
ഇടവ : കായലിനും റെയിൽവേ ട്രാക്കിനും ഇടയിൽപ്പെട്ട് വർഷങ്ങളായി യാത്രാദുരിതം പേറുന്ന കാപ്പിൽ നിവാസികൾക്ക് പ്രതീക്ഷയേകി റെയിൽവേ അടിപ്പാതയ്ക്കു വഴിതെളിയുന്നു. സംസ്ഥാന ബജറ്റിൽ ആറുകോടി രൂപ വകയിരുത്തിയതാണ് കാപ്പിലിൻ്റെ ചിരകാലാഗ്രഹത്തിന് ചിറകേകുന്നത്. കണ്ണംമൂടു ഭാഗത്തെ റെയിൽവേ കലുങ്കിനു സമീപമാണ് അടിപ്പാതയ്ക്കു സാധ്യതയുള്ളത്. റെയിൽവേയുടെ നിലപാടാണ് ഇനി അറിയേണ്ടത്.
ഇടവമുതൽ കാപ്പിൽ റോഡിനു സമാന്തരമായുള്ള റെയിൽവേ ട്രാക്ക് കാരണം കിഴക്കുഭാഗത്ത് താമസിക്കുന്നവരാണ് യാത്രാബുദ്ധിമുട്ട് അനുഭവിക്കുന്നത്. 1500-ലധികം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. പ്രധാന റോഡിലെത്താൻ ആറ് കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ടിവരുന്നു. അടിയന്തര സാഹചര്യങ്ങളിൽ അഗ്നിരക്ഷാസേന, ആംബുലൻസുകൾ എന്നിവയ്ക്ക് വട്ടംചുറ്റി പോകേണ്ട സ്ഥിതിയാണ്. ഇടറോഡുകളെല്ലാം റെയിൽവേ ട്രാക്കിനു സമീപമാണ് അവസാനിക്കുന്നത്. ഇവിടെനിന്ന് ട്രാക്ക് കടന്നാണ് പ്രധാന റോഡിലെത്തേണ്ടത്, കാപ്പിൽ സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും ട്രാക്ക് കടന്നാണ് സഞ്ചരിക്കേണ്ടത്.
ട്രാക്ക് മറികടന്നുള്ള കുട്ടികളുടെ അപകടയാത്രകാരണം രക്ഷിതാക്കൾ ഭയപ്പാടിലാണ്. റെയിൽവേ സ്റ്റേഷൻ്റെ എതിർവശത്തുള്ളവർക്കും മുക്കം, കണ്ണംമൂട്, മാവുനിന്നവിള, പാറയിൽ, കാട്ടുവിള, തോട്ടുമുഖം എന്നിവിടങ്ങളിലുള്ളവർക്കും മറ്റു ഭാഗങ്ങളിലേക്കു പോകാൻ ദീർഘദൂരം ചുറ്റി സഞ്ചരിക്കേണ്ടിവരുന്നു.
കഴിഞ്ഞ 15 വർഷമായി ഇടവ പഞ്ചായത്ത് ഉന്നയിക്കുന്ന പൊതു ആവശ്യമായിരുന്നു കാപ്പിൽ റെയിൽവേ അടിപ്പാത. റെയിൽവേക്കു നിരവധി നിവേദനങ്ങളും നൽകി. തുക പഞ്ചായത്തോ സംസ്ഥാന സർക്കാരോ നൽകണമെന്നതായിരുന്നു റെയിൽവേയുടെ നിലപാട്. റെയിൽവേ ആവശ്യപ്പെടുന്ന വലിയ തുക നൽകാൻ പഞ്ചായത്തിനു കഴിയുമായിരുന്നില്ല. നേരത്തേ ഈ ആവശ്യത്തിന് രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ആവശ്യം റെയിൽവേ അംഗീകരിക്കുകയോ എസ്റ്റിമേറ്റ് നൽകുകയോ ചെയ്തിരുന്നില്ല.
2023-ൽ ഇടവ പഞ്ചായത്ത് പ്രസിഡൻ്റ് എ.ബാലിക്കിന്റെ നേതൃത്വത്തിൽ റെയിൽവേ ഡിവിഷണൽ മാനേജർക്ക് അപേക്ഷ നൽകുകയും എസ്റ്റിമേറ്റ് ആവശ്യപ്പെടുകയും ചെയ്‌തു. 2024-ൽ റെയിൽവേ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. 45 മീറ്റർ നീളത്തിലും നാല് മീറ്റർ വീതിയിലും നിർമിക്കുന്ന അടിപ്പാതയ്ക്ക് 5,28,94,303 രൂപയാണ് ചെലവായി കാണിച്ചിട്ടുള്ളത്. വിഷയം ശ്രദ്ധയിൽപ്പെട്ട വി.ജോയി എം.എൽ.എ.യുടെ ശ്രമഫലമായാണ് ബജറ്റിൽ ആറുകോടി രൂപ വകയിരുത്തിയത്. തുടർനടപടികൾ വേഗത്തിലാക്കാൻ ഇടപെടുമെന്ന് എം.എൽ.എ. അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group