റെ വയറിങ് സംവിധാനം പലയിടങ്ങളിലും കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















