
സിതത്തോട് : ഗവി, മുഴിയാർ വനമേഖലയിലെ ആദിവാസി കുടുംബങ്ങൾക്ക്
വനമേഖലയിൽ തന്നെ വീട് നിർമ്മിച്ചുനൽകാൻ സർക്കാർ നടപടികളാകുന്നു. ഈ മേഖലയിൽ ഒട്ടേറെ കുടുംബങ്ങൾ വാസയോഗ്യമല്ലാത്ത വീടുകളിലാണ് കഴിയുന്നത്. ഇതിന് പരിഹാരമുണ്ടാക്കുന്നതിനായി കെ.യു.ജനീഷ്കുമാർ എം.എൽ.എ.ഏറെനാളായി നടത്തിവന്നിരുന്ന നീക്കങ്ങൾക്കൊടുവിലാണ് ഇവർക്ക് സർക്കാർ വീട് നിർമിച്ചുനൽകുമന്ന് മന്ത്രി ഒ.ആർ.കേളു നിയമസഭയിൽ വ്യക്തമാക്കിയത്.
മൂഴിയാറിൽ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള നാലേക്കർ സ്ഥലം ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് വീട് നിർമിക്കുന്നതിനായി എം.എൽ.എ.യുടെ നേതൃത്വത്തിൽ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വനം വകുപ്പിന്റെ അനുമതിയോടെ ആദിവാസികൾക്ക് സുരക്ഷിതമായ വീടുകൾ നിർമിച്ചു നൽകാനാണ് പദ്ധതി.
മൂഴിയാർ, ഗവി വനമേഖലയിലെ ആദിവാസികൾ വീടില്ലാത്തതിനാൽ വനമേഖലയിൽ മാറി മാറി താമസിക്കുന്നതായിരുന്നു ഇവരുടെ രീതി. കുട്ടികളുടെ പഠനത്തിനുൾപ്പടെ ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇവർക്ക് സ്ഥിരമായ വാസസ്ഥലമൊരുക്കാൻ പദ്ധതി തയ്യാറാക്കിയതെന്ന് എം.എൽ.എ.പറഞ്ഞു.
വനവിഭവങ്ങൾ ശേഖരിച്ചാണ് ഈ മേഖലയിലെ ആദിവാസികളിൽ ഭൂരിഭാഗവും ജീവിക്കുന്നത്, സ്ഥിരമായ വാസസ്ഥലമില്ലാത്തതിനാൽ വനവിഭവങ്ങൾ ശേഖരിക്കുന്നതിനും അവ വിൽപ്പന നടത്തുന്നതുമെല്ലാം ബുദ്ധിമുട്ടാണ്. മൂഴിയാറിൽ കെ.എസ്.ഇ.ബി. ഉടമസ്ഥയിലുള്ള ഭൂമി ആദിവാസികൾക്ക് വീട് നിർമിക്കാൻ ഏറെ അനുയോജ്യമായ സ്ഥലമാണ്.
നിലവിൽ ഇവിടെയുള്ള നിരവധി ആദിവാസി കുടുംബങ്ങൾ കെ.എസ്.ഇ.ബി. ക്വാർട്ടേഴ്‌സുകളോട് ചേർന്നുള്ള ഭൂമിയിലും പഴയ ക്വാർട്ടേഴ്സുകളിലുമാണ് താമസിക്കുന്നത്. ഇവിടെ ഇവർക്ക് സ്വന്തമായി ഭവനമൊരുങ്ങുന്നതോടെ ജിവിത നിലവാരത്തിൽ വലിയ മാറ്റമുണ്ടാക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വീടുനിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നേരത്തെ സന്ദർശിച്ചിട്ടുള്ളതിനാൽ നടപടികൾ വേഗത്തിലാക്കാമെന്ന പ്രതീക്ഷയിലാണ് എം.എൽ.എ.യും പഞ്ചായത്ത് ഭരണസമിതിയും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group