
കോട്ടയം : വേനൽച്ചൂടിൽ ഉരുകുകയാണ് നാട്. പൊരിവെയിലിലുമുണ്ട് മനസ്സുരുക്കുന്ന ചില കാഴ്ച്‌ചകൾ. റോഡുപണിക്കാർ, ലോട്ടറി വിൽപ്പനക്കാർ, ഓൺലൈൻ ഭക്ഷണവിതരണക്കാർ... ചുട്ടുപൊളളുമ്പോഴും വകവെയ്ക്കാതെ ജീവിതമാർഗം തേടി പണിയെടുക്കുന്നവർ. അവർക്കെല്ലാം ഒന്നേ പറയാനുള്ളൂ. വെയിലും നോക്കി വീട്ടിലിരുന്നാൽ വയർ കത്തും, പട്ടിണിയാകും. കഞ്ഞിക്കുഴിക്ക് സമീപം മതിൽ കെട്ടുന്ന തിരക്കിലാണ് പുതുപ്പള്ളിക്കാരൻ ബാബു. തലയിൽ കെട്ടിയ നീണ്ടതോർത്ത്. അതിനു മുകളിൽ തൊപ്പി, ഫുൾ കൈ ഷർട്ട് ചൂടിനെ തടയുന്ന വഴികൾ ബാബു തന്നെ സ്വന്തം ദേഹത്ത് കാണിച്ചുതന്നു. മേസ്തിരിയാണ്. വൈകീട്ട് അഞ്ചുവരെ പണിതാലേ കൂലികിട്ടു അതുകൊണ്ട് വെയിലൊന്നും പ്രശ്‌നമല്ല. പണിയുന്ന വീട്ടിൽനിന്ന് ഇടയ്ക്കിടെ വെള്ളം വാങ്ങിച്ച് കുടിക്കും. വേനൽക്കാലത്ത് പണി കുറവാണെന്ന് പരിഭവം.
'ഇതു വല്ലോം ഒരു ചൂടാണോ' എന്ന മട്ടിലാണ് ചെല്ലപ്പൻ പ്ലാസ്‌റ്റിക് കുപ്പികളടങ്ങിയ ചാക്ക് തലയിൽവെച്ച് പോകുന്നത്, ചുട്ടുപഴുത്ത ടാറിൽനിന്ന് രക്ഷയ്ക്ക് കാലിൽ ചെരിപ്പുണ്ട്. അത്രമാത്രം. "എന്ത് ചൂട്? കാശ് കിട്ടണമെങ്കിൽ ജോലിചെയ്യണം" അതാണ് ചെല്ലപ്പൻ്റെ പോളിസി. "പിന്നെ വയറ് തണുപ്പിക്കാനുള്ള വഴിയൊക്കെ അടുത്തുണ്ടല്ലോ" ചിരിച്ചുകൊണ്ട് ചെല്ലപ്പൻ കണ്ണിറുക്കി. മന്ദിരത്താണ് താമസിക്കുന്നത്. റബ്ബർ വെട്ടാണ് ജോലിയെങ്കിലും എല്ലാ പണിക്കും പോകും.
കൈയിൽ ലോട്ടറിടിക്കറ്റുകളുമായി പുതുപ്പള്ളിക്കവലയിലൂടെ നടക്കുകയാണ് ജഗദമ്മ എന്ന 76-കാരി. മുഖത്ത് വിയർപ്പുതുള്ളികൾ. വൈകീട്ട് നാലുമണിവരെ ഈ നടപ്പ് തുടരും. ഇന്താണ് ജീവിതമാർഗം. ദിവസം 60 ലോട്ടറിയെങ്കിലും വിൽക്കണം. "ഒ ാരോ ദിവസവും ചൂട് കൂടിവരുവല്ലേ. എന്തുചെയ്യാനാ; വല്ലതും കിട്ടണ്ടേ. വെയിൽ കൂടുമ്പോൾ പള്ളിക്ക് ചുറ്റുമാണ് വിൽപ്പന - ജഗദമ്മ പറഞ്ഞു. കോൺഗ്രസിന്റെ ത്രിവർണത്തൊപ്പിയുണ്ട് തലയിൽ ഒരു തിരഞ്ഞെടുപ്പുകാലത്ത് ഉമ്മൻചാണ്ടി കൊടുത്തതാണത്രേ.
ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെയാണ് കൊടും ചൂട്. ആ സമയമാണ് വിനീതിനെപ്പോലുള്ളവരുടെ ജോലിയുടെ 'പീക്ക് ടൈം' ഏറ്റവും കൂടുതൽ ഓർഡർ വരുന്ന സമയം. ഓൺലൈൻ ഭക്ഷണവിതരണമാണ് വിനീതിന്റെ ജോലി. ഹെൽമറ്റിന് പുറമേ ആം സ്ലീവും ഗ്ലൗസും സൺഗ്ലാസും ധരിച്ചാണ് ബൈക്കിൽ യാത്ര, ഇടയ്ക്ക് അൽപം ബ്രേക്കുകിട്ടുമ്പോൾ തണൽപ്പറ്റി നിൽക്കും. അതു മാത്രമാണ് ചൂടിൽനിന്നുള്ള രക്ഷ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group