.jpg)
കൊല്ലം: പ്രകൃതി പ്രതിഭാസങ്ങള്‍ നിരീക്ഷിക്കുന്നതിന് ഉപഗ്രഹ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ അത്യാധുനിക റഡാറുകള്‍ വയനാടും ഇടുക്കിയും പോലുള്ള മലയോര ജില്ലകളില്‍ സ്ഥാപിക്കണമെന്ന് പരിസ്ഥിതിസംബന്ധിച്ച നിയമസഭാസമിതി ശുപാര്‍ശ ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് കേരളത്തില്‍ മേഘവിസ്‌ഫോടനം, മിന്നല്‍ച്ചുഴലി തുടങ്ങിയവ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ നിരീക്ഷണ സംവിധാനം വേണമെന്നാണ് സമിതി നിര്‍ദേശിക്കുന്നത്.
നിയമസഭയുടെ നടപ്പു സമ്മേളനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സമിതിയുടെ നിരീക്ഷണങ്ങളും ശുപാര്‍ശകളും ഉള്ളത്. ഇ.കെ. വിജയന്‍ ആണ് സമിതി അധ്യക്ഷന്‍. കാലാവസ്ഥാ നിരീക്ഷണത്തിനായി കൊച്ചിയിലും തിരുവനന്തപുരത്തും റഡാര്‍ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് അല്ലെങ്കില്‍ വയനാട് കേന്ദ്രീകരിച്ച് ഒരു റഡാറും വടക്കന്‍ കേരളത്തിന്റെ കാലാവസ്ഥാ നിരീക്ഷണം മെച്ചപ്പെടുത്തുന്നതിനായി മംഗളൂരുവില്‍ പുതിയൊരു റഡാറും സ്ഥാപിക്കുന്നതിന് തീരുമാനമുണ്ട്.
150 കിലോമീറ്ററാണ് ഈ റഡാറിന്റെ നിരീക്ഷണ പരിധി. ഇതോടെ കേരളത്തെ പൂര്‍ണമായും റഡാര്‍ നിരീക്ഷണത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുടെ കൃത്യമായ പ്രവചനം വെല്ലുവിളിയാണ്. എങ്കിലും ഇവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാനും മുന്നറിയിപ്പുകള്‍ നല്‍കാനും നടപടി സ്വീകരിക്കണം. മുന്‍വര്‍ഷങ്ങളിലെ മഴയുടെയും ഉരുള്‍പൊട്ടലുകളുടെയും വിവരങ്ങള്‍, ഭൂമിയുടെ ചരിവ്, മണ്ണിന്റെ ഘടന, നീര്‍ച്ചാലുകളുടെ വിന്യാസം എന്നിവയും ശാസ്ത്രീയമായി അപഗ്രഥിക്കണം.
പല രാജ്യങ്ങളിലും ഉരുള്‍പൊട്ടല്‍ പ്രവചിക്കാന്‍ വിവിധ മെഷീന്‍ ലേണിങ് അധിഷ്ഠിത സാങ്കേതികവിദ്യയും റോബോട്ടിക് സാങ്കേതികവിദ്യയും വികസിപ്പിക്കുന്നുണ്ട്. ജിയോ സ്‌പെഷ്യല്‍ ടെക്‌നോളജി, റിമോട്ട് സെന്‍സിങ്, യു.എ.വി. ഫോട്ടോഗ്രാമെട്രി, ഇന്‍വെന്ററി മാപ്പിങ്, മഴയുടെ അളവ് എന്നിവ സംയോജിപ്പിച്ച് മെഷീന്‍ ലേണിങ് അല്‍ഗോരിതം തയ്യാറാക്കിയാല്‍ അത് പ്രവചനത്തിന് സഹായമാകുമെന്നും സമിതി നിരീക്ഷിച്ചു.
കേരളത്തിന്റെ ഭൂവിനിയോഗം സംബന്ധിച്ച ആസൂത്രണത്തിന് നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ മുഖേന ഭൂപ്രകൃതിയുടെ ത്രിമാനചിത്രം നല്‍കുന്ന ലിഡാര്‍ സര്‍വേ നടത്തണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. പി.കെ. ബഷീര്‍, ജോബ് മൈക്കിള്‍, ലിന്റോ ജോസഫ്, ടി.ഐ. മധുസൂദനന്‍, മോന്‍സ് ജോസഫ്, കെ.ഡി. പ്രസേനന്‍, യു. പ്രതിഭ, സജീവ് ജോസഫ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group