
കടലുണ്ടി: 2002 ഏപ്രിൽ 27-ന് വള്ളിക്കുന്ന് ആനയറയങ്ങാടിയിൽ നടന്ന സംസ്ഥാന പരിസ്ഥിതിസമ്മേളനം ഉദ്ഘാടനം ചെയ്യാൻ പരിസ്ഥിതിപ്രവർത്തകൻ കല്ലേൻ പൊക്കുടൻ വരുമ്പോൾ കണ്ടലുകൾക്ക് നാശമുള്ള കാലമായിരുന്നു. കടലുണ്ടി, വള്ളിക്കുന്ന് മേഖലയിൽ കണ്ടൽവെട്ടിയെന്നും കേസെടുത്തെന്നും മറ്റുമായി വലുതും ചെറുതുമായ വാർത്തകൾ പത്രത്താളുകളിൽ നിറയുന്ന കാലമായിരുന്നു അത്. കണ്ടൽസംരക്ഷണത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്. അല്പമൊരു ഇടർച്ചയോടെ കല്ലേൻ പൊക്കുടനും ശില്പശാലയിൽ പങ്കെടുത്തവരും കണ്ടലിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചത് അന്ന് ബംഗ്ലാദേശിലും ഒഡിഷയിലും മറ്റും കണ്ടൽ വ്യാപകമായി വെട്ടിയതിന്റെയും തണ്ണീർത്തടങ്ങൾ നികത്തിയതിന്റെയും തിക്തഫലങ്ങളെയാണ്. ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ സി.ഡബ്ള്യു.ആർ.ഡി.എമ്മിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. സി.എൻ. ഉണ്ണി ഒരു കണക്കുനിരത്തി. നമ്മൾ ഒരു ഹെക്‌ടർ കണ്ടൽ വെട്ടുമ്പോൾ 70 ശതമാനം മത്സ്യസമ്പത്താണ് നശിക്കുന്നത്. ലോകത്ത് 6,753 ചതുരശ്ര കിലോമീറ്റർ ദൂരത്തിൽ കണ്ടലുകൾ ഉണ്ട്. ഇതിൽ മൂന്നു ശതമാനം ഇന്ത്യയിലാണ്. 53 ഇനം കണ്ടലുകളിൽ 17 ഇനം കേരളത്തിൽ ഉണ്ടെന്നുമായിരുന്നു മറ്റു ചില നിരീക്ഷണങ്ങൾ. കണ്ടൽസംരക്ഷണം ആപ്‌തവാക്യമാക്കുമെന്ന പ്രതിജ്ഞയുമായി സമ്മേളനം സമാപിച്ചതിൻ്റെ അഞ്ചാംവർഷം കമ്യൂണിറ്റി റിസർവ് എന്ന മഹത്തായ ലക്ഷ്യം എത്തിപ്പിടിച്ചു. കല്ലേൻ പൊക്കുടനും മറ്റ് പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും നിരന്തരം ആവശ്യപ്പെട്ട കാര്യങ്ങൾ യാഥാർഥ്യമായി. 17 വർഷമായി കടയ്ക്കൽ കത്തിവീഴാതെ കണ്ടലുകൾ സംരക്ഷിതഭൂമിയിൽ വാഴുകയാണ്.
ടൂറിസംവികസനത്തിന് ഇപ്പോഴും ബാലാരിഷ്ടതകൾ
കണ്ടൽസംരക്ഷണമെന്ന രീതിയിൽ റിസർവ് വിജയമായെങ്കിലും ടൂറിസം വികസനം പൂർണാർഥത്തിലായോ എന്ന വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ഇനിയുമേറെ ബാലാരിഷ്ടതകൾ നീങ്ങിക്കിട്ടാനുണ്ട്.
ഏതാനും വർഷത്തിനിടെ, 10 ഹോം സ്റ്റേകളാണ് ഇവിടെ നിലവിൽ വന്നത്. കുന്നംതിരുത്തിയിൽ നാലും പിലാക്കാട്ടും ബാലാ തിരുത്തിയിലും രണ്ടുവീതവും കോട്ടക്കടവിലും കീഴയിലും ഒന്നു വീതവുമാണ് ഹോംസ്റ്റേകൾ ഉള്ളത്.
ഇതൊക്കെയാണ് ടൂറിസം വികസനത്തിൻ്റെ അളവുകോലായി കണക്കാക്കുന്നതെങ്കിലും വികസനത്തിന് ഇതുമാത്രം പോരെന്ന വാദത്തിനും ബലം കിട്ടുന്നുണ്ട്. ഹോംസ്റ്റേകളെല്ലാം റിസർവിൻ്റെ പരിധിയിൽ വരുന്നവയാണെങ്കിലും ഇവിടങ്ങളിൽ ആരൊക്കെ എന്തിനൊക്കെ എപ്പോഴൊക്കെ വരുന്നു എന്ന കാര്യമൊന്നും റിസർവ് അധികൃതരെ അറിയിക്കാത്ത പ്രശ്‌നമുണ്ടെന്ന് റിസർവ് ചെയർമാൻ ടി.പി. വിജയൻ പറയുന്നു. റിസർവിൽ വിവരം നൽകണമെന്നാണ് ചട്ടം. ഹോംസ്റ്റേകൾ റിസർവിന്റെ ജെട്ടിയിൽ നിന്നല്ലാതെ മറ്റു സ്ഥലങ്ങളിൽനിന്ന് സഞ്ചാരികളെ ബോട്ടിങ്ങിന് കൊണ്ടുപോകുന്ന പ്രശ്നവുമുണ്ട്.
ഇതിന് പരിഹാരം കാണാൻ ഉടനടി ഹോംസ്റ്റേ ഉടമകളുടെ യോഗം വിളിക്കാനൊരുങ്ങുകയാണ് റിസർവ് അധികൃതാർ. യു.എൻ. ഡെസ്റ്റിനേഷൻ പട്ടികയിൽ റിസർവിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനൊത്ത വികസനം ഇവിടെ വന്നിട്ടില്ല. ഒരു ജൈവവൈവിധ്യ കേന്ദ്രമായി മാത്രമാണ് ഇപ്പോഴും ഇവിടം വിലയിരുത്തപ്പെടുന്നത്.
റിസർവ് മേഖലയിൽ ഇപ്പോൾ നിരന്തരം വിദേശികളും എത്താറുണ്ട്. ജർമനി, ബ്രിട്ടൻ, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളും ഉൾപ്പെടും. പുഴയിലൂടെയുള്ള ബോട്ടുയാത്രയും പനയമ്മട്ടെ അപൂർവ ദേശാടനക്കിളികളുമാണ് ഇവരുടെ മുഖ്യ ആകർഷണം. വിദേശത്തെ പ്രശസ്തരായ ഡോക്ടർമാരും ശാസ്ത്രജ്ഞരും ഇവിടെ വന്നിട്ടുണ്ട്. ഏതാനും വർഷം മുൻപ് ഇവിടം സന്ദർശിച്ച വേളയിൽ ഈ ദേശത്തെ പ്രകീർത്തിച്ച് ഗാനരചയിതാവ് വൈരമുത്തു കുറിച്ച വാക്കുകളും പ്രതികരണപുസ്തകത്തിലുണ്ട്.
സുപ്രീംകോടതി ഉൾപ്പെടെയുള്ള ഉന്നത സ്ഥാപനങ്ങളിലുള്ളവരും ശാസ്ത്രജ്ഞരും വൈദ്യന്മാരും ഒക്കെ ഇവിടെ പതിവു സന്ദർശകരാണ്. പക്ഷേ, അവരുടെയൊക്കെ വാക്കുകൾക്കുമപ്പുറത്തേക്കുള്ള വികസനസാധ്യതകൾ ഇവിടെ ഉണ്ടെന്നതാണ് സത്യം. ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളും പലരംഗത്തും ഇനിയും വരുത്തേണ്ടതുണ്ട്. സ്ഥാപനത്തിൻ്റെ കടലുണ്ടിയിലുള്ള ഓഫീസ് കെട്ടിടവും അസൗകര്യങ്ങളുടെ പിടിയിലാണ്. പ്രധാനപ്പെട്ട യോഗങ്ങൾ നടത്താൻ പറ്റിയ ഹാളുകളോ ഓഡിറ്റോറിയങ്ങളോ ഇല്ല.
ചെയർമാന്റെ ഇടുങ്ങിയ മുറിയിൽത്തന്നെയാണ് ഇപ്പോഴും യോഗങ്ങൾ നടത്തുന്നത്. ഇവിടെ നല്ല ഫുഡ് കോർട്ടിൻ്റെയും ശൗചാലയങ്ങളുടെയും അഭാവമുണ്ട്. കടലുണ്ടി അങ്ങാടിയിൽനിന്ന് ഇങ്ങോട്ടേക്കുള്ള റോഡും പൊട്ടിപ്പാളിഞ്ഞ നിലയിലാണ്. റെയിൽവേ കനിഞ്ഞാൽമാത്രമേ മികച്ച റോഡ് സൗകര്യമുണ്ടാകൂ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group