
കല്പറ്റ: വന്യമൃഗാക്രമണത്തിനിരയാവുന്ന മനുഷ്യജീവന് സർക്കാർ വില നൽകുന്നില്ലെന്നാരോപിച്ച് ജില്ലയിൽ വ്യാഴാഴ്‌ച യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ദീർഘദൂര കെ.എസ്.ആർ.ടി.സി. ബസുകളും അവശ്യസാധനങ്ങളുമായി ലോറികളും സർവീസ് നടത്തി. ചുരുക്കം സ്വകാര്യവാഹനങ്ങളും ഓടി. ചിലയിടങ്ങളിൽ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർമാരും സ്വകാര്യവാഹനങ്ങളുമായി എത്തിയവരും ഹർത്താൽ അനുകൂലികളുമായി വാക്തർക്കവുമുണ്ടായി.
സ്വകാര്യബസുകൾ സർവീസ് നടത്തിയില്ല. ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ബുധനാഴ്‌ച അറിയിച്ചിരുന്നെങ്കിലും ഭൂരിഭാഗം കടകളും തുറന്നില്ല. ചുരുക്കം ഹോട്ടലുകളും പായക്കടകളും മാത്രമാണ് തുറന്നത്.
ലക്കിടിയിൽ യു.ഡി.എഫ്. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ യു.ഡി.എഫ്. പ്രവർത്തകർ വാഹനം തടയാനുള്ള ശ്രമം പോലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.കെ. ജ്യോതിഷ് കുമാർ ഉൾപ്പെടെ പത്തുപേരെ പോലീസ് അറസ്റ്റുചെയ്‌തു നീക്കി. പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽവിട്ടു. ജാമ്യം ലഭിച്ചശേഷം പ്രവർത്തകർ പൊഴുതന ജങ്ഷനിൽ കുത്തിയിരുന്നു. പ്രതിഷേധിച്ചു.
കല്പറ്റ ചുങ്കം ജങ്ഷനിൽ യു.ഡി.എഫ്. പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. മാനന്തവാടി, സുൽത്താൻബത്തേരി ഭാഗങ്ങളിൽ നിന്നുവന്ന വാഹനങ്ങളും കോഴിക്കോട്, മേപ്പാടി ഭാഗങ്ങളിൽനിന്നുവന്ന വാഹനങ്ങളുമെല്ലാം ചുങ്കം ജങ്ഷനിൽ തടഞ്ഞു. കുറച്ചുനേരം തടഞ്ഞിട്ടതിനുശേഷം കടത്തിവിട്ടു. വാഹനം ഓഫാക്കാൻ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ തയ്യാറാവാത്ത ഡ്രൈവർമാരുമായാണ് വാക്തർക്കമുണ്ടായത്. പലയിടങ്ങളിലും പോലീസെത്തി പ്രവർത്തകരെ അനുനയിപ്പിച്ചു. 10.30-ഓടെ പ്രവർത്തകർ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. ചുങ്കം ജങ്ഷനിൽനിന്ന് തുടങ്ങി പുതിയ ബസ്സ്റ്റാൻഡിലേക്കും തിരിച്ച് പഴയ ബസ്സ്റ്റാൻഡ് വരെയായിരുന്നു പ്രകടനം. അഡ്വ. ടി.ജെ. ഐസക്, ഗിരീഷ് കല്പറ്റ, ഹർഷൽ കോന്നാടൻ, വിനോദ്കുമാർ, എൻ. മുസ്‌തഫ, കെ.കെ. മുത്തലിബ് തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group