വടകര: നഗരമധ്യത്തിലെ പുതിയ ബസ് സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന പ്രമുഖ ഭക്ഷണശാലയായ എം.ആർ.എ ഹോട്ടലിൽ നിന്ന് കക്കൂസ് മാലിന്യം പൊതു ഓവുചാലിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി. സംഭവത്തെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചു. ഗുരുതരമായ നിയമലംഘനം നടത്തിയ സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെയാണ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തിയത്. പുതിയ ബസ് സ്റ്റാന്റിലെ പൊതുശൗചാലയത്തിലെ തകരാറുകൾ പരിഹരിച്ചിട്ടും ഓവുചാലിലൂടെ ശുചിമുറി മാലിന്യം ഒഴുകുന്നത് തുടർന്നതോടെയാണ് അധികൃതർ അന്വേഷണം ഊർജ്ജിതമാക്കിയത്. ഹോട്ടലിന്റെ പിൻഭാഗത്തെ കോൺക്രീറ്റ് സ്ലാബുകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്ത് പരിശോധിച്ചപ്പോഴാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ശുചിമുറികളിൽ നിന്നുള്ള മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാതെ നേരിട്ട് ഓവുചാലിലേക്ക് തുറന്നുവിട്ടിരിക്കുകയായിരുന്നു.
ഹോട്ടലിലെ മാലിന്യങ്ങൾ 48 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് നഗരസഭ കർശന നിർദ്ദേശം നൽകി. കുറ്റമറ്റ രീതിയിൽ സെപ്റ്റിക് ടാങ്കുകളും മലിനജല സംസ്കരണ സംവിധാനവും ഏർപ്പെടുത്തിയാൽ മാത്രമേ ഇനി ഹോട്ടൽ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂ എന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
മാലിന്യം കരിമ്പനത്തോടിലേക്ക് കലരുന്നത് പ്രദേശത്ത് വലിയ പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നുണ്ട്. ഇതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നഗരത്തിലെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















