![എൻ.ആർ.കെ. മീറ്റ്: പദ്ധതികൾ വിശദീകരിച്ച് അധികൃതർ; ആവശ്യങ്ങൾ നിരത്തി പ്രവാസികൾ](public/uploads/2025-02-10/save_20250210_053459.jpg)
ചെന്നൈ: കേരളസർക്കാർ പ്രവാസികൾക്കുവേണ്ടി നടപ്പാക്കുന്ന
പദ്ധതികളെയും പരിപാടികളെയും വിവരിച്ചും സംശയങ്ങൾ ദൂരീകരിച്ചും എൻ.ആർ.കെ. മീറ്റ്. പ്രവാസിമലയാളികളുടെ വിവിധ ആവശ്യങ്ങളും നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ നടത്തിയ മീറ്റിൽ ചർച്ചചെയ്‌തു. യാത്രാപ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് വിവിധ സംഘടനാപ്രതിനിധികൾ ഉന്നയിച്ചത്. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ചർച്ചയ്ക്ക് നേതൃത്വം നൽകിയ നോർക്ക അധികൃതർ അറിയിച്ചു.
നോർക്ക റെസിഡന്റ്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ മീറ്റ് ഉദ്ഘാടനംചെയ്തു. മലയാളികൾ എവിടെയെല്ലാം പോയാലും അവിടെയെല്ലാം ഒപ്പം കേരളമുണ്ടെന്ന് ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. മലയാളികളെ തമ്മിൽ ഇണക്കുന്നതിനുവേണ്ടി കൂടിയാണ് നോർക്ക പ്രവർത്തിക്കുന്നത്. കേരളത്തിന് പുറത്തുപോയി ജീവിക്കുന്ന എല്ലാവരെയും പ്രവാസികളായി പരിഗണിച്ചാണ് പദ്ധതികൾ തയ്യാറാക്കുന്നതെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. അതിരുകളില്ലാത്ത ആവശ്യങ്ങളാണ് നോർക്കയുടെ മുന്നിലുള്ളത്. കഴിയുന്നത്ര ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോർക്ക നടപ്പാക്കുന്ന പദ്ധതികൾ സി.ഇ.ഒ. അജിത്ത് കോളശേരി വിശദീകരിച്ചു. നിലവിലുള്ള പ്രവാസികൾക്കും പ്രവാസജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചുവന്നവർക്കും വേണ്ടിയുള്ള പദ്ധതികളാണ് നോർക്ക നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നോർക്കയുടെ ബജറ്റിൻ്റെ 60 ശതമാനവും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് വേണ്ടിയാണ്. എൻ.ഡി. പ്രേം തുടങ്ങിയ പദ്ധതികൾ ഇതിനുദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡ്, മാരകരോഗ ഇൻഷുറൻസ്, പ്രവാസികൾക്കുവേണ്ടിയുള്ള സംരംഭക സഹായപദ്ധതികളെക്കുറിച്ചും വിശദീകരിച്ചു.
ചെന്നൈയിൽ കേരളഭവൻ ആരംഭിക്കണം. പ്രവാസിവിദ്യാർഥികൾക്ക് കേരളത്തിൽ ഉന്നതവിദ്യാഭ്യാസത്തിന് സംവരണം, പ്രവാസിപദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനും സംശയം ദൂരീകരിക്കാനും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സംഘടനാപ്രതിനിധികൾ ഉന്നയിച്ചു. കേരളസർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന പദ്ധതികളിൽ കൂടുതലും വിദേശമലയാളികൾക്കുവേണ്ടിയാണ്. ഇതിനൊപ്പം തമിഴ്‌നാട് അടക്കം ഇതരസംസ്ഥാനങ്ങളിൽ താമസിക്കുന്നവരെ ലക്ഷ്യമാക്കിയുള്ള പദ്ധതികൾകൂടി നടപ്പാക്കണമെന്ന ആവശ്യവുമുയർന്നു.
ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, കേരളമാതൃകയിൽ ഇതരസംസ്ഥാനങ്ങളിലും കുടുംബശ്രീ ആരംഭിക്കണമെന്ന ആവശ്യവും പലരും ഉന്നയിച്ചു.
നിർധനരായ പ്രവാസിമലയാളികൾ മരിക്കുമ്പോൾ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സഹായം നൽകുന്ന പദ്ധതിയിലെ മാനദണ്ഡങ്ങളും നിബന്ധനകളും ലളിതമാക്കണം. നോർക്ക അടക്കമുള്ള ഓഫീസുകൾ വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടുമ്പോൾ നിഷേധാത്മകമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന പരാതിയും പലരും ഉന്നയിച്ചു. ചെന്നൈ കൂടാതെ കോയമ്പത്തൂർ, ഈറോഡ്, മധുര തുടങ്ങിയിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും മീറ്റിൽ പങ്കെടുത്തു. ഉദ്ഘാടനസമ്മേളനത്തിൽ സി.ടി.എം.എ. ജനറൽ സെക്രട്ടറി എം.പി. അൻവർ, മലയാളം മിഷൻ തമിഴ്‌നാട് ചാപ്റ്റർ പ്രസിഡൻ്റ് എ.വി. അനൂപ്, മദിരാശി കേരളസമാജം പ്രസിഡൻ്റ് ശിവദാസൻപിള്ള, നോർക്ക ഓഫീസർ അനു പി. ചാക്കോ എന്നിവർ പ്രസംഗിച്ചു.
ഉത്സവുമായി കൈകോർക്കാൻ നോർക്ക
ചെന്നൈ: തമിഴ്‌നാട്ടിലെ മലയാളികളുടെ യുവജനോത്സവമായ സി.ടി.എം.എ.
ഉത്സവുമായി കൈകോർക്കാൻ തയ്യാറാണെന്ന് നോർക്ക, ഉത്സവിൽ വിജയികളാകുന്നവർക്ക് കേരള സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നൽകണമെന്ന ആവശ്യം എൻ.ആർ.കെ. മീറ്റിൽ ചർച്ചചെയ്തപ്പോഴാണ് നോർക്ക സി.ഇ.ഒ. അജിത്ത് കോളശ്ശേരി ഇക്കാര്യം വ്യക്തമാക്കിയത്. നോർക്കയുടെ മുദ്ര ഇതിനായി ഉപയോഗിക്കാൻ അനുവദിക്കുന്ന കാര്യം പരിഗണിക്കും. സി.ടി.എം.എ.യുമായിച്ചേർന്ന് ഇത്തരത്തിലുള്ള പരിപാടികൾ നടത്തുന്നതിന് നോർക്ക എപ്പോഴും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. നോർക്ക ഇൻഷുറൻസ് കാർഡിനായി അംഗത്വപ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group