![പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലം 18-ന് തുറക്കും.](public/uploads/2025-02-10/save_20250210_053452.jpg)
മുളന്തുരുത്തി : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും വിവാദങ്ങൾക്കുമൊടുവിൽ മുളന്തുരുത്തി-ചോറ്റാനിക്കര റോഡിലെ ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലം 18-ന് വൈകീട്ട് 3-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
റെയിൽവേ ലൈനിനു മുകളിലുള്ള മേൽപ്പാലം നിർമാണം 2016 നവംബറിൽ ആരംഭിച്ച് 2018 ജൂണിൽ പൂർത്തിയാക്കിയതാണ്. അതിനുശേഷവും അപ്രോച്ച് റോഡ് നിർമാണം നടക്കാതെ ഏഴു വർഷം കൂടി ജനം പാലം തുറക്കാൻ കാത്തിരുന്നു. അപ്രോച്ച് റോഡ് പാടം വഴിയാണെന്നതിനാൽ നെൽവയൽ-നീർത്തട നിയമമുൾപ്പെടെ പരിഗണിക്കേണ്ടി വന്നതോടെ പൊതുമരാമത്ത് റോഡിൽനിന്ന് പാടത്ത് തൂണുകൾ നിർമിച്ച് അതിൽ സ്‌പാനുകൾ സ്ഥാപിച്ചാണ് പാലത്തിലേക്ക് അപ്രോച്ച് റോഡ് നിർമിച്ചത്.
അപ്രോച്ച് റോഡിന് ഭൂമി വിട്ടുകിട്ടാൻ കോടതി നടപടികൾ വേണ്ടിവന്നതും അത്തരം പ്രതിബന്ധങ്ങൾ നീങ്ങിയപ്പോൾ എസ്റ്റിമേറ്റ് തുക റിവൈസ് ചെയ്യേണ്ടിവന്നതുമൊക്കെ നിർമാണം വൈകാൻ കാരണമായി. ഒടുവിൽ എസ്റ്റിമേറ്റ് തുക 20.59 കോടിയായി മന്ത്രിസഭ ഉയർത്തിയശേഷമാണ് പ്രതിബന്ധങ്ങൾ തരണം ചെയ്‌ത് അപ്രോച്ച് റോഡ് നിർമാണം ആരംഭിച്ചത്. തുടർന്ന് രണ്ടുവർഷം കൊണ്ട് റോഡ് നിർമാണം പൂർത്തിയാക്കി.
പാലം തുറക്കുന്നതോടെ കോട്ടയം ജില്ലയിൽനിന്നും എറണാകുളം ജില്ലയിലെ കിഴക്കൻ മേഖകളിൽനിന്നും ജില്ലയുടെ ഭരണസിരാകേന്ദ്രത്തിലേക്കും ഇൻഫോപാർക്ക്, സ്‌മാർട്‌സിറ്റി പ്രദേശങ്ങളിലേക്കുമുള്ള പ്രധാനപാത ഇതാവും. സീപോർട്ട്- എയർപോർട്ട് റോഡിലെത്താൻ യാത്രക്കാർ മുളന്തുരുത്തി-ചോറ്റാനിക്കര റോഡിനെ ആശ്രയിക്കുമ്പോൾ പ്രധാന വെല്ലുവിളിയായിരുന്നു ചെങ്ങോലപ്പാടം റെയിൽവേ ഗേറ്റ്.
ഗേറ്റ് അടച്ചാൽ 10 മുതൽ 20 മിനിറ്റ് വരെ ട്രെയിൻ കടന്നുപോകാൻ റോഡിൽ കാത്തുകിടക്കേണ്ടി വരാറുണ്ട്. ഈ തടസ്സങ്ങളെല്ലാം നീങ്ങുകയും മുളന്തുരുത്തിയുടെ വികസന സാധ്യത കൂടുകയും ചെയ്യുമെന്നത് വലിയ നേട്ടമാണെന്ന് അനൂപ് ജേക്കബ് എം. എൽ.എ. ചൂണ്ടിക്കാട്ടി.
365 മീറ്ററാണ് പാലത്തിൻ്റെ നീളം. 8.1 മുതൽ 7.5 മീറ്റർ വരെയാണു വീതി. ഒരു വശത്ത് നടപ്പാതയും റെയിൽപാളത്തിൻ്റെ ഇരുവശങ്ങളിലും പാലത്തിലേക്കു കയറാൻ സ്റ്റെയറും നിർമിച്ചിട്ടുണ്ട്. സർവീസ് റോഡുകളും സജ്ജമാണ്. ആകെ 19 സ്പാനുകളാണ് ഇരുവശത്തുമായി അപ്രോച്ച് റോഡിലുള്ളത്.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group