
ആദ്യഘട്ടത്തിന് ഭൂമിയേറ്റെടുക്കുന്നതിന് ഉൾപ്പെടെ 20.34 കോടി രൂപ ചെലവ്
നഗരത്തിലെ 12 റോഡുകൾ ഹൈടെക് റോഡുകളാക്കി
തിരുവനന്തപുരം നഗരത്തിലെ റോഡുകളുടെ അടുത്തഘട്ട വികസനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ബേക്കറി-വഴുതക്കാട്-പൂജപ്പുര റോഡ് കിഫ്‌ബി ഫണ്ടുപയോഗിച്ച് വികസിപ്പിക്കും. രണ്ടു ഘട്ടങ്ങളിലായാവും ഇത് നടപ്പാക്കുക.
ജഗതി-ഡിപിഐ ജങ്ഷനുകളുടെ വികസനവും ജഗതി പാലംവരെയുള്ള റോഡ് വികസനവുമാണ് ആദ്യഘട്ടം. ജഗതി പാലംമുതൽ പൂജപ്പുര ജങ്ഷൻ വരെയും ഡിപിഐ ജങ്ഷൻ മുതൽ വിമെൻസ് കോളേജ് ജങ്ഷൻവരെയുമാണ് രണ്ടാംഘട്ടമായി വികസിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ വഴുതക്കാട് പോലീസ് ക്വാർട്ടേഴ്‌സ് മുതൽ ജഗതി പാലംവരെ 675 മീറ്ററും ജഗതിമുതൽ വിമെൻസ് കോളേജ് റോഡ് 140 മീറ്ററും ഡിപിഐ-മേട്ടുക്കട 60 മീറ്ററും ജഗതി-മേട്ടുക്കട 75 മീറ്ററും ജഗതി-ഇടപ്പഴഞ്ഞി 175 മീറ്ററുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഭൂമിയേറ്റെടുക്കുന്നതിന് ഉൾപ്പെടെ 20.34 കോടിരൂപ ആദ്യഘട്ടത്തിന് ചെലവുണ്ട്. വിശദ പദ്ധതിരേഖ അംഗീകാരത്തിനായി കിഫ്‌ബിക്ക് കൈമാറിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് 10.79 കോടി രൂപയുടെ സാമ്പത്തിക അനുമതി കിഫ്‌ബി നൽകി.
ഒന്നാംഘട്ടത്തിന് 8809.44 ചതുരശ്ര മീറ്റർ ഭൂമിയേറ്റെടുക്കണം. രണ്ടാംഘട്ടത്തിന്റെ ഡിപിആർ ഉടൻ തയ്യാറാക്കും.
ബേക്കറി ജങ്ഷൻ-വഴുതക്കാട്- ഡിപിഐ വരെയുള്ള റോഡും ബേക്കറി ജങ്ഷനിൽ നിന്ന് വിമെൻസ് കോളേജ് വരെയുള്ള റോഡും വീതി കൂട്ടുന്നതിനുള്ള പരിശോധനയ്ക്ക് 6.7 ലക്ഷത്തിൻ്റെ ഭരണാനുമതി നൽകിയതായും ആൻ്റണി രാജുവിൻ്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.
വെള്ളയമ്പലം ജങ്ഷൻ്റെ വികസനത്തിനുള്ള പരിശോധന ആരംഭിച്ചുകഴിഞ്ഞു. വെള്ളയമ്പലം ജങ്ഷൻ മുതൽ മ്യൂസിയം-എൽഎംഎസ് ജങ്ഷൻ വരെയുള്ള റോഡിന്റെ വികസനം സംബന്ധിച്ച സാധ്യതാപഠനം നടത്തുന്നതിന് റോഡ് ഫണ്ട് ബോർഡിനെ ചുമതലപ്പെടുത്തി.
വാഹനസാന്ദ്രത അനുസരിച്ച് നഗരത്തിലെ പശ്ചാത്തലവികസനം നടപ്പാക്കും. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പൊതുമരാമത്തുവകുപ്പ് നഗരത്തിലെ 12 റോഡുകൾ ഹൈടെക് റോഡുകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.
മാനവീയം വീഥി ശ്രദ്ധേയമായ നഗരകേന്ദ്രമായി. വെള്ളയമ്പലം-ആൽത്തറ-തൈക്കാട് റോഡ് വീതികൂട്ടി നവീകരിച്ചതോടെ ഗതാഗതം സുഗമമായി. തലസ്ഥാനത്തെ ഗതാഗതസൗകര്യം ലോകനിലവാരത്തിലാക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group