
തിരുവനന്തപുരം: 'പോക്കുവെയിൽ തൊട്ട് പൊൻതിരിയാക്കുന്ന വാക്കുകൾ' കലാലയവളപ്പിൽ ഒരു ദിവസം മുഴുവൻ നിറഞ്ഞു. കവിതകളായും കഥകളായും ഒ.എൻ.വി. കുറുപ്പ് എന്ന പ്രിയകവി സാന്നിധ്യമായി മാറിയ ഓർമ്മദിനം. ഒ.എൻ.വി.യുടെ ഔദ്യോഗികജീവിതത്തിൻ്റെ വിടപറയലിനും ജ്ഞാനപീഠപുരസ്‌കാരം സ്വീകരിക്കലിനുമൊക്കെ സാക്ഷിയായ വഴുതയ്ക്കാട് ഗവ. വിമെൻസ് കോളജിലാണ് ഒൻപതാമത് ഒ.എൻ.വി.സ്‌മൃതി അരങ്ങേറിയത്.
സാഹിത്യ സെമിനാർ, സ്‌മൃതിസന്ധ്യ, ഗാനാലാപനം തുടങ്ങി ഒരു ദിവസം നീണ്ടുനിന്ന പരിപാടികളുമായായിരുന്നു കവിയുടെ ചരമവാർഷിക ദിനാചരണം.
പ്രകൃതി മുതൽ മനുഷ്യവ്യഥകൾ വരെ ബൃഹത്തും സൂക്ഷ്മവുമായ വിഷയങ്ങളിലേക്ക് ഓടിക്കൊണ്ടിരുന്ന പേനയും മനസ്സുമായിരുന്നു ഒ.എൻ.വി.യുടേതെന്ന് സ്‌മൃതിസന്ധ്യയിൽ അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു.
നമ്മുടെ സംസ്ക്കാരത്തെയും അനുഭൂതികളെയും പരിപോഷിപ്പിച്ച അദ്ദേഹം മരണം വരെ കവിയായി തുടർന്ന അപൂർവ വ്യക്തിത്വമായിരുന്നുവെന്നും അടൂർ പറഞ്ഞു. ഒ.എൻ.വി.യുടെ കവിതകളിലെ വരികൾ ചൊല്ലിക്കൊണ്ടാണ് അടൂർ പ്രണാമമർപ്പിച്ചത്.
ഒ.എൻ.വി.ക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ചാണ് കവി പ്രഭാവർമ ഓർമ്മകൾ നിറച്ചത്. 'ഒളിവിൽ താമസിച്ചിരുന്ന കമ്യൂണിസ്റ്റ് നേതാവ് എം.എൻ.ഗോവിന്ദൻ നായരെ കാണാൻപോയതായിരുന്നു ചെറുപ്പക്കാരനായ ഒ.എൻ.വി. അഷ്ടമുടിക്കായലിനു തീരത്തെ ഒളിസ്ഥലത്ത് രാത്രി വൈകിയാണെത്തിയത്. കവിയാണെന്നറിഞ്ഞപ്പോൾ, എന്തെങ്കിലും ചൊല്ലാൻ എം.എൻ. പറഞ്ഞു.
അപ്പോൾ ആകാശത്തു തെളിഞ്ഞ ചന്ദ്രനെ നോക്കി ആദ്യമായി പാടിയതാണ് 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ... ആ പ്രശസ്‌തവരികളുടെ പിറവിയെക്കുറിച്ച് ഒ.എൻ.വി. പിന്നീട് തന്നോടു പറഞ്ഞതാണത് -പ്രഭാവർമ്മ ഓർമ്മിച്ചു.
കവി കെ.ജയകുമാർ ഇംഗ്ലീഷിലേക്കു വിവർത്തനംചെയ്‌ത ഒ.എൻ.വി. കവിതകളുടെ സമാഹാരം ചടങ്ങിൽ പ്രകാശിപ്പിച്ചു. നടൻ മധു വീഡിയോ സന്ദേശത്തിലൂടെ അനുസ്‌മരണത്തിന്റെ ഭാഗമായി.
'ഒ.എൻ.വി.യെ ഓർക്കാതിരിക്കാൻ ഒരു ദിവസവും കഴിയാറില്ല. പാട്ടായോ കവിതയായോ അദ്ദേഹം എന്നും കാതുകളിലെത്തും' -മധു പറഞ്ഞു.
കവയിത്രി മറാസ്മേരി, ആർക്കിടെക്ട് ജി.ശങ്കർ, പിരപ്പിൻകോട് മുരളി, ഒ.എൻ.വി.യുടെ ഭാര്യ സരോജിനി, ജി. രാജ്‌മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
ഒ.എൻ.വി.യുടെ മകൻ രാജീവ് ഈണമിട്ട ഗാനങ്ങൾ സൂര്യഗാഥാ സംഘം അവതരിപ്പിച്ചു
വിമെൻസ് കോളജിലെ മലയാള വിഭാഗത്തിൻ്റെ സഹകരണത്തോടെ ഒ.എൻ.വി. കൾച്ചറൽ അക്കാദമി സംഘടിപ്പിച്ച പരിപാടിയിൽ 'ഒ.എൻ.വി.യുടെ കാവ്യലോകം' എന്ന വിഷയത്തിൽ നിരൂപകൻ ഡോ. പി.സോമൻ, ഡോ. ടി.കെ.സന്തോഷ് കുമാർ, ഡോ. ബെറ്റിമോൾ മാത്യു, ഡോ. വി. ലാലു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group