
അരൂർ: കടുത്ത ചൂട് തുടരുന്നത് കടൽ-കായൽ എന്നിവയെ ആശ്രയിച്ച് മത്സ്യബന്ധനത്തിനിറങ്ങുന്ന തൊഴിലാളികൾക്കും പ്രതിസന്ധിയാകുന്നു. വെള്ളക്കുറവും ചൂടും കാരണം രണ്ടു മാസമായി മീൻ ലഭ്യത തീരെ കുറഞ്ഞുവെന്ന് പരമ്പരാഗത മത്സ്യ തൊഴിലാളികൾ പറഞ്ഞു. വള്ളമിറക്കുന്നതിൻ്റെ ചെലവ് തുക പോലും ലഭിക്കുന്നില്ല എന്നതാണ് പ്രധാന പരാതി.
വൻതോതിൽ ചെമ്മീനും ചാളയും അയലയും ലഭിക്കേണ്ട സമയമാണിപ്പോൾ. എന്നാൽ, ഒരുമീൻ പോലും ലഭിക്കാത്ത സാഹചര്യമാണത്രെ. ഞായറാഴ്ച്‌ച മത്തിക്ക് തട്ടുകളിൽ വില കിലോയ്ക്ക് 280 ആയിരുന്നു. അതുപോലും ആറ് സെന്റീമീറ്റർ താഴെ വലുപ്പമുള്ളവയായിരുന്നു. കായലിലും വലയിടുന്നവർക്ക് മീനുകൾ ലഭിക്കുന്നില്ല. കക്കാവാരൽ തൊഴിലാളികളും പ്രതിസന്ധിയിലാണ്. കനത്ത ചൂടിൽ കക്കകൾ പൊട്ടിപ്പോകുന്ന പ്രതിഭാസവും ഉണ്ട്.
മത്സ്യലഭ്യത ഇല്ലാതായതോടെ വറുതിയിലായ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമായി. കഴിഞ്ഞദിവസം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയവർക്ക് ചെലവുകാശുപോലും കിട്ടിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. അടിയന്തരമായി സൗജന്യ റേഷനെങ്കിലും ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. കടലിൽ പോകുന്ന ഒരു വള്ളത്തിന് ഇന്ധനം, ആഹാരം, വെള്ളം എന്നിവയെല്ലാം വാങ്ങാനുള്ള തുക ഉൾപ്പെടെ ആയിരക്കണക്കിനു രൂപ ചെലവ് വരുന്നു. നാലുമുതൽ ആറു പേർ വരെയാണ് ചെറുവള്ളങ്ങളിൽ പോകുന്നത്. ചെലവാകുന്ന തുകയുടെ പകുതി വിലയ്ക്കുള്ള മത്സ്യം പോലും ലഭിക്കുന്നില്ല എന്നതാണവസ്ഥ.
കുളച്ചൽ, ആന്ധ്രാബോട്ടുകളുടെ അനധികൃത മത്സ്യബന്ധനം മറ്റൊരു പ്രതിസന്ധിയാണ്. ചെറു മത്സ്യങ്ങളെ തൂത്തുവാരുന്ന തരത്തിലുള്ളതാണ് ഇവരുടെ പ്രവർത്തനം. ഇതൊഴിവാക്കുവാൻ നിയമം കർശനമായി നടപ്പാക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു. ഇടത്തട്ടുകാരുടെ ഇടപെടൽ, വള്ളങ്ങളുടെ രജിസ്ട്രേഷൻ ഫീസ്, ലൈസൻസ് ഫീസ് ക്ഷേമനിധി അടക്കമുള്ളവയുടെ വർധന തങ്ങൾക്ക് തിരിച്ചടിയായെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group