
ശ്രീകണ്ഠപുരം: മലയോര കുടിയേറ്റനഗരമായ ചെമ്പേരിയുടെ സൗന്ദര്യവത്കരണത്തിന് പുതിയ പദ്ധതി, ബജറ്റിൽ 90 ലക്ഷം രൂപയാണ് ടൗണിന്റെ മോടികൂട്ടാനായി അനുവദിച്ചത്. ചെമ്പേരി ടൗണിലെ കുരിശുപള്ളിയുള്ള റൗണ്ടിലും ഇവിടെനിന്ന് നടുവിൽ, ശ്രീകണ്ഠപുരം, പയ്യാവൂർ, ചുണ്ടപ്പറമ്പ് ഭാഗങ്ങളിലേക്കുള്ള റോഡിനിരുവശവുമാണ് നവീകരിക്കുക. ഇവിടെങ്ങളിൽ ടൈൽ, ഇൻ്റർലോക്ക് എന്നിവ വിരിച്ച നടപ്പാതയും കൈവരിയും ഒരുക്കും. വിളക്കുകളും സ്ഥാപിക്കും.
ചെമ്പേരിയിലെ ലൂർദ് മാതാ ദേവാലയം ബസിലിക്കയായതോടെ ഇവിടം ഇനി മലബാറിലെ ഏറ്റവും വലിയ മരിയൻ തീർഥാടനകേന്ദ്രമാകുമെന്നാണ് വിശ്വാസികൾ കരുതുന്നത്. കൂടുതൽ വിശ്വാസികൾ എത്തുന്നതിൻ്റെ ഭാഗമായി കൂടിയാണ് നഗരസൗന്ദര്യവത്കരണം നടത്തുന്നത്.
ഏരുവേശ്ശി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെമ്പേരി ബസ്സ്റ്റാൻഡിനോട് ചേർന്ന് പുതിയ ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടവും നിർമിക്കുന്നുണ്ട്. നിലവിലുള്ള മാർക്കറ്റ് കെട്ടിടം പൊളിച്ചാണ് രണ്ട് നിലകളുള്ള പുതിയ കെട്ടിടം പണിയുന്നത്. 1.5 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
കെട്ടിടം പൂർത്തിയായാൽ സപ്ലൈകോ ഉൾപ്പെടെയുള്ളവ ഇവിടെയായിരിക്കും പ്രവർത്തിക്കുക. ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഇതിൻ്റെ മൂന്നാം നിലയിൽ പൊതുപരിപാടികൾ നടത്താനുള്ള ഹാൾ നിർമിക്കും.
കഴിഞ്ഞ പഞ്ചായത്ത് ബജറ്റിൽ ചെമ്പേരിയിലെ ഈ സ്ഥലത്ത് 12 കോടി രൂപ ചെലവിൽ സിനിമാ തിയേറ്റർ ഉൾപ്പെടെയുള്ള വലിയ സിറ്റിസെൻറർ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതോടെ ഉപേക്ഷിക്കുകയായിരുന്നു.
ഹാപ്പിനസ് പാർക്ക്
പുതിയ ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം നിർമിക്കുന്ന ചെമ്പേരി മാർക്കറ്റിനടുത്തുള്ള പച്ചത്തുരുത്ത് കെട്ടിപ്പൊക്കി തടയണയും ഹാപ്പിനസ് പാർക്കും നിർമിക്കാനും പദ്ധതിയുണ്ട്. ഇതിനായി കഴിഞ്ഞ ബജറ്റിൽ ഒന്നാംഘട്ടമായി 25 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
ഹാപ്പിനസ് പാർക്കിൻ്റെ ഭാഗമായി പുഴയോട് ചേർന്ന് പൂന്തോട്ടവും ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ ചെമ്പേരിടൗണിലെ തിരക്കിൽനിന്ന് മാറി ശാന്തമായി വിശ്രമിക്കാനുള്ള സ്പോട്ട് കൂടിയായാണ് പദ്ധതി നടപ്പാക്കുക. നിലവിൽ ഈ സ്ഥലത്തേക്ക് ആളുകൾ അധികം വരാത്തതിനാൽ പലരും വന്ന് മാലിന്യം തള്ളാറുണ്ട്. ഹാപ്പിനസ് പാർക്ക് പൂർത്തിയായാൽ ഇത് തടയാനാകും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group