താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല-പൂവൻമല-എട്ടേക്ര റോഡ് പുനർനിർമാണം എട്ടുവർഷം പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുന്നു. 2018-ലെ മഹാപ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്നുപോയ ഈ മലയോര പാതയുടെ പ്രധാന ഭാഗങ്ങൾ ഇപ്പോഴും ഗതാഗതയോഗ്യമല്ലാത്ത നിലയിലാണ്. നാടിനെ നടുക്കിയ ദുരന്തത്തിൽ 14 പേരുടെ ജീവൻ പൊലിയുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത കരിഞ്ചോലയിൽ, അന്ന് ഒലിച്ചുപോയ റോഡിന്റെ 450 മീറ്ററോളം ഭാഗം ടാർ ചെയ്യാതെ മണ്ണും കല്ലും നിറഞ്ഞുകിടക്കുകയാണ്. തകർന്ന ഭാഗങ്ങൾ ശാസ്ത്രീയമായി നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് വോട്ടിങ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.
ദുരന്തത്തിന് തൊട്ടുപിന്നാലെ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവഴിച്ച് മൺനിരത്തായി റോഡ് പുനർനിർമിച്ചെങ്കിലും തുടർന്നുള്ള ടാറിങ് പ്രവൃത്തികൾ അധികൃതർ മറന്നു. പാറക്കല്ലുകൾ പൊട്ടിച്ചുമാറ്റി സംരക്ഷണ ഭിത്തി കെട്ടി റോഡ് സുരക്ഷിതമാക്കിയെങ്കിലും ടാറിങ്ങോ കോൺക്രീറ്റോ നടത്താത്തതിനാൽ മഴക്കാലത്ത് ഈ ഭാഗം കാൽനടയാത്ര പോലും അസാധ്യമായ നിലയിലാകുന്നു. റോഡിന്റെ തുടക്കത്തിലുള്ള 300 മീറ്ററോളം ടാറിങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. എട്ടേക്ര ഭാഗത്തെ കോൺക്രീറ്റ് കഴിഞ്ഞുള്ള രണ്ടേകാൽ കിലോമീറ്ററോളം ദൂരം കുത്തനെയുള്ള കയറ്റങ്ങളും വളവുകളും നിറഞ്ഞ മൺപാതയായി തുടരുന്നു. വെറും പത്തുലക്ഷം രൂപയുണ്ടെങ്കിൽ തീർക്കാവുന്ന ഈ പ്രവൃത്തി ഭരണകൂടങ്ങളുടെ അവഗണന മൂലം നീണ്ടുപോവുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അതേസമയം, ജനവാസമില്ലാത്ത മുകൾഭാഗങ്ങളിൽ എം.എൽ.എ ഫണ്ടും തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടും ഉപയോഗിച്ച് കോൺക്രീറ്റ് പ്രവൃത്തികൾ നടത്തിയത് വലിയ വിരോധാഭാസമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2020-ലും 2021-ലുമായി ലക്ഷങ്ങൾ ചെലവഴിച്ച് ചില ഭാഗങ്ങൾ നവീകരിച്ചെങ്കിലും ഉരുൾപൊട്ടൽ ബാധിച്ച പ്രധാന ഭാഗം ഇപ്പോഴും അവഗണിക്കപ്പെട്ടിരിക്കുകയാണ്. ഗുണഭോക്താക്കളുടെ എണ്ണം കുറവാണെന്ന സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് പി.എം.ജി.എസ്.വൈ പോലുള്ള വലിയ പദ്ധതികളിൽ നിന്ന് ഈ റോഡിനെ ഒഴിവാക്കുന്നത്.
എം.കെ. മുനീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും അത് ഉരുൾപൊട്ടൽ നടന്ന ഭാഗത്തിനല്ല, മറിച്ച് കുത്തനെയുള്ള കയറ്റമുള്ള മറ്റൊരു ഭാഗത്തിനാണ് നൽകിയിരിക്കുന്നത്. റോഡിന്റെ താഴത്തെ ഭാഗം ഗതാഗതയോഗ്യമാക്കാതെ മുകളിൽ മാത്രം വികസനം എത്തിക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നാണ് പ്രദേശവാസികളുടെ പക്ഷം. വർഷങ്ങളായി തുടരുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














