
തിരുവനന്തപുരം: ഗവര്‍ണറുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരമനും കേരള ഹൗസില്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ച സംബന്ധിച്ച് വിവധ കോണുകളില്‍നിന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അസാധരണമായ കൂടിക്കാഴ്ചയില്‍ പ്രതിപക്ഷം രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു. ഇന്ന് നിയമസഭയില്‍ രമേശ് ചെന്നിത്തല ആരോപണം ആവര്‍ത്തിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പങ്കുവെക്കുകയുണ്ടായി.
മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചായിരുന്നു ചെന്നിത്തല മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടത്. നേരത്തെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ വിളി സഭയില്‍ മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയിരുന്നു. എന്നാല്‍ ഇത്തവണ സംയമനത്തോടെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ യോഗത്തില്‍ പങ്കെടുത്തത് യാദൃച്ഛികമാണെന്നും മുഖ്യമന്ത്രി വിവരിക്കുകയുണ്ടായി.
'കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ ഇതിന് മുമ്പും കേന്ദ്ര മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും കാണാറുണ്ട്. അതെല്ലാം ഔദ്യോഗിക നടപടിയാണ്. ഞങ്ങള്‍ അതിനല്ല വിമര്‍ശിച്ചത്. എന്ത് അനൗദ്യോഗിക സന്ദര്‍ശനമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ധനകാര്യമന്ത്രിയോട് നടത്തിയതെന്ന് നമുക്കറിയണം. ഗവര്‍ണര്‍ക്കൊരു ഒരു രാഷ്ട്രീയമുണ്ട്. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ നിങ്ങള്‍ പറയണം. എന്താണ് ചര്‍ച്ച ചെയ്തതെന്ന്....അത് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. ബിജെപിയില്‍ മൂന്നാംസ്ഥാനം വഹിക്കുന്ന ധനമന്ത്രി മുഖ്യമന്ത്രിയെ വന്ന് കാണണമെങ്കില്‍ അതും അനൗദ്യോഗിക സന്ദര്‍ശനം നടത്തുമ്പോള്‍ അതില്‍ രാഷ്ട്രീയം കണ്ടെത്തുന്നതില്‍ എന്താണ് തെറ്റ്. കേരളത്തിന്റെ ഗവര്‍ണര്‍ അതിലൊരു പാലമായി പ്രവര്‍ത്തിച്ചുവെന്ന് പറഞ്ഞാല്‍ തെറ്റ് പറയാനാകില്ല' ചെന്നിത്തല പറഞ്ഞു.
ഞങ്ങള്‍ രാഷ്ട്രീയ നെറികേട് കാണിക്കുന്നവരല്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയത്. എന്തോ വല്ലാത സംഭവം നടന്നു എന്ന മട്ടിലാണ് നിര്‍മലാ സീതാരാമനെ കണ്ടതുമായി ബന്ധപ്പെട്ട് ചെന്നിത്തല പ്രതികരിച്ചത്. അവിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു.
'എനിക്കവിടെ പാര്‍ട്ടി യോഗമുണ്ടായിരുന്നു. ഗവര്‍ണര്‍ എല്ലാ എംപിമാര്‍ക്കും അത്താഴവിരുന്ന് ഒരുക്കുന്നുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ഞാന്‍ ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ ആ സമയത്ത് ഉണ്ടാകില്ലെന്ന ധാരണയിലാണ് ഇല്ലെന്ന് പറഞ്ഞത്. എന്നാല്‍ ആ പരിപാടിക്ക് ഞാന്‍ അദ്ദേഹവും വന്നത് ഞാന്‍ ഡല്‍ഹിയിലേക്ക് പോയ അതേ വിമാനത്തിലാണ്. പിറ്റേദിവസവമാണ് ഗവര്‍ണറുടെ പരിപാടി. അന്നുതന്നെയാണ് പിബി യോഗവും. അടുത്തടുത്താണ് ഇരുന്നത്. നാളെയാണ് പരിപാടി,നിങ്ങള്‍ വരുമോയെന്ന് ഗവര്‍ണര്‍ ചോദിച്ചു.
അപ്പോഴാണ് അദ്ദേഹം മുമ്പ് ക്ഷണിച്ച കാര്യം ഓര്‍മയില്‍ വന്നതും. ഡല്‍ഹിയില്‍ രണ്ടുപേരും എത്തുന്നത് യാദൃച്ഛികവുമായിരുന്നു. ഞാന്‍ എത്താമെന്നും പറഞ്ഞു. അതില്‍ പങ്കെടുക്കുകയും ചെയ്തു. പരിപാടിക്കിടെ ഗവര്‍ണറോട് ഞാന്‍ പറഞ്ഞു, നാളെ ധനകാര്യമന്ത്രി പ്രാതലിന് വരുന്നുണ്ട്. നിങ്ങള്‍ക്കും വരാന്‍ പറ്റുമെങ്കില്‍ സൗകര്യമായിരുന്നുവെന്ന് പറഞ്ഞു. അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു. അപ്പോള്‍, അദ്ദേഹം ഇട്ട പാലത്തിലൂടെ ഞാന്‍ അങ്ങോട്ട് പോയതല്ല, ഇങ്ങനെ നടന്നപ്പോള്‍ സംഭവിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവര്‍ണര്‍ക്കും എനിക്കും നിര്‍മലാ സീതാരാമനും അവരുടേതായ രാഷ്ട്രീയമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് രാഷ്ട്രീയമുള്ള വ്യക്തത്വങ്ങള്‍ തമ്മില്‍ കണ്ടാല്‍ അവരുടെ രാഷ്ട്രീയം ഉരുകിപോകുകയില്ല. അവിടെ പൊതുവായ കാര്യങ്ങളാണ് സംസാരിച്ചത്. നാടിന്റെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തത്. അങ്ങനെയുള്ള സൗഹൃദ സംഭാഷമായിരുന്നു അത്. നിവേദനങ്ങള്‍ കൈമാറിയിട്ടില്ല. അങ്ങനെയുള്ള ഒന്നാക്കി ആ ബ്രേക്ക്ഫാസ്റ്റ് വിരുന്ന് ഞാന്‍ മാറ്റിയിട്ടില്ല' മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ മുഖ്യമന്ത്രി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരക്ഷരം പറഞ്ഞിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചിരുന്നു. ആര്‍എസ്എസും ബിജെപിയും ഫാസിസ്റ്റല്ല എന്ന കാരാട്ടിന്റെ വാദം ഇപ്പോള്‍ മുഖ്യമന്ത്രിയുടെയും ലൈനായി മാറിയെന്നും ചെന്നിത്തല പറഞ്ഞു. ഇതിനും മുഖ്യമന്ത്രി മറുപടി പറയുകയുണ്ടായി.
അടിയന്തരാവസ്ഥ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയത്. ജീവിക്കാനുള്ള അവകാശം അടക്കമുള്ള മൗലിക അവകാശങ്ങളെല്ലാം എടുത്ത് കളഞ്ഞ ഒരു കാലമുണ്ടായിരുന്നു, അതാണ് അടിയന്തരാവസ്ഥ കാലം. അത് ഇന്ത്യയിലുണ്ടായി. ആ കാലത്തെ സിപിഎം എന്താണ് വിശേഷിപ്പിച്ചതെന്ന് ചെന്നിത്തലയ്ക്ക് അറിയുമോ...അമിതാധികാര വാഴ്ചയുടെ കാലം എന്നായിരുന്നു. ഞങ്ങള്‍ പദങ്ങള്‍ ഉപയോഗിക്കുന്നത് എപ്പോഴും ശരിയായ അപഗ്രഥനത്തോടെയാണ്. ഫാസിസത്തിന്റെ ഒട്ടേറെ സവിശേഷതകള്‍ അന്നും ഉണ്ടായിരുന്നു. അതാണ് സിപിഎമ്മിന്റെ രീതി. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ വിലയിരുത്തലും. ഫാസിസ്റ്റ് പ്രവണതയുള്ള ആര്‍എസ്എസ് നയിക്കുന്ന ബിജെപി സര്‍ക്കാര്‍. അത് കൃത്യമായ വിലയിരുത്തലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group