![വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് പ്രിയങ്ക](public/uploads/2025-02-11/save_20250211_101405.jpg)
മൂത്തേടം/കരുളായി/ വണ്ടൂർ : കത്തുന്ന വെയിലിലും മുത്തേടം ഉച്ചക്കുളം നഗറിൽ ആളുകൾ കാത്തുനിന്നു. വരണ്ടുണങ്ങിയ കൃഷിയിടങ്ങൾക്കിടയിലെ റോഡിലൂടെ ഒരുമണിയോടെ പ്രിയാഗാന്ധി എത്തി. കൂടിനിന്നവരെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്‌ത പ്രിയങ്ക ഉച്ചക്കുളം ആദിവാസി അങ്കണവാടിക്കരികിലുള്ള, ജനുവരി 15-ന് കാട്ടാന കുത്തിക്കൊന്ന സരോജിനിയുടെ വീട്ടിലേക്കു കയറി. സരോജിനിയുടെ ഭർത്താവ് കരിയൻ, അമ്മ ചാത്തി, മക്കളായ സരിത, സബിത, സനു തുടങ്ങിയവരെ ചേർത്തുനിർത്തി എം.പി. ആശ്വസിപ്പിച്ചു. മകന് ജോലി വേണമെന്ന കരിയന്റെ ആവശ്യത്തിന് സാധിക്കുന്നതു ചെയ്‌തുതരാമെന്ന് ഉറപ്പുനൽകി.
പുറത്തിറങ്ങിയ അവർ നാട്ടുകാരുടെ പരാതികൾ കേട്ട് 100 മീറ്റർ അകലെയുള്ള കിടങ്ങ് സന്ദർശിച്ചു. ആനയുടെ ആക്രമണത്തെക്കുറിച്ചും കിടങ്ങ് നിർമാണത്തിലെ പോരായ്‌മകളെക്കുറിച്ചുമായിരുന്നു പരാതികളേറെയും,
തുടർന്ന് കരുളായി നെടുങ്കയത്ത് കാട്ടാന കുത്തിക്കൊന്ന മണിയുടെ കുടംബത്തെ കാണാൻ ചെറുപുഴയിലെ വനംവകുപ്പിൻ്റെ ക്വാർട്ടേഴ്സിലെത്തി. മണിയുടെ ഭാര്യ മാതി, മക്കളായ മീനാക്ഷി, മനു, മാധുരി, മണിയുടെ സഹോദരൻ അയ്യപ്പൻ, അദ്ദേഹത്തിൻ്റെ ഭാര്യ സ്വാതി, മാതിയുടെ സഹോദരൻ ബിജേഷ് എന്നിവരെ പ്രിയങ്ക ആശ്വസിപ്പിച്ചു. വീടും സ്ഥലവും വേണമെന്ന അയ്യപ്പന്റെ ആവശ്യത്തിന് പരിഗണിക്കാമെന്ന് മറുപടി.
റോഡിനുകുറുകെ പാടിയ പന്നിയിടിച്ച് മരിച്ച പൊത്തങ്ങോടൻ നൗഷാദലിയുടെ വണ്ടൂർ ചെട്ടിയാറമ്മലിലെ വീടും പ്രിയങ്ക സന്ദർശിച്ചു.
നൗഷാദലിയുടെ പിതാവ് അബൂബക്കർ, മാതാവ് സുബൈദ, ഭാര്യ റെജീനമോൾ, മക്കളായ നിഷാന, ഫൈസാൻ എന്നിവരെ ആശ്വസിപ്പിച്ചു. എന്താവശ്യമുണ്ടെങ്കിലും തന്നെ നേരിട്ട് വിളിക്കാമെന്നുപറഞ്ഞ് മൊബൈൽഫോൺ നമ്പർ ഭാര്യക്ക് നൽകി. എ.പി. അനിൽകുമാർ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി. ജനറൽസെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല എന്നിവരും രാജു പി. നായർ, അജിഷ് എടാലത്ത്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group