പുല്പള്ളി : വനപാലകർക്ക് മാനുഷിക മുഖമുണ്ടാവണമെന്നും അവർ ജനങ്ങളുടെ മിത്രങ്ങളാവണമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ. നാട്ടുകാരുടെ പൂർണ സഹകരണത്തോടെ, അമരക്കുനി മേഖലയിലിറങ്ങിയ കടുവയെ പിടികൂടിയ വനംവകുപ്പിന്റെ ദൗത്യം കേരളത്തിന് മുഴുവൻ മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു. കടുവയെ പിടികൂടുന്നതിനുള്ള ദൗത്യത്തിൽ പങ്കെടുത്ത ജീവനക്കാരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വന്യമൃഗശല്യം സംസ്ഥാന സർക്കാരിനെക്കൊണ്ടുമാത്രം പരിഹരിക്കാവുന്ന വിഷയമല്ല. കേന്ദ്ര വനം-പരിസ്ഥിതി നിയമങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ഈ വിഷയത്തിൽ പ്രവർത്തിക്കാനാവൂ. ഇതിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിയമസഭ പ്രമേയം പാസാക്കി, കേന്ദ്രത്തിന് സമർപ്പിച്ചതാണ്. ഗ്രാമപ്പഞ്ചായത്തുകൾ ഉണർന്നുപ്രവർത്തിച്ചാൽ കേരളത്തിലെ കാട്ടുപന്നി ശല്യം ഒരുപരിധിവരെ പരിഹരിക്കാനാവും. വനപാലകർക്കായി പുതിയ ആയുധങ്ങളും നിരീക്ഷണത്തിനായി കൂടുതൽ ക്യാമറകളും വാങ്ങി നൽകുമെന്നും ആർ.ആർ.ടി.കളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കടുവയെ പിടികൂടുന്നതിനുള്ള ദൗത്യത്തിനോട് സഹകരിച്ച പൊതുപ്രവർത്തകർ, നാട്ടുകാർ എന്നിവരേയും ചടങ്ങിൽ ഉപഹാരംനൽകി ആദരിച്ചു.
വിലങ്ങാടി മച്ചിമൂല-പന്നിക്കൽ തൂക്കുവേലിയുടെ ഉദ്ഘാടനം, ചേകാടി വനംസംരക്ഷണ സമിതിക്കുള്ള ഇലക്ട്രിക്ക് സ്കൂട്ടർ വിതരണം, വനംവകുപ്പ് ജീവനക്കാർക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണം, താത്കാലിക ജീവനക്കാർക്കുള്ള ഐ.ഡി. കാർഡ് വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു. പുല്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ അധ്യക്ഷതവഹിച്ചു. നോർത്തേൺ സർക്കിൾ സി.സി.എഫ്. കെ.എസ്. ദീപ, വയനാട് വന്യജീവിസങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, നോർത്ത് വയനാട് ഡി.എഫ്.ഒ. കെ.ജെ. മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമൻ, സോഷ്യൽ ഫോറസ്ട്രി എ.സി.എഫ്. ഹരിലാൽ, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, സി.എം. ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group