
ചോറ്റാനിക്കര : ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴൽ
മഹോത്സവത്തോടു ബന്ധപ്പെട്ട് സുരക്ഷാകാര്യങ്ങൾക്കായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. രക്ഷത്രങ്ങളിലും പരിസരപ്രദേശങ്ങളിലുമായി എൺപതോളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും കുറ്റകൃത്യങ്ങൾ തടയുന്നതിനായി മഫ്‌തിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
ഭക്തർക്ക് ലഘുഭക്ഷണം, സംഭാരം, കുടിവെള്ളം എന്നിവ സൗജന്യമായി ദേവസ്വം ബോർഡും സമിതിയും ചേർന്ന് വിതരണം ചെയ്യുന്നുണ്ട്. വ്യാപാരി വ്യവസായികളും സന്നദ്ധസംഘടനകളും നാരങ്ങാവെള്ളം, തണ്ണിമത്തൻ തുടങ്ങിയവ വിതരണം ചെയ്യുമെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. ഭക്തർ വരി നിൽക്കുന്ന പന്തലിൽ ഫാൻ, ലൈറ്റ്, ഫയർ എക്സ്റ്റിംഗുഷർ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.ഇത്തവണ ഒന്നരലക്ഷം പേർ മകം തൊഴാൻ എത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം 1,30,000 പേർ മകം തൊഴാനായി എത്തിയിരുന്നു.
ഈ വർഷത്തെ ഉത്സവം ഒരു കോടി രൂപയ്ക്ക് ഇൻഷുർ ചെയ്‌തതായി ചോറ്റാനിക്കര ദേവസ്വം അസി. കമ്മിഷണർ ബിജു ആർ. പിള്ള അറിയിച്ചു. മകം, പൂരം, ഉത്രം എന്നീ ദിവസങ്ങളിൽ ദർശനത്തിനെത്തുന്ന ഭക്തജനങ്ങളെയും ഇൻഷുർ ചെയ്തിട്ടുണ്ട്. രണ്ട് അഗ്നിരക്ഷാ സേനാ യൂണിറ്റ്, അഞ്ച് ആംബുലൻസുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഭക്തർക്ക് ചോറ്റാനിക്കര ടാറ്റാ ആശുപത്രി, ചോറ്റാനിക്കര പിഎച്ച് സെൻറർ എന്നിവയുടെ മെഡിക്കൽ സേവനം ഉണ്ടാകും. പഞ്ചായത്തിലെ ആശ വർക്കർമാരും ക്യൂ നിൽക്കുന്ന ഭക്തർക്ക് പ്രാഥമിക മെഡിക്കൽ സേവനത്തിനായി ഉണ്ടാകും. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രഥമശുശ്രൂഷാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചോറ്റാനിക്കര ക്ഷേത്രപരിസരത്തെ ഹോട്ടലുകളിലും മറ്റ് ഭക്ഷണസാധന കേന്ദ്രങ്ങളിലും ഹെൽത്ത് ഇൻസ്പെക്‌ടർമാരുടെ പരിശോധന ഉണ്ടാകും.
ഗതാഗത ക്രമീകരണം
മുളന്തുരുത്തി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിനു മുൻവശത്തേക്കുള്ള റോഡിൽ പ്രവേശിക്കാതെ റോഡിൻ്റെ ഇടതുവശം ചേർന്ന് ബൈപ്പാസ് റോഡുവഴി തിരിഞ്ഞ് കോട്ടയത്തുപാറ ഭാഗത്തേക്ക് പോകണം. തിരുവാങ്കുളം കുരീക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിനു മുൻവശത്തുള്ള റോഡിൽ പ്രവേശിക്കാതെ റോഡിൻ്റെ വലതുവശം തിരിഞ്ഞ് ബൈപ്പാസ് റോഡുവഴി പോകണം. വെണ്ണിക്കുളം, മുരിയമംഗലം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ അടിയാക്കൽ പാലം, എംഎൽഎ റോഡ് വഴി മെയിൻ റോഡിൽ പ്രവേശിച്ച് ബൈപ്പാസ് റോഡുവഴി പോകണം. ദേവീ ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡിൽ കൂടി വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
വാഹന പാർക്കിങ്ങ്
വാഹനങ്ങൾ ചോറ്റാനിക്കര ഗവ. സ്‌കൂൾ ഗ്രൗണ്ട്, പഞ്ചായത്തോഫീസിനോടു ചേർന്നുള്ള ഗ്രൗണ്ട്, ചോറ്റാനിക്കര പെട്രോൾ പമ്പിനു മുൻവശമുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം.
സ്ത്രീകൾക്ക് പ്രത്യേകം ക്യൂ
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴലിനായി ചൊവ്വാഴ്ച വൈകീട്ട് മുതൽക്കുതന്നെ ഭക്തർ ബാരിക്കേഡിനുള്ളിൽ സ്ഥാനം പിടിച്ചു. ദർശനത്തിന് സ്ത്രീകൾക്കും പുരുഷൻമാർക്കും 70 വയസ്സിനു മുകളിലുള്ളവർക്കും പ്രത്യേകം ക്യൂ സംവിധാനം ഉണ്ടാകും. പടിഞ്ഞാറെ നടപ്പുര വഴിയുള്ള ക്യൂ സ്ത്രീകൾക്കു മാത്രമായിട്ടുള്ളതാണ്. ജനറൽ ക്യൂ വടക്കേ പൂരപ്പറമ്പിൽ നിന്നാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group