
പന്ത്രണ്ട്കാരി നൈഷയുടെ കുതിരയോട്ടത്തിന്
മെഡലുകളുടെ കിലുക്കം :
ചാലക്കര പുരുഷു
തലശ്ശേരി:പന്ത്രണ്ടുവയസ്സുകാരി നൈഷ വിതുൻ, കുതിരസവാരിയുടെ ലോകത്ത് തരംഗമായി മാറി, കേവലം പത്ത് മാസത്തെ പരിശീലനത്തിനിടയിൽ കുതിരസവാരിയിൽ ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ ജെഎൻഇസി സ്ഥാനം നേടി. കേണൽ വിതുൻ മോഹന്റെ മകളും മേജർ(റിട്ട.) ചാത്തമ്പള്ളി പി.പി.മോഹനന്റെ ചെറുമകളുമായ നൈഷയുടെ യാത്ര, കുതിരസവാരിയോടുള്ള അവരുടെ അശ്രാന്തമായ സമർപ്പണത്തിന്റെയും അഭിനിവേശത്തിന്റെയും തെളിവാണ്.
2023 ഡിസംബറിൽ ജോധ്പൂരിലെ കൊണാർക്ക് കുതിരസവാരി പരിശീലന നോഡിൽ (കെഇടിഎൻ) മുൻ പരിചയമില്ലാതെ നൈഷ തന്റെ കുതിരസവാരി യാത്ര ആരംഭിക്കുയായിരുന്നു., കായിക വിനോദത്തോടുള്ളപെൺകുട്ടിയുടെ സ്വാഭാവിക അടുപ്പംപിന്നീട് മികവിന്റെ ശ്രദ്ധേയമായ പരിശ്രമമാക്കി മാറ്റി.
അഭിമാനകരമായ ഒട്ടേറെ കുതിരസവാരി ഇവന്റുകളിലെ അവളുടെ ശ്രദ്ധേയമായ നേട്ടങ്ങളുടെ പട്ടികയിൽ ഇവ ഉൾപ്പെടുന്നു:2023ൽ: ബാംഗ്ലൂർ കുതിരസവാരിയിൽ രണ്ട് സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി. 2024
ഫെബ്രുവരിയിൽ ജോധ്പൂരിലെ മാർവാർ കുതിരസവാരിയിൽ വെള്ളി മെഡലും,. 2024
ജൂലൈയിൽ ജയ്പൂരിലെ റിസാല ഹോഴ്‌സ് ഷോയിൽ ഒരു സ്വർണ്ണവും മൂന്ന് വെള്ളിയും സ്വന്തമാക്കി.
ഒക്ടോബറിൽ: ജയ്പൂരിൽ ദേശീയ യോഗ്യതാ മത്സരത്തിൽ പങ്കെടുത്തു, ഡൽഹി കന്റോൺമെന്റിൽ ഒക്ടോബറിൽനടന്ന ജെ.എൻ.ഇ.സി -2024 നായുള്ള ദേശീയ യോഗ്യതാ മത്സരത്തിലും യോഗ്യത നേടി, ഡൽഹിയിലെ ബിജ്വാസനിൽ ഒക്ടോബറിൽ നടന്ന ദേശീയ യോഗ്യതാ മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
ചിത്രവിവരണം:നൈഷ വിതുൻ കുതിര സവാരിയിൽ

ഉത്സവാരവം തുടങ്ങി:
അണ്ടലൂര്‍ക്കാവിലേക്ക് ഏഴുനാൾ ഭക്തജനപ്രവാഹം.
ചാലക്കര പുരുഷു
തലശ്ശേരി: രാമായണ കഥയെ ആധാരമാ ക്കിയുള്ള ഏഴുദിവസം നീണ്ടുനില്‍ക്കുന്നഅണ്ടല്ലൂർ കാവ് ഉത്സവത്തിന് പ്രൗഢമായ തുടക്കം.
ധര്‍മടം പഞ്ചായത്തിലെ അണ്ടലൂര്‍, മേലൂര്‍, ധര്‍മടം, പാലയാട് ദേശക്കാര്‍ക്ക് രാവെന്നോ പകലെന്നോഭേദമില്ലാതെ. ഒരേ മനസ്സോടെ ഏതുനേരവുംക്ഷേത്രത്തിലേക്ക് കൂട്ടമായും തനിച്ചും അവര്‍ഒഴുകിക്കൊണ്ടിരിക്കും .
തെയ്യക്കോലങ്ങളുടെ അപൂര്‍വതകൊണ്ടും വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ് ഇവിടം. മറ്റ് ക്ഷേത്രങ്ങളില്‍നിന്ന് വ്യത്യസ്തമായാണ് ചടങ്ങുകളുടെ പേര് പോലും. തേങ്ങതാക്കല്‍, ചക്കകൊത്തല്‍,കുളുത്താറ്റല്‍, മെയ്യാലുകൂടല്‍, തടവ് പൊളിച്ച്പാച്ചല്‍, നിരക്കിപ്പാച്ചല്‍, തറമ്മല്‍തിക്ക്, കുഴച്ചൂണ്‍ തുടങ്ങി ഉത്സവവുമായി ബന്ധപ്പെട്ട നിരവധി ചടങ്ങുകളുണ്ട്. കുംഭം രണ്ടിന് ക്ഷേത്രത്തില്‍ ചക്കകൊത്തല്‍ ചടങ്ങ് കഴിഞ്ഞേ ഗ്രാമവാസികള്‍ ചക്ക കഴിക്കൂ. ആദ്യഫലം ദേവന് സമര്‍പ്പിക്കുകയെന്നതാണ് കീഴ് വഴക്കം
ഉത്സവം രാമായണകഥ ഇതിവൃത്തമാവുന്ന തെയ്യാട്ടങ്ങളാണ്. പ്രധാന ആരാധനാമൂര്‍ത്തിയായ ദൈവത്താര്‍ (ശ്രീരാമന്‍) ആണ്. അങ്കക്കാരന്‍ (ലക്ഷ്മണന്‍), ബപ്പൂരാന്‍ (ഹനുമാന്‍), അതിരാളവും മക്കളും (സീതയും ലവകുശന്മാരും) എന്നിവയും കെട്ടിയാടുന്നു. രാമായണകഥയുമായി ബന്ധമില്ലാത്ത മലക്കാരി, പൊന്‍മകന്‍, പുതുച്ചേകവന്‍, വേട്ടയ്‌ക്കൊരുമകന്‍, തൂവക്കാലി, നാക്കണ്ഠന്‍ (നാഗകണ്ഠന്‍), നാപ്പോതി (നാഗഭഗവതി) തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടും. ഉത്സവത്തിന്റെ മൂന്നാംദിനം രാത്രി വൈകി മേലൂര്‍ മണലില്‍നിന്ന് കുടവരവ് നടക്കും. ഈ ഓലക്കുട ക്ഷേത്രത്തിലെത്തിയാലാണ് തെയ്യാട്ടങ്ങള്‍ക്ക് തുടക്കമാവുക.
ബാലി-സുഗ്രീവ യുദ്ധം
കുംഭം നാലിന് ഉച്ചയ്ക്ക് ഒരുമണിയോടെ ക്ഷേത്രമുറ്റത്ത് ബാലി-സുഗ്രീവ യുദ്ധം നടക്കും. ഉത്സവത്തിന്റെ പ്രധാന ആകര്‍ഷങ്ങളില്‍ ഒന്നാണ് ഇത്. വൈകീട്ട് മെയ്യാലുകൂടല്‍, തര്‍മല്‍ കയറല്‍, തുടര്‍ന്ന് ദൈവത്താര്‍ പൊന്‍മുടിയണിയും. ഇതോടെ സഹചാരികളായ അങ്കക്കാരനും ബപ്പൂരാനും തിരുമുടിയണിയും. രാത്രി താഴേക്കാവിലേക്ക് എഴുന്നള്ളത്ത്. താഴേക്കാവിലെ ചടങ്ങുകള്‍ക്കുശേഷം മേലെക്കാവിലേക്ക് തിരിച്ചെഴുന്നള്ളത്ത്.
വ്രതശുദ്ധിയോടെ

ഉത്സവദിവസങ്ങളില്‍ മത്സ്യവില്പനക്കാര്‍ ഗ്രാമത്തിലേക്ക് വരികയില്ല. ഹോട്ടലുകളിലും സസ്യാഹാരം മാത്രമേ ലഭിക്കൂ. പ്രധാന ആരാധനാമൂര്‍ത്തിയായ ദൈവത്താറിനൊപ്പം നില്‍ക്കുന്നവരാണ് മെയ്യാലുകൂടുന്നവര്‍. മെയ്യാലുകൂടുന്നവര്‍ ഗ്രാമം വിട്ടുപോകരുതെന്നത് അലിഖിത നിയമമാണ്. കുളുത്താറ്റിയവര്‍ എന്നാണ് വ്രതനിഷ്ഠരായവര്‍ അറിയപ്പെടുന്നത്. ദൈവത്താറിനൊപ്പം (ശ്രീരാമന്‍) നില്‍ക്കുന്ന വാനരപ്പടയാണ് ഇവരെന്നാണ് സങ്കല്‍പ്പം. വേലിയിറക്കവുംവേലിയേറ്റവും നോക്കിയാണ് ക്ഷേത്രത്തിലെ ചടങ്ങ് നടക്കുന്നത്.

പ്രതിമ അനാവരണം ഇന്ന്.
അണ്ടലൂര്‍ക്കാവിലെ തെയ്യം മ്യൂസിയത്തില്‍ അങ്കക്കാരന്റെയും ബപ്പൂരന്റെയും പൂര്‍ണകായ പ്രതിമ 14-ന് അനാവരണം ചെയ്യും. ശില്പി പ്രതീഷ് മേലൂരാണ് നിര്‍മിച്ചത്

പ്രതിഷ്ഠാദിന മഹോത്സവത്തിന് ഭക്തജനപ്രവാഹം
തലശ്ശേരി: ഗുരുദേവ നാൽ സ്ഥാപിതമായ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്നലെ കാലത്ത് മുതൽ ഭക്തജനപ്രവാഹം.
കാലത്ത് 5 മണിക്ക് നിർമാല്യ ദർശനത്തോടെയാണ് ചടങ്ങുകളാരംഭിച്ചത്. അഭിഷേകം, മഹാഗണപതി ഹവനം, ഗുരുദേവ പ്രതിമയിൽ അഭിഷേകം. ഗുരുപൂജ, എതൃത്ത് പൂജ 8.30 ശീവേലി എഴുന്നള്ളിപ്പ്.പഞ്ചവിംശതി കലശം ധാര, കലശാഭിഷേകം. തേന ഭിഷേകം കളഭചാർത്ത്,മദ്ധ്യാഹ്ന പൂജ. ഗണപതിക്ക് അവിൽ നിവേദ്യം അപ്പനിവേദ്യം പഞ്ചാമൃത നിവേദ്യം, പ്രസാദ ഊട്ട്. നിറമാല, ചുറ്റുവിളക്ക്. ദീപാരാധന.
നൃത്ത സംഗീത സന്ധ്യ.
പുഷ്പാഭിഷേകം. അത്താഴ പൂജ . ശീവേലി എഴുന്നള്ളിപ്പ് എന്നിവയുണ്ടായി. ഉദയൻ ശാന്തി, വിനു ശാന്തി കാർമ്മികത്വം വഹിച്ചു പ്രസിഡണ്ട് അഡ്വ: കെ.സത്യൻ
ഡയറക്ടർമാരായ കണ്ട്യൻഗോപി, രാജീവൻ മാടപ്പീടിക, രാഘവൻ പൊന്നമ്പത്ത്,
വളയം കുമാരൻ , ടി.സി. ദിലീപ് നേതൃത്വം നൽകി.
ചിത്രവിവരണം: ജഗന്നാഥന് പുഷ്പാഭിഷേകം നടത്താൻ പ്രസിഡണ്ട് അഡ്വ..കെ.സത്യനും ഡയറക്ടർമാരും എത്തിയപ്പോൾ

കെ.ടി.കെ കമലാക്ഷിനിര്യാതയായി.
മാഹി: ജീവകാരുണ്യ പ്രവർത്തകയായ
ചാലക്കര വാണിയം കണ്ടി അക്ഷരയിൽ കെ.ടി.കെ. കമല (73)
നിര്യാതയായി.
കണാരൻ -ജാനു ദമ്പതികളുടെ മകളാണ്.
ചാലക്കര ചൈതന്യ മഹിളാ സമാജം പ്രസിഡണ്ടും, മഹിള കോൺഗ്രസ്സ് നേതാവുമായിരുന്നു. ഭർത്താവ്: രാമചന്ദ്രൻ (റിട്ട. കൺസോളിഡേറ്റഡ് കോഫി, തലശ്ശേരി). മക്കൾ: നവനീത് (കാനഡ), ജോഷി (ദുബായ്), ഷീന ( ചിത്രകാരി, അദ്ധ്യാപിക, അംബേദ്ക്കർ പബ്ലിക് സ്കൂൾ, ചാലക്കര) മരുമക്കൾ: നിമിഷക്രാനഡ),( ജസ്ന.(ഒളവിലം) സഹോദരങ്ങൾ: ശകുന്തള, ശോഭ
എഴുതിരിവിളക്കണഞ്ഞു...
എണ്ണതീരും മുമ്പുതന്നെ..
ചാലക്കര പുരുഷു
മാതൃ സ്നേഹം ചാലിട്ടൊഴുകിയ
ഒരു ഉറവ കൂടി ചാലക്കരയുടെ ഗ്രാമ്യ മണ്ണിൽ അകാലത്തിൽ വറ്റിപ്പോയിരിക്കുന്നു
വാത്സല്യത്തിന്റെ , കാരുണ്യത്തിന്റെ , ആ അമ്മ മുഖം ഇനി ഓർമ്മകളിൽ ഒളിമങ്ങാതെ കിടക്കും.
വാണിയങ്കണ്ടിയിൽ കമലേച്ചി ഒരു കാലഘട്ടത്തിന്റെ , നാട്ടുനൻമയുടെ പൂമരമായി നമുക്കെല്ലാം തണലും, കുളിരും സുഗന്ധവുമായി ഒരു ഗ്രാമമാകെ പതിറ്റാണ്ടുകളോളം പരിലസിച്ചു നിന്നു .
ഇളനിർ കാമ്പിന്റെ മാധുര്യവും, സഹന ശേഷിയുടെ കരുത്തും , സംഘശക്തിയുടെ അസാധാരണത്വവും സന്നിവേശിച്ച ആ ഹൃദയം നിലച്ചു.
അതിവിപുലമായ സൗഹൃദങ്ങളെ ബന്ധുത്വമാക്കുന്ന സ്വഭാവ വൈശിഷ്യവും, സഹജീവികളോടുള്ള സഹാനുഭൂതിയും , എല്ലാവർക്കും നല്ലത് വരണമെന്ന ചിന്തയുമാണ് ഈ മഹതിയെ നാടിന്റെ അമ്മയാക്കി മാറ്റിയത്.
ജീവകാരുണ്യ വഴിയിൽ തന്നെക്കൊണ്ട് ആവുന്നതത്രയും ചെയ്തിട്ടുള്ള ഈ മനുഷ്യ സ്നേഹി , പശുവിനും ,പൂച്ചക്കും, പട്ടിക്കും, പക്ഷികൾക്കു പോലും പോറ്റമ്മയായി. അവയെപരിലാളിക്കുന്നതിൽ മാതൃത്വത്തിന്റെ ആത്മനിർവൃതി നുകർന്ന അപൂർവ്വ വ്യക്തിത്വം..
മരണ വീടുകളിൽ, കല്യാണ വേളകളിൽ സഹായിയായും, രോഗികളും, അവശരുമുള്ളിടങ്ങളിൽ, കാരുണ്യത്തിന്റെ കാവലാളായും ആഘോഷ വേളകളിൽ ആവേശത്തിന്റെ നിറ ദീപമായും എന്നും കമലേച്ചി നിറഞ്ഞു നിൽക്കുന്നുണ്ടാവും.
കശുമാവും തേൻമാവും ഞേറലും, പിലാവും, മുരിക്കും, കവുങ്ങും, തേക്കും, കാപ്പിയും, ജാതിയുമെല്ലാം ഇടതൂർന്ന് വനാന്തരീക്ഷമുള്ള കുന്നിൽ ചെരിവിലെ വിശാലമായ പറമ്പിലെ വീട്ടിലാണ് പ്രകൃതിയെ നെഞ്ചേറ്റിയ ഈ അമ്മ പിറന്നത്. നാട്ടിലെ കൗമാര-യൗവ്വനങ്ങളെയടക്കം വനിതാ ശാക്തികരണത്തിന്റെ കരുത്തുറ്റ സംഘടനയാക്കി ചൈതന്യ വനിതാ സമാജത്തെ വളർത്തിയെടുത്തത് കമലേച്ചിയുടെ നേതൃശേഷിയുടെ മുകുടോദാഹരണമാണ്.
കാലം നാടിന് സമ്മാനിച്ച
ആ ധന്യജീവിതത്തെ 73 വർഷത്തിനൊടുവിൽ കാലം തന്നെ തിരിച്ചെടുത്തിരിക്കുന്നു.
ചാലക്കരയുടെ ചാലക ശക്തിയായിരുന്ന കെ.ടി.കെ ബാലകൃഷ്ണന്റെ വേർപാട് ഇന്നും നൊമ്പരപ്പെടുത്തുന്ന ചാലക്കരയുടെ മനസ്സിനെ, മരുമകൾ കമലേച്ചിയുടെ വിട പറയൽ, അക്ഷരാർത്ഥത്തിൽ ദുഃഖസാന്ദ്രമാക്കുയൊയിരുന്നു.
വ്യാഴത്തിന്റെ നെറുകൈയിൽ ദുഃഖം ഘനീഭവിച്ച ചാലക്കരയുടെ ആകാശസീമകളിൽ ഒരു ധ്രുവ നക്ഷത്രം കൂടി പിറന്നിരിക്കണം.

ഷട്ടിൽ കോർട്ട് ഉദ്ഘാടനംചെയ്തു
തലശ്ശേരി:തിരുവങ്ങാട് ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ : യു. പി സ്കൂളിൽ നിർമ്മിച്ച ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം പ്രശസ്ത ബാഡ്മിന്റൺ താരം സാദിക്ക് പിലാക്കണ്ടി നിർവഹിച്ചു. സ്കൂളിൽ ബാഡ്മിന്റൺ പരിശീലനവും ആരംഭിച്ചു.
പ്രസിഡന്റ് പി.സി.. നിഷാന്ത് അധ്യക്ഷത വഹിച്ചു.എസ്.എം.സി.ചെയർമാൻ എം.വി. സുധീഷ്,മദർ പി.ടി.എ, പ്രസിഡന്റ് ബെറ്റി അഗസ്റ്റിൻ, ഇ മിനി , കെ. അൻസാർ സംസാരിച്ചു.
ഹെഡ് മാസ്റ്റർ കെ.പി..ജയരാജൻ സ്വാഗതം പറഞ്ഞു.
ചിത്രവിവരണം.. ഒ. ചന്തുമേനോൻ സ്കൂളിൽ
ഷട്ടിൽ കോർട്ട്
ബാഡ്മിന്റൺ താരം സാദിക്ക് പിലാക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു
കെ.കെ.നാരായണൻ നിര്യാതനായി.
തലശ്ശേരി:മാക്കുനി നിഷാന്തിൽ കെ.കെ നാരായണൻ (83) നിര്യാതനായി. തലശേരി ആർ എം എസിലെ റിട്ട. എസ് ആർ ഒ ആയിരുന്നു.. പന്ന്യന്നൂർ ഗ്രാമപഞ്ചായത്തംഗം, കൺസ്യൂമർ കോ ഓപ്പറേറ്റീവ് സ്റ്റോർ ഡയറക്ടർ, കർഷക സംഘം ചമ്പാട് വില്ലേജ് ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സാമൂഹ്യ - രാഷ്ട്രീയരംഗങ്ങളിലെ സ്ഥിരംസാന്നിധ്യമായിരുന്നു. ഭാര്യ:ശാരദ
മക്കൾ: നിഷാന്ത് (ദുബൈ), നിഷ (ബോംബെ)മരുമക്കൾ: പ്രകാശൻ (റെയിൽവെ), ജിജി സഹോദരങ്ങൾ:. കെ.കെ ജാനകി, കെ.കെ ദിവാകരൻ സംസ്കാരം: വെള്ളിയാഴ്ച ഉച്ചക്ക് 12ന് കണ്ടിക്കൽ ശ്മശാനത്തിൽ നടക്കും.

രാധ നിര്യാതയായി
തലശ്ശേരി :കോടിയേരി മുളിയിൽ നട ആരതിയിൽ തിരുമംഗലത്ത് രാധ ( 79 നിര്യാതയായി
പിതാവ് :പരേതനായ വി.കെ. കരുണാകരൻ നായർ
അമ്മ :പരേതയായ ടി. ദേവകി അമ്മ
സഹോദരങ്ങൾ:
അംബുജാക്ഷി ( മുഴിക്കര ) ഗിരിജ ( റിട്ടയേർഡ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കോഴിക്കോട്, ഇന്ദിര ( റിട്ടയർഡ് സിൻഡിക്കറ്റ് ബാങ്ക് , റീജിയണൽ ഓഫീസ് കണ്ണൂർ
പരേതരായ ശാന്ത, പാർവ്വതി ടീച്ചർ, രാമചന്ദ്രൻ
സഞ്ചയനം: ഞായറാഴ്ച

തൈയ്യുള്ളതിൽ വീട്ടിൽ വി.വി.
ഭാസ്ക്കരൻ (80 ) നിര്യാതനായി.
തലശ്ശേരി:കതിരൂർമലാൽ എ.കെ.ജി ക്ലബ്ബിന് സമീപം തൈയ്യുള്ളതിൽ വീട്ടിൽ വി.വി.ഭാസ്ക്കരൻ (80 ) നിര്യാതനായി. പരേതരായ കുമാരൻ', മാധവിദമ്പതികളുടെ മകനാണ്
ഭാര്യ :രജ്ഞിനി
മക്കൾ: ജിബിൻ, അഞ്ജുന, അനഘ
മരുമക്കൾ :ശ്രീകാന്ത് (ഇരിക്കൂർ)
ഷിഖേജ് (അഴിയൂർ)
സഹോദരങ്ങൾ
ചന്ദ്രൻ, പരേതരായ നാരായണൻ, ബാലകൃഷ്ണൻ
റേഡിയോ ദിനാചരണം കാതുകമായി
മാഹി : ഗവൺമെൻറ് മിഡിൽ സ്കൂൾ അവറോത്ത് റേഡിയോ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജൻവാണി 90.8 എഫ് എം സ്റ്റേഷൻ ഡയറക്ടർ നിർമ്മൽ മയ്യഴി ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി സീതാലക്ഷ്മി അധ്യക്ഷയായി. ജൻവാണി എഫ് എം പ്രോഗ്രാം എക്സിക്യുട്ടിവ് യതീഷ് നാരായണൻ, ഷൈനി എം, എ ബിജുഷ, ടി വി ജമുനബായ് സംസാരിച്ചു.
വിനോദത്തിനപ്പുറം വിജ്ഞാനത്തിന് പ്രാധാന്യം നൽകുന്ന ജൻവാണി കമ്മ്യൂണിറ്റി എഫ് എം റേഡിയോ ദിനത്തിലെ എല്ലാ പരിപാടികളും നിയന്ത്രിച്ചത് ഗവൺമെൻറ് മിഡിൽ സ്കൂൾ അവറോത്തിലെ റേഡിയോ ക്ലബ്ബ് കുഞ്ഞാറ്റ കൂട്ടമായിരുന്നു. റേഡിയോ സ്റ്റേഷനിലെ പരിപാടികൾക്ക് ജയിംസ് സി ജോസഫ്, ടി സജിത, കെ ഷിജിന, എം ഷൈനി, ടിവി സൗജത്ത് നേതൃത്വം നൽകി
ചിത്രവിവരണം: ജൻവാണി 90.8 എഫ് എം സ്റ്റേഷൻ ഡയറക്ടർ നിർമ്മൽ മയ്യഴി ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു
കീഴ്ന്തൂർ ഭഗവതി ക്ഷേത്രോത്സവം
ഇന്ന് തുടങ്ങും
മാഹി. പ്രസിദ്ധമായ ചാലക്കര ശ്രീ കീഴന്തൂർ തിറ മഹോത്സവംഇന്നും നാളെയും നടക്കും.
14 ന് രാവിലെ 11 ന് വെറ്റില കൈനിട്ടം, തുടർന്ന് കാവുണർത്തൽ .വൈകിട്ട് താലപ്പൊലി വരവ്. വെള്ളാട്ടങ്ങൾ
15 ന് കാലത്ത് മുതൽ ഗുളികൻ , ഘണ്ടാകർണ്ണൻ , ശാസ്തപ്പൻ, , കാരണവർ, നാഗഭഗവതി, വസൂരിമാല തെയ്യങ്ങൾ കെട്ടിയാടും.
തുടർന്ന് ഗുരുതി. പ്രസാദ ഊട്ടും ഉണ്ടായിരിക്കും

തുറമുഖ വികസനവും ഫിഷ് മാർക്കറ്റ് നിർമ്മാണവും ത്വരിതപ്പെടുത്തും
തലശ്ശേരി :തുറമുഖ വികസനവും ഫിഷ് മാര്‍ക്കറ്റ് നിർമ്മാണവും
ത്വരിതപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനമായി.
തലശ്ശേരിതുറമുഖവികസനത്തിനായി കയ്യേറ്റ ഭൂമി ഒഴിപ്പിക്കാനും,, ചാലില്‍ ഗോപാലപ്പെട്ട ഫിഷ് മാര്‍ക്കറ്റ് നിര്‍മ്മാണം ത്വരിതപ്പെടുത്താനുമാണ് സ്പീക്കർ എ എൻ ഷംസീറിൻ്റെ അദ്ധ്യക്ഷതയില്‍, സ്പീക്കറുടെ ചേംബറില്‍ ചേർന്ന ഫീഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പുകള്‍, മാരിടൈം ബോര്‍ഡ് എന്നിവയുടെ സംയുക്ത യോഗം തീരുമാനിച്ചത്.
ഡ്രഡ്ജിംഗ് നടത്തി തലായി തുറമുഖം ശരിയായ നിലയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ഫിംഗര്‍ പോര്‍ട്ടില്‍ ബോട്ടുകള്‍ അടുപ്പിക്കുന്നതിനും അവിടെ ഹോള്‍സെയില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനും നടപടിസ്വീകരിക്കണമെന്ന്സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വ്വേ നടപടികള്‍ ഫെബ്രുവരി 20-ന് ആരംഭിക്കും.
ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് അനധികൃത കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കുന്നതിനും ആദ്യഘട്ടത്തില്‍ അനധികൃതമായി കയ്യേറിയ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും.
ഫിഷ് മാര്‍ക്കറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അണ്‍സര്‍വ്വേയ്ഡ് ലാന്റിന് പെര്‍മിസ്സീവ് സാങ്ഷന്‍ നല്‍കുന്നതിന് മത്സ്യബന്ധന വകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കും.
ആര്‍. ഐ.ഡി.എഫ് .ല്‍ ഉള്‍പ്പെടുത്തി ന്യൂമാഹി മുതല്‍ മണക്കാമുക്ക് വരെയുള്ള തീരദേശ മേഖല ഹെറിറ്റേജ് ടൂറിസത്തിനും കോസ്റ്റല്‍ ബിനാലെ ഭാവിയില്‍ സംഘടിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ഉന്നമനം കൂടി ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതിആരംഭിക്കുന്നതിനുമുള്ള നടപടിയുണ്ടാകും.
കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ ഓണ്‍ലൈനായും, ഫിഷറീസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍, ഐ.എ.എസ്, ഡയറക്ടര്‍ സഫ്ന നസറുദ്ദീന്‍ ഐ.എ.എസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി, മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള, സി.ഇ.ഒ ഷൈന്‍ എ. ഹഖ്, കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ടി. വി. ബാലകൃഷ്ണന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയശ്രീ എം., സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പി.എസ് അര്‍ജുന്‍ എസ്. കെ. എന്നിവര്‍ നേരിട്ടും യോഗത്തില്‍ പങ്കെടുത്തു.
ചിത്രവിവരണം.. സ്പീക്കറുടെ ചേമ്പറിൽ നടന്ന ഉന്നതതല യോഗം

എൻ സി സി കേഡറ്റുകൾ തലശ്ശേരി കടൽതീരം ശുചികരിച്ചു
തലശ്ശേരി :പുനീത് സാഗർ അഭിയാന്റെ ഭാഗമായി വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ നേതൃത്വത്തിൽ സ്‌കൂളുകളിലെയും കോളേജുകളിലെയും എൻ സി സി കേഡറ്റുകൾ ചേർന്ന് തലശ്ശേരി കടൽ തീരംശുചികരിച്ചു .പരിപാടിയിൽ 250 കേഡറ്റുകൾ പങ്കെടുത്തു .പരിപാടിയുടെ ഉദ്ഘാടനം വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ സുബേദാർ മേജർ എഡ്‌വിൻ ജോസ് നിർവഹിച്ചു .എൻ സി സി ഓഫീസർ പോൾ ജസ്റ്റിൻ സ്വാഗതം പറഞ്ഞു. .എൻ സി സി ഓഫീസർമാരായെ സജേഷ്കുമാർ , ,ബിനിഷ ,ടി .പി രാവിദ് പരേഡ് ഇൻസ്ട്രക്ടർമാരായ ഹവിൽദാർ ജയരാമൻ ,ഹവിൽദാർ ഹോജ ,ഔസേപ്പ് ,നിധീഷ് ,സുനിൽകുമാർപങ്കെടുത്തു .
ചിത്ര വിവരണം:എൻ.സി.സി. കേഡറ്റുകൾ കടൽത്തീരം ശുചീകരിക്കുന്നു

ഇടംകൈയ്യൻ ബാറ്റ്സ്മാൻ സെൽമാൻ നിസാർ മലയാളത്തിന്റെ അഭിമാനമായി
ചാലക്കര പുരുഷു
തലശ്ശേരി: രഞ്ജി ട്രോഫി , സെമിയിൽ അഭിമാനകര മായ നേട്ടങ്ങൾ കൈവരിച്ച് ,കേരളത്തിന്റെ പുതുപ്രതീക്ഷയായിത്തീർന്ന സാൽമാൻ നിമ്പാർ തലശ്ശേരിയുടെ അഭിമാനമായി.
കഴിഞ്ഞ അഞ്ച് വർഷക്കാലമായി തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡി ത്തിലെ മിന്നും താരമായ സൽമാൻ നിസാർ ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ അന്തരാത്മാവിലെ കൊടുങ്കാറ്റായി മാറിയത്, അതി കഠിനമായ പരിശീലനത്തിന്റേയും, കടുത്ത അച്ചടക്കത്തിന്റേയും വഴിത്താരയിലൂടെയായിരുന്നു.. അടുക്കും ചിട്ടയുമാർന്ന പരിശിലനം എളിമയും, ലാളിത്യവുമുള്ള പെരുമാറ്റം. ജൂണിയേർസിന് എന്നും മോട്ടിവേഷൻ നൽകുന്ന പ്രകൃതം.... ഇതൊക്കെയാണ് ഇടംകൈയ്യൻ സൽമാൻ നിസാറിന്റെ സ്വഭാവ വൈശിഷ്യമെന്ന് സുഹൃത്തും ജില്ലാക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടുമായ എ.സി.എം. ഫിജാസ് അഹമ്മദ് പറയുന്നു. ഓപ്പണിങ്ങ് മുതൽ ഏഴ് വരെയുള്ളയുള്ള പൊസിഷനുകളിൽ ബാറ്റ് ചെയ്ത് പലവട്ടം പ്രതിഭ തെളിയിച്ച ക്രിക്കറ്റർ. കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിന്റെ ക്യാപ്റ്റനായിരുന്നു സാൽമാൻ.ബി.സി.സി.യുടെവിജയ്ഹസാരെടൂർണ്ണമെന്റിൽതിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചിരുന്നു.
ഒൻപതാം വയസ്സിൽ തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ സെൽമാൻ പിന്നീട് എറണാകുളം ക്രിക്കറ്റ് അക്കാദമിയിൽ നിന്നാണ് ഉപരി പരിശീലനം നേടിയിരുന്നത്.
വിജയ്മർച്ചന്റ് ട്രോഫി , വിനു മംഗത് ട്രോഫി , കൂച്ച് ബഹാർ ട്രോഫി , കേണൽ സി.കെ.നായിഡു ട്രോഫി എന്നിവയിൽ സെഞ്ച്വറികളുംഅർദ്ധസെഞ്ച്വറികളും വാരിക്കൂട്ടി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ഇരുത്തം വന്ന കളിക്കാരനായിരുന്നു ഈ ചെറുപ്പക്കാരൻ.
2018-19 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ പ്രവേശിച്ച കേരള ടീമിൻറെ ഭാഗമായിരുന്നു സൽമാൻ നിസാർ.2023-24 സീസണിൽ വിസിയനഗരത്ത് നടന്ന രഞ്ജി ട്രോഫി മൽസരത്തിൽ ആന്ധ്രക്കെതിരെ സൽമാൻ നിസാർ 58 റൺസെടുത്തു. തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ സൽമാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരള സീനിയർ ടീം,അണ്ടർ 23, അണ്ടർ 19,അണ്ടർ 16,അണ്ടർ 14 കേരള ടീമിലെ സ്ഥിരം സാന്നിദ്ധ്യമാണ് .സ്ഥിരതയാർന്ന പ്രകടനമാണ് ഇടം കൈയ്യൻ മധ്യനിര ബാറ്റ്സ്മാനായ സൽമാനെ ഇത്തവണയും കേരള ടീമിലേക്ക് സ്ഥാനമുറപ്പിക്കാൻ സഹായിച്ചത്.തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാട്ടേഴ്സിനടുത്ത് ബയ്ത്തുൽ നൂറിൽ മുഹമ്മദ് നിസാറിൻറെയും നിലോഫറിൻറേയും മകനായ സൽമാൻ നിസാർ ഇംഗ്ലീഷ് ബിരുദധാരിയാണ്. ലുക്ക്മാൻ ,മിഹ്സാൻ എന്നിവർ സഹോദരങ്ങളാണ്.
ചിത്ര വിവരണം: സൽമാൻ നിസാർ


മാഹി കോ - ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിൽ ഇന്നോവേഷൻ ദിനാചരണം
മാഹി : മാഹി കോ - ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിൽ(MCCHE&T) ഇൻസ്റ്റിറ്റ്യൂട്ട് ഇന്നോവേഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വിജയകരമായി ഇന്നോവേഷൻ ദിനാഘോഷം സംഘടിപ്പിച്ചു.മനുഷ്യൻ്റെ സുഗമമായ ഭാവിക്ക് ഇണങ്ങും വിധം കുട്ടികളിലെ സാങ്കേതിക കഴിവുകൾ പ്രോത്സാഹിപ്പിക്കുക, അവയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടി പ്രധാനമായും സ്വന്തമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ(AI) സഹായത്തോടെ മാനുഷിക വികാരങ്ങൾ മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന റോബോട്ട് വികസിപ്പിച്ചെടുത്ത Mr.സരൺ ലാൽ എന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയെ അനുമോദിക്കുക എന്ന ഉദ്ദേശത്തിൽ ഊന്നിയുള്ളതായിരുന്നു.
പരിപാടി Mr. രജീഷ് ടി വി (സ്റ്റാഫ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൊഫസർ പി.ജി.ഡിപ്പാർട്ട് മെൻ്റ് ഓഫ് കൊമേഴ്‌സ് ) നടത്തിയ സ്വാഗതഭാഷണത്തോടെ ആരംഭിച്ചു. തുടർന്ന് ഡോ. കെ.വി ദീപ്തി (വൈസ് പ്രിൻസിപ്പൽ, MCCHE&T)അധ്യക്ഷ സ്ഥാനം നിർവഹിച്ചു. അവർ സ്ഥാപനത്തിന്റെ നവീകരണ ശ്രമങ്ങളും പഠന രീതികളും പങ്കുവച്ചു.
ഉദ്ഘാടന ഭാഷണം ഡോ.ലക്ഷ്മി ദേവി സി.ജി(പ്രിൻസിപ്പൽ, MCCHE&T) നിർവഹിച്ചു. ഭാവിയെ രൂപപ്പെടുത്തുന്നതിൽ സാങ്കേതിക വിദ്യയുടെ പങ്കിനെ അത് വ്യക്തമാക്കി.
മുഖ്യാതിഥി ആയ Mr. സരൺ ലാൽ (റൊബോട്ടിക് ഡിസൈനർ) വിദ്യാർത്ഥികൾക്ക് റൊബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ ലോകത്തെക്കുറിച്ച് പ്രചോദനപരമായ വിവരങ്ങൾ പങ്കുവച്ചു.
MCCIT പ്രസിഡൻ്റ് ശ്രീ. സജിത് നാരായണൻ പരിപാടിയിൽ സന്നിഹിതനാവുകയും മുഖ്യാതിഥിയുമായി സംവദിക്കുകയും പ്രോൽസാഹനങ്ങൾ നൽകുകയും ചെയ്തു. ശ്രീമതി.ശ്രീഷ എം ടി കെ (മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം അധ്യക്ഷ) നന്ദി പ്രഭാഷണം നടത്തി.
ഇന്നോവേഷൻ ദിനാഘോഷം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറ്റവും പുതിയ സാങ്കേതിക പ്രവണതകൾ അന്വേഷിക്കാനും, ഭാവിയിലേക്ക് തയ്യാറെടുപ്പുകൾ നടത്തുവാനുമുള്ള ഒരു മികച്ച വേദിയായി മാറി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group