
പാപ്പിനിശ്ശേരി: നാലുമാസം പ്രായമായ പെൺകുഞ്ഞ് വാടക ക്വാർട്ടേഴ്സ്
കിണറ്റിൽ മരിച്ചനിലയിൽ കണ്ട സംഭവത്തിന് പിന്നിൽ ബന്ധുവായ പന്ത്രണ്ടുവയസ്സുകാരിയാണെന്ന് പോലീസ് അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയ കുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. പാപ്പിനിശ്ശേരി പാറക്കലിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തമിഴ്‌നാട് പെരുമ്പള്ളർ ജില്ലയിലെ കെ. മുത്തുവിൻ്റെയും അക്കമ്മലിൻ്റെയും ഏകമകളാണ് മരിച്ചത്. രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തിങ്കളാഴ്‌ച രാത്രി പതിനൊന്നോടെയാണ് കാണാതായത്. ക്വാർട്ടേഴ്‌സിലെ നടുമുറിയിൽ ഇവർക്കൊപ്പം മുത്തുവിൻ്റെ ബന്ധുക്കളുടെ പന്ത്രണ്ടും നാലും വയസ്സായ രണ്ട് പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. രാത്രി ശൗചാലയത്തിൽ പോകുന്നതിനിടെ അമ്മയ്ക്കരികിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി നിറയെ വെള്ളമുള്ള കിണറ്റിൽ ഇടുകയായിരുന്നുവെന്ന് പന്ത്രണ്ടുവയസ്സുകാരി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മൂന്നുമാസം മുൻപാണ് പന്ത്രണ്ടുവയസ്സുകാരിയുടെ പിതാവ് മരിച്ചത്. അമ്മ നേരത്തേ കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. തന്നോടുള്ള സ്നേഹം കുറഞ്ഞുപോകുമെന്ന പന്ത്രണ്ടുകാരിയുടെ സംശയമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുന്നു. ആക്രിസാധനങ്ങൾ ശേഖരിച്ച് ജീവിക്കുന്ന ദമ്പതിമാരുടെ പിഞ്ചുകുഞ്ഞിൻ്റെ പരിപാലനച്ചുമതല പകൽ പലപ്പേഴും പന്ത്രണ്ടുകാരിക്കായിരുന്നു. വീട്ടുകാരെ ഓരോരുത്തരെയും ചോദ്യം ചെയ്യുന്നതിനിടെ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് വളപട്ടണം ഇൻസ്പെക്ടർ ടി.പി. സുമേഷ് പറഞ്ഞു.
കുഞ്ഞ് മരിച്ചത് വെള്ളം ഉള്ളിൽ ചെന്നാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക സൂചന. ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം പാപ്പിനിശ്ശേരി പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group