ന്യൂഡല്‍ഹി: ലൈംഗിക പീഡനം സംബന്ധിച്ച് ഹേമ കമ്മിറ്റിക്ക് ലഭിച്ച എല്ലാ മൊഴികളിലും കേസ് എടുക്കാമോ എന്നതില്‍ സുപ്രീംകോടതി തിങ്കളാഴ്ച ( ജനുവരി 27-ാം തീയതി) ഉത്തരവ് പുറപ്പെടുവിക്കും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. പരാതി ഇല്ലാത്തവരുടെ മൊഴികളില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് എടുക്കാന്‍ കഴിയുമോ എന്നതില്‍ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം അഞ്ച് വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ എന്ത് കൊണ്ട് നടപടി എടുത്തില്ലെന്നും സുപ്രീംകോടതി ആരാഞ്ഞു.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍, മാല പാര്‍വതി, ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇവരുടെ ഹര്‍ജികളിലാണ് തിങ്കളാഴ്ച സുപ്രീംകോടതി ഉത്തരവ് ഇറക്കുന്നത്.
'പരാതി ഇല്ലാത്തവരുടെ, മൊഴികളില്‍ കേസ് എടുക്കുന്നത് വിചിത്രം'
ലൈംഗികപീഡനം സംബന്ധിച്ച് പരാതി നല്‍കാത്തവരുടെ മൊഴികളില്‍ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വിചിത്രമാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. പരാതി ഇല്ലാത്തവരെ അങ്ങനെ പീഡിപ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും തങ്ങള്‍ പീഡന പരാതി നല്‍കിയിട്ടില്ലെന്നും എന്നാല്‍ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്ത് ബുദ്ധിമുട്ടിക്കുകയാണെന്നും മാല പാര്‍വതി ഉള്‍പ്പെടെയുള്ളവവരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.
പരാതി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കരുത് എന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ പ്രാഥമിക അന്വേഷണത്തിന് ശേഷമാകാം കേസ് രജിസ്റ്റര്‍ ചെയ്തത് എന്ന അഭിപ്രായവും സുപ്രീംകോടതി പ്രകടിപ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇനി എന്ത് ചെയ്യാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു. ഒരു കുറ്റകൃത്യം നടന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യമായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ കഴിയുമോയെന്നും സുപ്രീംകോടതി വാക്കാല്‍ ആരാഞ്ഞു.
'ഹേമ കമ്മിറ്റിയില്‍ അഞ്ച് വര്‍ഷം എന്തുകൊണ്ട് നടപടി എടുത്തില്ല?'; റിപ്പോര്‍ട്ടിന്റെ സ്വഭാവം കണക്കിലെടുത്ത് എന്ന് സര്‍ക്കാര്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച് അഞ്ച് വര്‍ഷം എന്ത് കൊണ്ട് നടപടിയെടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ എന്തെങ്കിലും ചെയ്തുവെന്ന് കാണിക്കാനാണോ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുന്നതെന്നും കോടതി ആരാഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ സ്വഭാവം കണക്കിലെടുത്താണ് നടപടി എടുക്കാത്തതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞു. ശക്തരായ വ്യക്തികളാണ് സിനിമ മേഖല നിയന്ത്രിക്കുന്നത്. ഒട്ടേറെ പണ ഇടപാടുകള്‍ നടക്കുന്ന മേഖലയാണിതെന്നും രഞ്ജിത്ത് കുമാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ മറുപടിയോടെ സംസ്ഥാന സര്‍ക്കാരിനെ സംശയത്തില്‍ ആക്കുകയാണോ എന്ന് രഞ്ജിത്ത് കുമാറിനോട് സുപ്രീംകോടതി ചോദിച്ചു. ക്രിമിനല്‍ കേസ് എടുത്തില്ലെങ്കിലും, ഹേമ കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കുന്നത് സംബന്ധിച്ച നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് വനിതാ കമ്മിഷന്‍ അഭിഭാഷക കോടതിയെ അറിയിച്ചു.
കേസില്‍ താത്പര്യം ഇല്ലെന്ന് മാലാ പാര്‍വതി ഹൈക്കോടതിയെ അറിയിച്ചിട്ടില്ല: വനിതാ കമ്മിഷന്‍
പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്ന് അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മാല പാര്‍വതിയും മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹൈക്കോടതിയെ സമീപിച്ചിട്ടില്ലെന്ന് സംസ്ഥാന വനിത കമ്മിഷന്‍. പ്രത്യേക അന്വേഷണ സംഘത്തിന് നോഡല്‍ ഓഫീസര്‍ ഉണ്ടെന്നും, അവരോടും പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യം ഇല്ലെന്ന കാര്യം അറിയിച്ചിട്ടില്ലെന്നുമാണ് അറിവെന്നും വനിത കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചു.
സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ ആര്‍. ബസന്ത്, സിദ്ധാര്‍ത്ഥ് ദാവെ, അഭിഭാഷകരായ എ. കാര്‍ത്തിക്, ആബിദ് അലി ബീരാന്‍, സൈബി ജോസ് കിടങ്ങൂര്‍ എന്നിവര്‍ ഹാജരായി. സംസ്ഥാന വനിത കമ്മിഷന് വേണ്ടി എ. പാര്‍വതി മേനോന്‍, ഡബ്ല്യൂ.സി.സിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണ്‍ എന്നിവര്‍ ഹാജരായി. മറ്റ് കക്ഷികള്‍ക്ക് വേണ്ടി സന്ധ്യ രാജു, പാരസ്നാഥ് സിങ്, രഞ്ജിത്ത് മാരാര്‍ എന്നിവര്‍ ഹാജരായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group