
തിരുവനന്തപുരം: ലഹരി എന്ന വിപത്ത് സമൂഹത്തിൽനിന്നു പൂർണമായും
തുടച്ചുനീക്കണമെങ്കിൽ രാഷ്ട്രീയ, സാമൂഹിക, മതസംഘടനകൾ ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് ശിവഗിരിയിൽ നടന്ന ലഹരിവിമുക്ത സെമിനാർ അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും തമ്മിൽ ശിവഗിരിയിൽ കൂടിക്കാഴ്‌ച നടത്തിയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് 'മദ്യലഹരി വിമുക്ത സമൂഹ സൃഷ്‌ടി' എന്ന വിഷയത്തിൽ സെമിനാർ നടന്നത്.
ജനങ്ങൾ തമ്മിലുള്ള നിരന്തര സമ്പർക്കവും പരസ്‌പര സഹകരണവും കൊണ്ടുമാത്രമേ ജാതിചിന്ത ഇല്ലാതാകു എന്നാണ് ശ്രീനാരായണഗുരു കാട്ടിത്തന്നതെന്ന് ഗാന്ധിസ്‌മാരകനിധി പ്രതിനിധി ഗോപാലകൃഷ്ണൻ നായർ പറഞ്ഞു. ഇതേ മാർഗത്തിലൂടെ ലഹരിയെയും അകറ്റണമെന്നും അദ്ദേഹം പറഞ്ഞു. വഴിനടക്കാനുള്ള അവകാശം സമരങ്ങളിലൂടെ നേടിയെടുത്ത കേരളം, ലഹരിക്കടിമപ്പെട്ട് വഴിയിൽ കിടക്കുകയാണെന്നായിരുന്നു ഗാന്ധിസ്‌മാരകനിധി വൈസ് ചെയർമാൻ ജേക്കബ് വടക്കഞ്ചേരിയുടെ അഭിപ്രായം. മദ്യവർജനം പറഞ്ഞ് അധികാരത്തിലെത്തി കൂടുതൽ മദ്യശാലകൾ അനുവദിച്ച സർക്കാരാണ് സംസ്ഥാനത്തെ ലഹരിയൊഴുക്കിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരുവിൻ്റെ ആദർശങ്ങൾ ലോകമുള്ളിടത്തോളംകാലം നിലനിൽക്കുമെന്നും ലഹരിവിമുക്ത സമൂഹത്തിനായി ശിവഗിരിമഠം കൈക്കൊള്ളുന്ന നടപടികൾ അഭിനന്ദനീയമാണെന്നും കെ.ജി. ബാബുരാജൻ പറഞ്ഞു. ശ്രീനാരായണഗുരു ഇന്ത്യയുടെ രാഷ്ട്രഗുരുവായിരുന്നുവെന്നാണ് പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ്റെ അഭിപ്രായം.
ലഹരിക്കും ജാതിക്കുമെതിരേ പോരാടിയ ഗാന്ധിജിക്കും ശ്രീനാരായണഗുരുവിനും ഒരേ ലക്ഷ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.ജി. സർവകലാശാലാ ഗാന്ധിചെയർ മുൻ ഡയറക്‌ടർ എ.പി. മത്തായി, എസ്എൻഡിപി യൂണിയൻ ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം., ഗുരുധർമ പ്രചാരണസഭ രജിസ്ട്രാർ കെ.ടി. സുകുമാരൻ, ശ്യാംപ്രഭു. സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവർ പങ്കെടുത്തു.
കൂടൽമാണിക്യം സംഭവം ദുഃഖിപ്പിക്കുന്നത്- സ്വാമി ശുഭാംഗാനന്ദ
കഴിഞ്ഞദിവസം കൂടൽമാണിക്യം ക്ഷേത്രത്തിലുണ്ടായ സംഭവം ദുഃഖിപ്പിക്കുന്നതാണെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ലക്ഷ്യങ്ങളും ശ്രീനാരായണഗുരു മുന്നോട്ടുവച്ച ആശയങ്ങളും അർഥപൂർണമാക്കാൻ കഴിഞ്ഞുവോയെന്നു ചിന്തിക്കേണ്ട സംഭവമാണിത്. ഗുരു ഗാന്ധിജി സമാഗമത്തിൻ്റെ ശതാബ്‌ദിവേളയിൽ മദ്യ, ലഹരി വിമുക്ത സമൂഹത്തെ സൃഷ്‌ടിക്കുകയെന്ന പ്രവർത്തനങ്ങളുമായി ശിവഗിരിമാവും ഗുരുധർമ പ്രചാരണസഭയും മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group