![വരുന്നത് കടുത്ത വേനലിന്റെ നാളുകൾ; ലാനിനാ തുണയ്ക്കില്ല, നഗരവിസ്തൃതി ഏറുന്നതും കാരണം](public/uploads/2025-02-10/save_20250210_092802.jpg)
കൊല്ലം: വേനലിന്‍റെ വരവറിയിച്ച് കേരളത്തിൽ ഫെബ്രുവരിയിൽത്തന്നെ കടുത്ത ചൂട് തുടങ്ങി. ഇത്തവണ അന്തരീക്ഷ താപനില കുറയ്ക്കുന്ന ലാനിനാ പ്രതിഭാസമുണ്ടാകുമെങ്കിലും അത് പ്രയോജനപ്പെടില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഫെബ്രുവരിയിൽ ആദ്യ ആഴ്ചതന്നെ ശരാശരി താപനിലയേക്കാൾ രണ്ടുമുതൽ മൂന്ന് ഡിഗ്രിവരെ കൂടിയത് വേനൽ നേരത്തേ ആരംഭിക്കുമെന്നതിന്റെ സൂചനയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. പാലക്കാട്ട് ചൂട് ഇപ്പോൾത്തന്നെ 41 ഡിഗ്രി കടന്നു.
സാങ്കേതികമായി ഉഷ്ണതരംഗം എന്ന് വിളിക്കാനാകില്ലെങ്കിലും സംസ്ഥാനത്ത് ഈ നിലയിൽ ചൂടുകൂടുന്നത് മാർച്ച് ആദ്യംതന്നെ വേനൽ വരുന്നതിനു മുന്നോടിയാണ്.
ആകാശം മേഘാവൃതമായില്ലെങ്കിൽ വരുംദിവസങ്ങളിൽ ഇനിയും ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത ഗോപാൽ പറഞ്ഞു. ചൂട് 48 മണിക്കൂർ അഞ്ച് ഡിഗ്രി ഉയർന്നു നിൽക്കുന്നതിനെയാണ് ഉഷ്ണതരംഗം എന്നുവിളിക്കുന്നത്.
ആഗോളതാപനവും എൽനിനോ പ്രതിഭാസവും കാരണം കഴിഞ്ഞവർഷം ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ വർഷമായിരുന്നെന്ന് ലോക കാലാവസ്ഥാ സംഘടന അറിയിച്ചിരുന്നു. ഈ വർഷം താപനില കുറയ്ക്കുന്ന ലാനിനാ പ്രതിഭാസമായിരിക്കുമെങ്കിലും ഇതിന്റെ പ്രഭാവം കുറവായിരിക്കുമെന്നാണ് അവർ പ്രവചിക്കുന്നത്. ഫലത്തിൽ കഴിഞ്ഞവർഷത്തെ എൽനിനോയെ നിർവീര്യമാക്കി ഈവർഷം അന്തരീക്ഷ താപനില കുറയ്ക്കാൻ ലാനിനായ്ക്ക് കഴിയില്ല.
ശാന്തസമുദ്രത്തിൽ ഭൂമധ്യരേഖാ പ്രദേശത്തെ ചൂടനുസരിച്ചാണ് രണ്ട് കാലാവസ്ഥാ പ്രതിഭാസങ്ങളെയും നിശ്ചയിക്കുന്നത്.
ജനുവരി 15-നാണ് സൂര്യന്‍റെ ഉത്തരായനം ആരംഭിച്ചത്. സ്വാഭാവികമായും ഭൂമധ്യരേഖയ്ക്ക് സമീപത്തുള്ള കേരളത്തിൽ ഇതിന്‍റെ സ്വാധീനഫലമായാണ് ചൂട് കൂടുന്നതെന്നും ഡയറക്ടർ വ്യക്തമാക്കി. വരുംദിവസങ്ങളിൽ ഇന്ത്യയുടെ വടക്കൻമേഖലകളിലേക്ക് ഇത് വ്യാപിക്കുകയും കേരളത്തിൽ ചൂട് വീണ്ടും വർധിക്കുകയും ചെയ്യും.
ഫെബ്രുവരിയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് ചൂട് കൂടാൻ സാധ്യത. തെക്കൻ കേരളത്തിൽ ജനുവരിയിൽ നേരിയ മഴ ലഭിച്ചിരുന്നു. മാർച്ചിൽ വേനൽ എത്തിയാൽ ചൂട് കഴിഞ്ഞ വർഷത്തേക്കാൾ വർധിക്കാനാണ് സാധ്യതയെന്നും അവർ പറഞ്ഞു.
ഡിസംബർമുതൽ ഫെബ്രുവരിവരെ മുൻ വർഷങ്ങളേക്കാൾ തണുപ്പ് കുറവായിരുന്നു. കേരളത്തിൽ താപവർധനയ്ക്ക് മറ്റൊരു കാരണം നഗരവിസ്തൃതി ഏറുന്നതാണ്. നിർമാണ പ്രവർത്തനങ്ങൾ ഏറുംതോറും ഭൂമി കൂടുതൽ വരണ്ടതായി മാറും. വരണ്ട മണ്ണ് ഉഷ്ണത്തിന്റെ തീവ്രത കൂട്ടും.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group